സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ റെയില്‍വേ തയ്യാര്‍; കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് റെയില്‍വേ മന്ത്രി; സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ
കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
തൃശ്ശൂര്‍: സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ തന്നെ കൈവിട്ട പദ്ധതിക്കാണ് കേന്ദ്രമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിലപാട് അറിയിച്ചത്. കെ- റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നു. ഇന്ന് സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകാന്‍തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും സര്‍ക്കാര്‍ പറയുന്നു. ഈ സമയത്താണ് കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ-റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സംസാരിച്ചത്.
കേന്ദ്രം മുഖം തിരിച്ചതും, ജനം എതിരായതുമാണ് കെ റെയില്‍ പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ കെ റെയിലിന്റെ സാധ്യത ബാക്കി നില്‍ക്കുന്നുവെന്നാണ് റെയില്‍വേ മന്ത്രി വ്യക്തമാക്കുന്നത്. സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്.
മഹാരാഷ്ട്രയില്‍ നടപ്പാക്കിയ മാതൃകയില്‍ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം - ഷൊര്‍ണൂര്‍ പാത ഒഴിച്ച് മുഴുവന്‍ മേഖലയിലും സാങ്കേതിക നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.