രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ; ആരോപണ വിധേയനാണോ എന്നതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്‌നമേയല്ല; സമരത്തെ പിന്തുണച്ച ആയിരത്തിലധികം പേരെ ക്ഷണിച്ചതില്‍ രാഹുലും ഉണ്ടെന്ന് ആശ സമര നേതൃത്വം; 'ഇതെന്റെ അമ്മമാരുടെ സമരമാണെന്ന്' രാഹുലും
രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ
തിരുവനന്തപുരം: തങ്ങളുടെ സമരവേദിയില്‍, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ക്ഷണിച്ചിട്ടാണെന്ന് ആശ വര്‍ക്കര്‍മാരുടെ സമര നേതൃത്വം വ്യക്തമാക്കി. സമരത്തെ പിന്തുണച്ച എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അതില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഉള്‍പ്പെടുന്നുവെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
'എല്ലാവരെയും ഞാന്‍ തന്നെയാണ് വിളിച്ചത്. അന്ന് ആരോപണ വിധേയനായിരുന്നില്ലേ, ഇന്ന് ആരോപണ വിധേയനണോ എന്നതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നമേയല്ല. ഞങ്ങള്‍ക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരിക്കുന്ന മുഴുവന്‍ പേരെയും ഞങ്ങള്‍ അമ്മമാര്‍ എല്ലാ മക്കളേയും നേതാക്കളെയും സഹോദരങ്ങളേയും അഭിവാദ്യമര്‍പ്പിച്ച് സ്വീകരിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം പേരെ ക്ഷണിച്ചിട്ടുണ്ട്. അതില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ട്. അദ്ദേഹം ഇവിടെ വന്നു, ഞങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു,' സമര നേതൃത്വം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കേണ്ട ബാധ്യത തനിക്കില്ല. താന്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച മുഴുവന്‍ പേരെയും വിളിച്ചിട്ടുണ്ട്. അതല്ലാത്ത ഒരു വിഷയത്തിലും സംസാരിക്കാന്‍ തയ്യാറല്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ സമരത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും അതില്‍ മറുപടി പറയേണ്ട സാഹചര്യമില്ലെന്നും സമര നേതൃത്വം ശക്തമായി അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും, മറ്റ് വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമരപ്രതിജ്ഞാ റാലിയിലാണ് രാഹുല്‍ പങ്കെടുത്തത്. എന്നാല്‍ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തുന്നതിന് തൊട്ടുമുമ്പ് മാങ്കൂട്ടത്തില്‍ വേദിവിട്ടു.
വി.ഡി. സതീശനെത്തും മുന്‍പ് മടങ്ങിയെങ്കിലും അല്‍പസമയത്തിന് ശേഷം രാഹുല്‍ വീണ്ടും വേദിയിലെത്തി. പോയിട്ടും തിരിച്ചുവന്നത് എന്താണെന്ന് എല്ലാവരും കരുതും. സമരത്തില്‍ നിന്ന് ഇറക്കിവിട്ടത് ആണെന്ന് പറയുന്നു. എന്നാല്‍ തന്നെ ആരും ഇറക്കി വിട്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. 'ഇതെന്റെ അമ്മമാരുടെ സമരമാണ്. അമ്മമാര്‍ ഇറക്കി വിടില്ല. ഈ സമരത്തില്‍ നിന്ന് ഞാന്‍ എങ്ങനെ ഇറങ്ങി പോകും,' രാഹുല്‍ ചോദിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് ആശ വേദിയില്‍ എത്താത്തത് രാഹുല്‍ ഉള്ളതുകൊണ്ടാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.
