വഖഫ് ബില്‍ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താന്‍ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആര്‍എസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാന്‍ അധികം വൈകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ഭരണഘടനയാണ് ഏക ആശ്രയമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്; ചര്‍ച്ചയാക്കി പിണറായി; ആര്‍ എസ് എസ് പിന്‍വലിച്ചിട്ടും ലേഖനം ചര്‍ച്ചകളില്‍
ന്യൂഡല്‍ഹി: വഖഫ് ബില്‍ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താന്‍ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാന്‍ അധികം വൈകില്ല. ഭരണഘടനയാണ് ഏക ആശ്രയം. ക്രിസ്ത്യന്‍ സ്വത്ത് സംബന്ധിച്ച ഓര്‍ഗനൈസര്‍ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ചയാക്കും. ക്രൈസ്തവര്‍ക്കെതിരാണ് പരിവാര്‍ എന്ന ചര്‍ച്ച സജീവമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.
ഏപ്രില്‍ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കൂടുതല്‍ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പള്ളികളുടെ കീഴില്‍ 17.29 കോടി ഏക്കര്‍ ഭൂമിയുണ്ട്. 20000 കോടി രൂപയുടെ ആസ്തി വരും. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയില്‍ വന്നതാണ് സ്വത്തില്‍ ഏറിയ പങ്കും.1927 ല്‍ ചര്‍ച്ച ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വര്‍ധിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി നിര്‍ബന്ധിത മത പരിവര്‍ത്തനവും നടത്തുന്നുവെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. ഈ ലേഖനം ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം.
ആര്‍ എസ് എസ് ക്രൈസ്തവ സഭകളെ ലക്ഷ്യമിടുന്ന എന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാര്‍ എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസ്സിലാക്കേണ്ടതെന്ന് പിണറായി പറഞ്ഞു. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നതെന്ന് പിണറായി പറഞ്ഞു. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്-പിണറായി വിശദീകരിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകര്‍ക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാന്‍. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.