സംസ്ഥാനത്ത് പെരുമഴയില്‍ കനത്ത നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു; ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായി; പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് പെരുമഴയില്‍ കനത്ത നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേര് മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. പലയിടത്തായി നിരവധി പേര്‍ക്ക് പരിക്കേറ്റു. മഴ ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതലായി സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി.
പലയിടത്തും മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണം.
ഇടുക്കിയില്‍ ലോറിക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്.
ഒരാളെ സാരമല്ലാത്ത പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മരത്തിന്റെ ചില്ലകള്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവില്‍ വെട്ടിമാറ്റിയാണ് ശ്രീജിത്തിനെ വാഹനത്തില്‍ ിന്ന് പുറത്തെടുക്കാനായത്. തുടര്‍ന്ന് തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാസര്‍കോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. വീടിന് 20 മീറ്റര്‍ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാന്‍ പോയതായിരുന്നു വീട്ടമ്മ.
ആലപ്പുഴ എടത്വയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളില്‍ മരം വീണ് നിരണം തോട്ടടി സ്വദേശി ഗീവര്‍ഗീസിന് (58) പരിക്കേറ്റു. ചൂട്ടുമാലില്‍ സിഎസ്ഐ പള്ളിക്ക് സമീപമാണ് അപകടം. ശക്തമായ കാറ്റില്‍ പുളിമരം മരം കടപുഴകി വീഴുകയായിരുന്നു. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലില്‍ മീന്‍പിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂര്‍ കെടാമംഗലം രാധാകൃഷ്ണന് (62 നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുരേഷ് നീന്തി രക്ഷപ്പെട്ടു.
ഇടുക്കി ചേലച്ചുവടില്‍ വാഹനങ്ങള്‍ക്കു മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ നക്രാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം വീണ് 10പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഇരിഞ്ചയത്ത് മരം വീണ് വെമ്പായം-നെടുമങ്ങാട് പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി ജില്ലയില്‍ നാളെ (മേയ് 30) വിനോദസഞ്ചാര മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ നിരോധിച്ചു. കൂടാതെ ഇന്നും നാളെയും രാത്രി 7 മുതല്‍ രാവിലെ 6 വരെ മലയോര മേഖലയില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.
പിറവം വെണ്ണിക്കുളത്ത് മൂന്നു മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി കടവന്ത്രയില്‍ കാറിനു മുകളില്‍ മരം വീണു. പത്തനംതിട്ട കലക്ട്രേറ്റിലെ പൊതുമരാമത്ത് ഓഫിസിനു മുകളില്‍ മരം വീണു കെട്ടിടം തകര്‍ന്നു.
പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.റാന്നി ബൈപ്പാസിലേക്ക അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു. പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്.
എറണാകുളം കുന്നത്തുനാട്ടില്‍ തിരുവാണിയൂര്‍ പഞ്ചായത്തില്‍ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പള്ളിക്കര മനക്കടവ് റോഡില്‍ വലിയ വാഗമരം കടപുഴകി വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിന്‍ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്.
തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നിലവിലെ ജലനിരപ്പ് 83.420 മീറ്ററാണ്.
കോഴിക്കോട് പെരുമണ്ണയില്‍ പാറക്കോട്ട് താഴത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഒടിമാറിയതിനാല്, വലിയ അപകം ഒഴിവായി. കൊയിലാണ്ടിയില്‍ മരം വീണ് രണ്ട് വീടുകള്‍ക്ക കേടുപറ്റി. കഴിഞ്ഞ വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മലവെള്ളം കുതിച്ചെത്തിയത് പരിഭ്രന്തിയുണ്ടാക്കി. കുഞ്ഞോത്തിനും വിലങ്ങാടിനും ഇടയിലെ മലയില്‍ കനത്ത മഴ പെയ്തതായിരുന്നു കാരണം. കോരപ്പുഴ, പൂനൂര് പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നുണ്ട്. തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിതീവ്ര മഴ അപകടങ്ങള്‍ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പത് ജില്ലകളില്‍ വെളളിയാഴ്ച അവധി
കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഒന്‍പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളള്ക്ക് അതതു കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലേര്‍ട്ടാണ്