'എ കെ ശശീന്ദ്രന് ചര്‍ക്ക അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍'; 1980ല്‍ പെരിങ്ങളത്തെ കന്നിയങ്കത്തിലെ ചുവരെഴുത്ത് മമ്മൂട്ടിയുടെ 'മേള'യില്‍; ഗോളാന്തര വാര്‍ത്തകളില്‍ 'താരമായി' എസ്.ശിവരാമന്‍; തൂവാനത്തുമ്പികളിലും ഇരുപതാം നൂറ്റാണ്ടിലും 'മിന്നിമാഞ്ഞ്' തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍
തിരുവനന്തപുരം: കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുകയാണ്. ബൂത്തുകളിലേക്ക് ജനമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ചുവരെഴുത്തുകളും പോസ്റ്ററുകളും ഡിജിറ്റല്‍ യുഗത്തിന് വഴിമാറിയെങ്കിലും, പഴയകാല തെരഞ്ഞെടുപ്പ് ആവേശത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ ഇന്നും മലയാള സിനിമയുടെ ഫ്രെയിമുകളില്‍ ഭദ്രമാണ്. വെറുമൊരു പശ്ചാത്തലമെന്നതിലുപരി, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രരേഖകള്‍ കൂടിയായി മാറുകയാണ് ഈ സിനിമാക്കാഴ്ചകള്‍. പല സൂപ്പര്‍ഹിറ്റ് സിനിമകളും ചിത്രീകരിക്കപ്പെട്ട കാലത്തെ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടങ്ങളെ അറിഞ്ഞോ അറിയാതെയോ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് എണ്‍പതാം വയസില്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്ന എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ തന്റെ കന്നി അങ്കത്തിന് ഇറങ്ങിയപ്പോഴുള്ള ചുവരെഴുത്താണ്.
1980-ല്‍ പെരിങ്ങളം നിയമസഭ മണ്ഡലത്തില്‍ നിന്ന് തന്റെ കന്നിയങ്കത്തില്‍ വിജയിച്ചായിരുന്നു എ കെ ശശീന്ദ്രന്റെ ആദ്യമായി സഭയിലെത്തിയത്. അക്കാലത്ത് പുറത്തിറങ്ങിയ 'മേള' എന്ന സിനിമയിലെ ഒരു ചുവരെഴുത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നത്. 'എ കെ ശശീന്ദ്രന് ചര്‍ക്ക അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍' എന്ന ചുവരെഴുത്താണ് ഈ സിനിമയിലുള്ളത്. അനശ്വരനായ കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1980-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് മേള. മമ്മൂട്ടി, രഘു, അഞ്ജലി നായിഡു, ശ്രീനിവാസന്‍ എന്നിവരായിരുന്നു മേളയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് മേള.
2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ പെരിങ്ങളം മണ്ഡലത്തിലെ വള്ള്യായി ഭാഗങ്ങളില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് അക്കാലത്ത് നടന്നിരുന്നു. 1980-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ ചര്‍ക്ക ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രന്‍ ആദ്യമായി മത്സരിച്ചത്. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായിരുന്നു അദേഹം. 'എ കെ ശശീന്ദ്രന് ചര്‍ച്ച അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍, നമ്മുടെ ചിഹ്നം ചര്‍ക്ക, എ കെ ശശീന്ദ്രനെ വിജയിപ്പിക്കുക' എന്നിങ്ങനെയുള്ള അക്കാലത്തെ ചുവരെഴുത്തുകള്‍ മേള സിനിമയില്‍ പല ഷോട്ടുകളിലും കാണിക്കുന്നുണ്ട്. ഇതിന്റെ റീലുകളും സ്‌ക്രീന്‍ഷോട്ടുകളും ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിരിക്കുന്നു.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗവും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ ജനവിധി തേടുന്നത്. എലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം 2011-ലും 2016-ലും എ കെ ശശീന്ദ്രന്‍ തന്നെയായിരുന്നു അവിടെ എംഎല്‍എ. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എ കെ ശശീന്ദ്രന്‍ ഒരു വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. അതിന് മുമ്പ് 2006-ല്‍ ബാലുശേരിയില്‍ നിന്നും, 1982-ല്‍ എടക്കാട് നിന്നും ശശീന്ദ്രന്‍ വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രന് നിയമസഭയിലേക്കുള്ള കന്നി വരവായിരുന്നു 1980-ല്‍ പെരിങ്ങളം മണ്ഡലം സമ്മാനിച്ചത്.
തുടര്‍ച്ചയായ മൂന്നാംവട്ടവും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ കെ ശശീന്ദ്രന്‍ ഏലത്തൂരില്‍ ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിദ്യ ബാലകൃഷ്ണനാണ് ഇത്തവണ പ്രധാന എതിരാളി. ടി ദേവദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38,502 വോട്ടുകളുടെ ഭൂരിപക്ഷം ഏലത്തൂരില്‍ എ കെ ശശീന്ദ്രനുണ്ടായിരുന്നു. 2016-ല്‍ 29,057 വോട്ടുകള്‍, 2011-ല്‍ 14,654 വോട്ടുകള്‍ എന്നിങ്ങനെയായിരുന്നു അദേഹത്തിന്റെ ഭൂരിപക്ഷം. 80-ാം വയസിലും എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ട് ഇത്തവണ. അപ്പോഴാണ് 46 വര്‍ഷം മുമ്പത്തെ, അതായത് 1980-ലെ എ കെ ശശീന്ദ്രനായുള്ള ചുവരെഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'മേള' സിനിമ പുറത്തിറങ്ങി 46 വര്‍ഷമായിട്ടും മാറ്റമില്ലാത്തത് എ കെ ശശീന്ദ്രന് മാത്രമാണെന്ന് പരിഹസിക്കുന്നു ചിലര്‍.
സിനിമയല്ല, ഇത് കേരളത്തിന്റെ ചരിത്രരേഖ!
മലയാള സിനിമയുടെ പല ഷോട്ടുകളിലും അറിഞ്ഞോ അറിയാതെയോ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പതിഞ്ഞിട്ടുണ്ട്. 1990ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്റെ പശ്ചാത്തലത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.എന്‍.വി. കുറുപ്പും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ചാള്‍സും തമ്മിലായിരുന്നു മത്സരം. ഇരുപതില്‍ 17 സീറ്റിലും വിജയിച്ച യുഡിഎഫ് ഒ.എന്‍.വി കുറുപ്പിനെ അന്‍പതിനായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തി.
1993ല്‍ ഇടത് സ്ഥാനാര്‍ഥി എസ്.ശിവരാമനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍.കെ.ബാലകൃഷ്ണനും ഏറ്റുമുട്ടിയ മത്സരത്തിന്റെ ബാനറാണ് സത്യന്‍ അന്തിക്കാട് ചിത്രം ഗോളാന്തര വാര്‍ത്തകളില്‍. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തൂവാനത്തുമ്പികളിലും ഇരുപതാം നൂറ്റാണ്ടിലും തെളിയുന്നത്. മുത്താരംകുന്ന് പി.ഒയിലും പഞ്ചവടിപ്പാലത്തിലും നിമിഷങ്ങള്‍ മാത്രം തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ 1984ലേതാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ മായാത്ത നേര്‍ച്ചിത്രമാവുകയാണ്, മലയാളി ചിത്രവും. സിനിമയും രാഷ്ട്രീയവും ഇത്രത്തോളം ഇഴചേര്‍ന്ന മറ്റൊരു നാട് ഉണ്ടാകില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ഒരു സിനിമാ ഫ്രെയിം ഇന്നത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറയുമ്പോള്‍, അത് മലയാളിയുടെ രാഷ്ട്രീയ ബോധത്തിന്റെയും സിനിമയോടുള്ള ഇഷ്ടത്തിന്റെയും അടയാളമായി മാറുന്നു.
