രാത്രി വീട്ടില്‍ നിന്നും ഇറങ്ങി തൃശൂരിലേക്ക് പാഞ്ഞു; മാധ്യമങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മാത്തൂരിലേക്ക് മടക്കം; അവിടെ നിന്നും എവിടേക്ക് പോയെന്ന് ആര്‍ക്കും അറിയില്ല; വീണ്ടും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന; മാങ്കൂട്ടത്തിലിനെ നിരീക്ഷണത്തിലാക്കാന്‍ പോലീസിനും നിര്‍ദ്ദേശം
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരീക്ഷണത്തില്‍ ആക്കാന്‍ പോലീസിന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം. അതിനിടെ വീണ്ടും രാഹുല്‍ മുങ്ങിയെന്നും സൂചനകളുണ്ട്. ഒളിവിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കരുതെന്നതാണ് പോലീസിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. രാഹുലിനെ പോലീസ് പിന്തുടരും. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ അറസ്റ്റു ചെയ്യും. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഡാറില്‍ തന്നെയുണ്ട് രാഹുല്‍ എന്ന് ഉറപ്പിക്കുന്നത്. പാലക്കാടു നിന്നും രാഹുല്‍ മാറുമെന്നും സൂചനയുണ്ട്. അടൂരിലെ വീട്ടിലേക്ക് രാഹുല്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വീണ്ടും ഒളിവില്‍ പോകാനുള്ള ശ്രമമായി പോലീസ് വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന നിരീക്ഷണമാണ് പോലീസ് ഒരുക്കുന്നത്.
ആദ്യ ബലാത്സംഗ പരാതി വന്നതോടെ രാഹുല്‍ ഒളിവില്‍ പോയി. രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യവും നല്‍കി. ഈ ജാമ്യവും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ആദ്യ ബലാത്സംഗ കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടു ചെയ്യാന്‍ രാഹുല്‍ എത്തിയത്. എവിടെ ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ വൈകിട്ട് വരെ എന്ന് ആര്‍ക്കും അറിയില്ല. 15 മിനിറ്റ് മുന്‍പാണ് എംഎല്‍എ ഓഫിസില്‍ വിവരം ലഭിച്ചത്. വരും വോട്ടു ചെയ്യുമെന്ന് സൂചന ലഭിച്ചിരുന്നുവെന്നു മാത്രം. പൊലീസും വിവരങ്ങള്‍ അറിഞ്ഞിരുന്നു, സുരക്ഷ ഒരുക്കി. കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷം രാഹുല്‍ മുങ്ങിയെന്നും സൂചനകളുണ്ട്. പാലക്കാട്ടെ വീട്ടിലാണ് രാഹുല്‍ ഉള്ളതെന്നാണ് സൂചന.
രാഹുല്‍ കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നു. മാധ്യമങ്ങളും പോലീസും പിറകെയുണ്ടെന്ന് മനസ്സിലാക്കി ഈ ശ്രമം ഉപേക്ഷിച്ചു. അതിന് ശേഷം വീട്ടിലോ ഓഫീസിലോ വന്നിട്ടില്ല. മാത്തൂര്‍ വഴി പാലക്കാട്ട് രാഹുല്‍ എത്തിയെന്നാണ് വിലയിരുത്തല്‍. ഏതായാലും രാഹുല്‍ എവിടെ പോയി എന്നും ആര്‍ക്കും അറിയില്ല. അടൂരിലെ വീട്ടിലും പോലീസ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഇവിടെ രാഹുല്‍ എത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍ എത്തി അവിടെ നിന്ന് പാലക്കാട്ട് സുഹൃത്തിന്റെ വീട്ടിലെത്തിയെന്നാണ് ലഭ്യമായ വിവരം. എംഎല്‍എയുടെ വാഹനം അവിടേയ്ക്ക് വരുത്തി വോട്ടു ചെയ്യാന്‍ വന്നു. മൂന്നു ദിവസം മുന്‍പ് വരെ പൊലീസ് അന്വേഷണ സംഘം രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് അവകാശ വാദം. എന്നാല്‍ രാഹുലിനെ കുറിച്ചൊരു തുമ്പും പോലീസിന് കിട്ടിയിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ നിര്‍ത്തി. 15 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ്. വോട്ട് ചെയ്യാന്‍ എത്തുമെന്ന് പാലക്കാട്ടെ രാഹുലിന്റെ സുഹൃത്തുക്കള്‍ക്ക് ഇന്നലെയാണ് വിവരം ലഭിച്ചത്.
രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ വിധി വന്നതോടെ രാഹുലിന്റെ വരവ് അനുയായികള്‍ ഉറപ്പിച്ചു. എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. രാവിലെ വോട്ട് ചെയ്യാനെത്തിയാല്‍ തിരഞ്ഞെടുപ്പ് ദിവസത്തെ ചര്‍ച്ചാ വിഷയം ഇതാകുമെന്നും അത് ദോഷകരമാകുമെന്നും മുന്‍കൂട്ടി കണ്ടാണ് വൈകിട്ട് വോട്ട് ചെയ്യാന്‍ എത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബൊക്കെ നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുല്‍ ഉച്ചയ്ക്ക് തന്നെ പാലക്കാട്ട് എത്തിയിരുന്നുവെന്നും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറാകാനായി കാത്തിരിക്കുക ആയിരുന്നുവെന്നുമാണ് വിലയിരുത്തല്‍.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റുള്ളത്. സത്യം വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിനെ കൂക്കു വിളിലൂടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എതിരേറ്റത്. പീഡനപരാതി വന്നതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയത്. ഇതിനിടെ ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
