15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് താടിയും മുടിയും ട്രിം ചെയ്ത് കൂള്‍കൂളായി മായാത്ത ചിരിയോടെ; കേസുകളുടെ നൂലാമാലകള്‍ക്കിടയിലും കാന്റീനില്‍ കയറി ചായ ആസ്വദിച്ച് കുടിച്ച് എംഎല്‍എ ഓഫീസിലേക്ക്; ബൊക്കെ നല്‍കി സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഇനി പാലക്കാട് തന്നെ തുടരും; കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം ഭൂഷണമാക്കി രാഹുല്‍

കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം ഭൂഷണമാക്കി രാഹുല്‍

Update: 2025-12-11 12:14 GMT

പാലക്കാട്: പതിനഞ്ചുദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മിതമായ വാക്കുകളില്‍ പ്രതികരണം ഒതുക്കി. തനിക്കെതിരായ കേസുകളെക്കുറിച്ച് വലിയ പ്രതികരണത്തിനും രാഹുല്‍ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുല്‍ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്ന് പറഞ്ഞ രാഹുല്‍ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കി. ഒളിവില്‍ പോകില്ല. ഇനി അങ്ങോട്ട് പാലക്കാട്ടുതന്നെ തുടരും, അതില്‍ തര്‍ക്കമില്ല എന്നാണ് രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

വൈകുന്നേരം 4.50 ഓടെ എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പാലക്കാട് കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്. ആദ്യത്തെ ബലാത്സംഗ കേസില്‍ അറസ്റ്റുതടയുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തതിനാല്‍ രാഹുല്‍ വോട്ടുചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുടിയും, താടിയും ട്രിം ചെയ്ത് വളരെ കൂളായി ചിരിച്ചുകൊണ്ടാണ് രാഹുല്‍ ചോദ്യങ്ങളെ നേരിട്ടത്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി നടപടിയെ കുറിച്ചോ, തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലായിരുന്നു.

രാവിലെ വോട്ടുചെയ്യാന്‍ എത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരുമണിക്കൂര്‍ മാത്രമുള്ളപ്പോള്‍ എത്തിയത്. കൂകിവിളിച്ചാണ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടെ ഔദ്യോഗിക വാഹനം നേരെ പോയത് പാലക്കാട്ടെ മലബാര്‍ ആശുപത്രിയുടെ കാന്റിനിലേക്ക്. ഇവിടെ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് മാധ്യമങ്ങളോട് രാഹുല്‍ പ്രതികരിച്ചത്.

''എനിക്ക് പറയാനുള്ളതും എനിക്ക് എതിരെ പറയാനുള്ളതും ഏറ്റവും ബഹുമാനപ്പെട്ട കോടതിയ്ക്ക് മുന്നിലുണ്ട്. ഇനി കോടതിയാണ് തീര്‍പ്പുണ്ടാക്കേണ്ടത്. സത്യം ജയിക്കും എന്നാണ് വിശ്വാസം. ബാക്കിയെല്ലാം പിന്നെ പറയാം. തല്‍ക്കാലം ഇതിന് അപ്പുറം ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഇത്രയേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇതിനപ്പുറം ഇന്ന് കിട്ടത്തില്ല. എന്റെ പ്രതികരണം ഇവിടെ അവസാനിച്ചു. ബാക്കിയെല്ലാം നിങ്ങള്‍ക്ക് ഊഹിക്കാം. ഇവിടെ തന്നെ ഉണ്ടാകും. തല്‍ക്കാലം ഒരു ചായ കുടിക്കണം. മൈക്കൊന്ന് മാറ്റിയാല്‍ ചായ കുടിക്കാം'' - രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പിന്നീട് രാഹുല്‍ നേരെ പോയത് എംഎല്‍എ ഓഫിസിലേക്കായിരുന്നു. ഓഫീസിനു സമീപമുള്ള വീട്ടില്‍ കയറി വീട്ടുകാരോട് സംസാരിച്ച ശേഷമാണ് രാഹുല്‍ ഓഫീസിനുള്ളിലേക്ക് കയറിയത്. ഞാന്‍ പറഞ്ഞല്ലോ ഇനിയൊന്നും സംസാരിക്കാന്‍ ഇല്ല എന്നായിരുന്നു ഓഫിസിലെത്തിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. എംഎല്‍എ ഓഫീസിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ രാഹുലിനെ ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.

Tags:    

Similar News