കേന്ദ്ര സഹായങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപി നീക്കമെന്ന് തിരിച്ചറിവ്; റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യത്തിനു പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയെ എതിര്‍ക്കാന്‍ പിണറായി; റേഷന്‍ കടകളുടെ പ്രസക്തി തീരുമോ?
തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യത്തിനു പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ല. പദ്ധതി നടപ്പാക്കുന്നതിന് കേരളം അനുകൂലമല്ലെന്ന് മന്ത്രി ജി.ആര്‍.അനില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ചര്‍ച്ചകള്‍. ഒരു കാരണവശാലും രാഷ്ട്രീയക്കളിയുടെ ഭാഗമായുള്ള ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് തീരുമാനം.
വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ഡി.ബി.ടി. നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആര്‍. അനില്‍ അറിയിച്ചത്. പദ്ധതി നടപ്പായാല്‍ റേഷന്‍ വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു വിഭാഗങ്ങള്‍ എന്നിവരെ ബാധിക്കുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക. ഈ ആശങ്ക പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള സമയം മാര്‍ച്ച് 31ല്‍ നിന്നു മേയ് 31 വരെ നീട്ടണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡിബിടിയിലെ കേന്ദ്ര പദ്ധതി റേഷന്‍ സംവിധാനത്തില്‍ നടപ്പാക്കിയാല്‍ റേഷന്‍ കടകളുടെ പ്രസക്തി പോലും ഇല്ലാതെയാകും.
പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം സബ്‌സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ രീതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ എന്നായിരുന്നു നേരത്തെ വന്ന സൂചനകള്‍. മാര്‍ച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. അരിയടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് രീതി. പിന്നാക്കവിഭാഗം കാര്‍ഡുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനിടെയാണ് ഇടതു സര്‍ക്കാരിന് ഇതിലെ പ്രശ്‌നങ്ങള്‍ മനസ്സിലായത്. അങ്ങനെ പണം കൊടുത്താല്‍ എല്ലാ ക്രെഡിറ്റും കേന്ദ്രത്തിന് മാത്രമായി പോകും. ഈ സാഹചര്യത്തിലാണ് എതിര്‍പ്പെത്തുന്നത്.
സംസ്ഥാനത്തെ 14 താലൂക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ നീക്കമുണ്ടായിരുന്നു. മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി, നെടുമങ്ങാട് താലൂക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാല്‍ ഇത് സംസ്ഥാനത്തെ റേഷന്‍സമ്പ്രദായത്തെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷന്‍വ്യാപാരി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പ്രതിഷേധമാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. കേന്ദ്ര സഹായങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ തന്ത്രമായാണ് ഇതിനെ സിപിഎം കാണുന്നത്.
മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാനഗര്‍ ഹവേലി എന്നിവിടങ്ങളിലും ഡി.ബി.ടി. സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ തുടക്കത്തില്‍ അരിക്ക് കിലോഗ്രാമിന് 22 രൂപയും ഗോതമ്പിന് 16 രൂപയുമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. പാചകവാതകവിതരണ മേഖലയിലടക്കം മുമ്പ് ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുകിലോ അരി പൊതുവിതരണ സമ്പ്രദായത്തില്‍ ഗുണഭോക്താവിലേക്ക് എത്തിക്കുന്നതിന് 99.70രൂപ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. ഇതുകൊണ്ടാണ് പുതിയ രീതി പരീക്ഷിക്കുന്നത്.
അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയില്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെത്തുമെന്ന വിമര്‍ശനം നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉയര്‍ത്തിയിരുന്നു.