തട്ടിക്കൊണ്ടുപോയി 15 മാസം തടവില്‍ വച്ച അഞ്ച് വനിതാ പട്ടാളക്കാരില്‍ നാലുപേര്‍ക്ക് ഇന്ന് മോചനം; ഒരാള്‍ക്ക് എന്ത് പറ്റിയെന്ന് മിണ്ടാതെ ഹമാസ്; വിട്ടയക്കുമെന്ന് കറുത്തപെട്ട രണ്ടു സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും കാര്യത്തിലും ദുരൂഹത
ജെറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി രണ്ടാം ഘട്ടമായി മോചിപ്പിക്കുന്ന നാല് ഇസ്രയേല്‍ വനിതാ സൈനികരുടെ പേര് പുറത്തു വിട്ട് ഹമാസ് ഭീകരര്‍. ഇന്ന ് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കൈമാറ്റം ചെയ്യുന്നത്. ഇവര്‍ക്ക് പകരമായി 200 ഫലസ്തീന്‍ സൈനികരെ ഇസ്രയേല്‍ വിട്ടയക്കും. ഹമാസ് വിട്ടയക്കുന്ന ഓരോ ബന്ദിക്കും പകരമായി 50 ഫലസ്തീന്‍ സൈനികരെ വിട്ടയക്കണമെന്നാണ് കരാര്‍. കഴിഞ്ഞ 15 മാസമായി ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികള്‍ക്കാണ് മോചനമാകുന്നത്.
ഡാനിയേലാ ഗില്‍ബോയാ, നാമാ ലെവി, കരീന അരീവ്, ലിരി അല്‍ബാഗ് എന്നിവരാണ ്മോചിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വനിതാ സൈനികര്‍. എന്നാല്‍ ഇവര്‍ക്കൊപ്പം ബന്ദിയാക്കിയ മറ്റൊരു പട്ടാളക്കാരിയായ അഗാം ബോര്‍ഗറെ കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല. ഇവരെ കുറിച്ച് ഹമാസ് ഇനിയും ഒന്നും വ്യക്തമാക്കിയിട്ടില്ല. അത് പോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം രണ്ട് കു്ട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബത്തിന്റെ കാര്യത്തിലും ഹമാസ് ഇനിയും ഒരു വിശദാംശങ്ങളും നല്‍കിയിട്ടില്ല.
രണ്ട് വയസുകാരനായ കിഫിര്‍ ബിബാസ്, സഹോദരനും അഞ്ച് വയസുകാരനുമായ ഏരിയല്‍ ഇവരുടെ അമ്മയായ ഷിരി ബിബാസ് എന്നിവരുടെ മോചനത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. കൂടാതെ ഇവര്‍ക്കൊപ്പം ബന്ദിയാക്കിയ അര്‍ബല്‍ യെഹൂദിനേയും വിട്ടയക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് എന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഇവരെ എന്ത് കൊണ്ടാണ് വിട്ടയക്കാത്തതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ആവശ്യപ്പെട്ടിരുന്നു.
ഹമാസ് ബന്ദികളില്‍ പലരേയും ഇനിയും വിട്ടയക്കാത്തത് ഇസ്രയേല്‍ ജനതയെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നതിന് വേണ്ടിയാണെന്നാണ് പലരും കരുതുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ് വിട്ടയക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അവരുടെ പേര് വിവരങ്ങള്‍ ഹമാസ് ലഭ്യമാക്കണം എന്നാണ് വ്യവസ്ഥ. ആദ്യ ഘട്ടത്തില്‍ ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് 18 മണിക്കൂറോളം വൈകിയാണ് നല്‍കിയത്.
കൂടാതെ ഈ പട്ടികയിലുള്ള 33 പേരില്‍ എത്ര പേര്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം ഇനിയും വ്യക്തമല്ല. അതേ സമയം അഗാം ബോര്‍ഗറിനെ അടുത്ത ശനിയാഴ്ച വിട്ടയക്കും എന്നാണ് കരുതപ്പെടുന്നത്. ബന്ദികള്‍ക്ക് പകരമായി ഇന്ന് വിട്ടയക്കുന്ന ഫലസ്തീന്‍ സൈനികരില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരും ഉള്‍പ്പെട്ടിട്ടുണ്ട്.