രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില്‍ ഹിറ്റ്‌ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള്‍ കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്‌ലറുടെ മരണത്തില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍..!
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ?
വാഷിങ്ടണ്‍: ഹിറ്റ്ലര്‍ മരിച്ച് പത്ത് വര്‍ഷം കഴിഞ്ഞതിന് ശേഷം സി.ഐ.എ അദ്ദേഹത്തെ കണ്ടെത്താനായി ദൗത്യസംഘത്തെ നിയോഗിച്ചതിന്റെ രഹസ്യരേഖകള്‍ പുറത്ത് വരുന്നു. അമേരിക്കയുടെ രഹസ്യാനേഷണ സംഘടനയായ സി.ഐ.എ യുടെ ആര്‍ക്കൈവുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 1950കളില്‍ ഹിറ്റ്ലര്‍ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ഏതോ സുരക്ഷിതമായ സ്ഥലത്ത് ജീവിച്ചിരിപ്പുണ്ടെന്നും രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.എ ഹിറ്റ്ലറിനെ തേടിയിറങ്ങിയത്. തെക്കേ അമേരിക്കയിലുള്ള സി.ഐ.എ ഏജന്റുമാര്‍ക്കാണ് ഇരക്കാര്യത്തില്‍ രഹസ്യവിവരം ലഭിച്ചത്.
ഹിറ്റ്ലര്‍ പേര് മാറ്റി ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്. ഹിറ്റ്ലറുമായി അസാമാന്യമായ രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രം കൊളംബയിയയില്‍ നിന്നാണ് ലഭിച്ചത്. 1945 ഏപ്രിലില്‍ ജര്‍മ്മനിയിലെ ഒരു ബങ്കറില്‍ ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്ന ഒരു കത്തിക്കരിഞ്ഞ മൃതദേഹം സഖ്യസേന കണ്ടെത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അര്‍ജന്റീനയിലെ അദ്ദേഹത്തിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതായി 2020 ല്‍ രഹസ്യമായി പുറത്തിറക്കിയ രേഖകള്‍ വെളിപ്പെടുത്തുന്നു.
അടുത്ത പത്ത്് വര്‍ഷത്തോളം അവര്‍ തെരച്ചില്‍ തുടരുകയായിരുന്നു. 1955 ല്‍ ഹിറ്റ്‌ലറുടെ രഹസ്യമായ രക്ഷപ്പെടലിനെക്കുറിച്ച് അറിയാമെന്ന് കരുതിയിരുന്ന ചിലരുമായി സി.ഐ.എ തുടര്‍ച്ചായായി സമ്പര്‍ക്കത്തില്‍ ആയിരുന്നു. 1955 നവംബറില്‍ രേഖകളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയില്‍ നിന്നും ഇപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ മാസം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അഭയം തേടിയ നാസികളെക്കുറിച്ചുള്ള എല്ലാ രേഖകളും പരസ്യപ്പെടുത്താന്‍ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി ഉത്തരവിട്ടിരുന്നു.
80 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുദ്ധക്കുറ്റങ്ങള്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ നാസി പാര്‍ട്ടിയിലെ മുന്‍ അംഗങ്ങള്‍ക്ക് കുപ്രസിദ്ധമായ ഒരു ഒളിത്താവളമായിരുന്നു അര്‍ജന്റീന. രേഖകള്‍ പരസ്യപ്പെടുത്തിയാല്‍ ഹിറ്റ്ലറുമായി ബന്ധപ്പെട്ട് സി.ഐ.എ നടത്തിയ അന്വേഷണത്തിന് ഒരുപക്ഷെ ഇ്പ്പോള്‍ ഫലമുണ്ടാകും എന്നാണ് പലരും കരുതുന്നത്. അര്‍ജന്റീനയിലെ ലാ ഫാല്‍ഡയിലുള്ള ഒരു സ്പാ ഹോട്ടലില്‍ ഹിറ്റ്‌ലറിന് രഹസ്യ ഒളിത്താവളം ഉണ്ടായിരിക്കാമെന്ന വിവരം യു.എസ് യുദ്ധവിഭാഗം എഫ്.ബി.ഐക്ക് അയച്ചതെങ്ങനെയെന്ന് സി.ഐ.എയുടെ പഴയ രേഖകളില്‍ നിന്ന് മനസിലാക്കിയിരുന്നു.
1945 ഒക്ടോബറിലെ ഈ ഫയല്‍ വെളിപ്പെടുത്തിയത് ഈ ഹോട്ടലിന്റെ ഉടമകള്‍ നാസി പാര്‍ട്ടിയുടെ പ്രധാന പിന്തുണക്കാരായിരുന്നു എന്നാണ്. ഹിറ്റ്ലറുടെ പ്രചാരണ മേധാവി ജോസഫ് ഗീബല്‍സിന് ഇവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നും ഹിറ്റ്‌ലറുടെ അടുത്ത സുഹൃത്തുക്കളായി മാറിയെന്നുമാണ്. കുടുബവും ഒത്ത് പല വട്ടം ഈ ഹോട്ടലില്‍ ഹിറ്റ്ലര്‍ താമസിച്ചിരുന്നതായും രേഖകളിലുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടുകയോ നാസി നേതൃസ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയോ ചെയ്താല്‍ ഹിറ്റ്ലര്‍ ഈ ഹോട്ടലില്‍ ഉറപ്പായും താമസിക്കാന്‍ എത്തും എന്നാണ് അമേരിക്ക വിശ്വസിച്ചിരുന്നത്. ചില ആളുകള്‍ ഹിറ്റ്ലറെ കണ്ടതായും ഒരുമിച്ച് ഫോട്ടോ എടുത്തതായും പോലും അവകാശപ്പെട്ടിരുന്നു.