ഇന്നത്തെ ജാമ്യാപേക്ഷ പേരിന് വേണ്ടി മാത്രം നല്‍കുന്നത്; എത്തുന്നത് ജൂനിയര്‍ അഭിഭാഷകന്‍; ജാമ്യഹര്‍ജി നീട്ടി ദീര്‍ഘകാലം ജയിലില്‍ ഇടാനുള്ള നീക്കം പൊളിക്കാന്‍ അപേക്ഷ തള്ളാന്‍ ആവശ്യപ്പെടും; സെഷന്‍സ് കോടതിയിലേക്ക് ശാസ്തമംഗലം അജിത് കുമാര്‍ എത്തുന്നത് ഇതെങ്ങനെ ബലാത്സംഗമാകും എന്ന ചോദ്യവുമായി
ഇന്നത്തെ ജാമ്യാപേക്ഷ പേരിന് വേണ്ടി മാത്രം നല്‍കുന്നത്; എത്തുന്നത് ജൂനിയര്‍ അഭിഭാഷകന്‍
മാവേലിക്കര: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അതേസമയം ഇന്ന് ജാമ്യാപേക്ഷയില്‍ സീനിയര്‍ അഭിഭാഷകന് ശാസ്തമംഗലം അജിത്കുമാര്‍ ഹാജറാകില്ല. രാഹുലിനായി എത്തുക ജൂനിയര്‍ അഭിഭാഷകനാകും. ജാമ്യഹര്‍ജി നീട്ടി ദീര്‍ഘകാലം ജയിലില്‍ ഇടാനുള്ള നീക്കം പൊളിക്കാന്‍ അപേക്ഷ തള്ളാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ശാസ്തമംഗലം അജിത് കുമാര്‍ സെഷന്‍സ് കോടതിയിലേക്ക് എത്തുന്നത് ഇതെങ്ങനെ ബലാത്സംഗമാകും എന്ന ചോദ്യവുമായാണ്.
പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. ഹോട്ടലില്‍ മുറിയെടുത്ത യുവതി തന്നെയാണെന്നും, ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും രാഹുല്‍ വാദിക്കുന്നു. പൊലീസ് കസ്റ്റഡി അപേക്ഷയും ഇന്ന് നല്‍കുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയേക്കുമെന്ന നിഗമനത്തില്‍ ഹര്‍ജി തള്ളാന്‍ ആവശ്യപ്പെടാനാണ് സാധ്യത.
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയില്‍ കോടതി അനുവദിക്കും. അങ്ങിനെയെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഈ ആഴ്ച അവസാനമായേക്കും. അതുവരെ ജയിലിലും പൊലീസിന്റെ കസ്റ്റഡിയിലുമായി രാഹുല്‍ കഴിയേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനുള്ള നീക്കമാണ് രാഹുലിന്റെ അഭിഭാഷകന്‍ നടത്തുന്നത്.
പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്. ഈ വാദമായിരിക്കും ശാസ്തമംഗലം അജിത്കുമാറിന്റെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം.
വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കാം എന്നടക്കമുള്ള വിശ്വാസത്തിലേക്ക് എത്തുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. ഉഭയസമ്മത പ്രകാരമുള്ളതായിരുന്നു ലൈംഗിക ബന്ധം. പരാതിക്കാരി സ്വയം ഹോട്ടല്‍ മുറിയെടുത്തത് തെളിവാണെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നു.
ബലം പ്രയോഗിച്ചോ അല്ലെങ്കില്‍ നിര്‍ബന്ധിച്ചോ ഉള്ള ലൈംഗിക ബന്ധമല്ലെന്ന് വാദിക്കുന്നതിനാണ് ഇക്കാര്യം പറയുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞ സമയം തന്നെ അവരുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു എന്നും ആരോപണങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കില്ലെന്നുമാണ് രാഹുലിന്റെ ഭാഗം. നിലവില്‍ എടുത്തിരിക്കുന്ന കേസ് ബാലിശമാണ്. തന്നെ ജയിലില്‍ അടയ്ക്കാന്‍ വേണ്ടിയുള്ള പദ്ധതിയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നു.
ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ ലൈംഗികശേഷി പരിശോധിച്ചുവെന്ന് അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോ എന്നും ശാസ്തമംഗലം അജിത്ത് ചോദിച്ചു. 'പരാതി നല്‍കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറായ വ്യക്തി എന്തിനാണ് അറസ്റ്റ് ചെയ്തത്'. എന്നും ശാസ്തമംഗലം അജിത് പറഞ്ഞു.
അതിനിടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് പുറത്തുവന്നത്.
'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം', എന്നാണ് ഭീഷണിപ്പെടുത്തല്‍. ഓടി നടന്ന് നീ തിരിച്ചുപിടിക്കാന്‍ നോക്കുന്ന നിന്റെ ഇമേജ് ഉണ്ടല്ലോ, ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പുണ്യാളന്‍ ആണല്ലോയെന്ന് അതിജീവിത ചോദിക്കുമ്പോള്‍
'നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട'
നീ ചെയ്യാനുള്ളതൊക്കെ ചെയ്തുനീര്‍ത്തിട്ട് വാ. എന്ത് അറിഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ആകെ ഇപ്പോള്‍ ഇല്ലാത്തതും നീ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് ആണ്. ഈ കേസ് കോടതിയില്‍ വരുമ്പോള്‍ ഉള്ള അവസ്ഥ അറിയാല്ലോ. അതും പ്രത്യേകിച്ച് ഒന്നും ഇല്ല. അപ്പോള്‍ നീഅതാക്കെ കഴിഞ്ഞിട്ട് വാ. നീ നന്നായി ജീവിക്കന്നെ. ആരെയാ നീ പേടിപ്പിക്കുന്നത്. എല്ലാം തീര്‍ന്നുനില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ? നീ വാര്‍ത്താസമ്മേനളനം നടത്തൂ', എന്നാണ് രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍.
അതിനിടെ കുറ്റകൃത്യം നടന്ന ഹോട്ടലില്‍ സംഭവദിവസം രാഹുലും അതിജീവിതയും മുറിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ഹോട്ടല്‍ റജിസ്റ്ററില്‍ ഇരുവരുടെയും പേരുള്ളതാണ് പൊലീസിന് നിര്‍ണായക തെളിവായത്. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന കാര്യം സംസ്ഥാനത്ത് തന്നെ അറിഞ്ഞത് ആറുപേര്‍ മാത്രമാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി ഒരു മണിക്കൂറിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.
സംസ്ഥാന പൊലീസ് മേധാവിയും, എഡിജിപിയും, ഡിഐജി പൂങ്കുഴലിയും, പാലക്കാട്, പത്തനംതിട്ട പൊലീസ് മേധാവിമാരും മാത്രമാണ് നടപടിയെ പറ്റി നേരത്തെ അറിഞ്ഞിരുന്നത്. ദൗത്യത്തിനു ഡിവൈഎസ്പി മുരളീധരനെ ചുമതലപ്പെടുത്തിയത് രാത്രി 11 നായിരുന്നു. ഉടന്‍ ഉത്തരവിറക്കി നടപടി തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ പോലും ദൗത്യത്തെ പറ്റി അറിയിച്ചത് അവസാന നിമിഷമായിരുന്നു.
