കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന വിമര്‍ശനം അതീവ അപകീര്‍ത്തികരം; തിരുവനന്തപുരം എംപി താക്കോല്‍ സ്ഥാനത്ത് എത്തുമോ എന്ന് ചിലര്‍ക്ക് ഭയം; തരൂരിനെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ കെസിഎയില്‍ സമ്മര്‍ദ്ദം; നിയമ നടപടികളിലെ ഇരട്ടത്താപ്പും കേരളാ ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയം
തിരുവനന്തപുരം: സഞ്ജു സാസണ്‍ വിഷയത്തില്‍ കെസിഎയെ വിമര്‍ശിച്ച ശശി തരൂരിനെതിരെ മാനനഷ്ട കേസ് കൊടുക്കാത്തത് കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ വിവാദമാകുന്നു. സഞ്ജുവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി നടത്തിയത് അപകീര്‍ത്തികരമായ പ്രസ്താവനയാണെന്ന് പ്രസിഡന്റ് ജയേഷ് ജോര്‍ജ് വിശദീകരിച്ചിരുന്നു. എന്നിട്ടും കെസിഎ നിയമ നടപടികള്‍ തുടങ്ങിയിട്ടില്ല. കെസിഎയ്ക്ക്തിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുന്നത് കെസിഎയുടെ പതിവ് രീതിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ശശി തരൂരിനെതിരെ നിയമ നടപടി എടുക്കാത്തെന്നാണ് ഉയരുന്ന ചോദ്യം. തരൂരിനെതിരെ നടപടിക്ക് പോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം കെസിഎയിലെ പ്രമുഖര്‍ക്കുണ്ട്. ഇതിനൊപ്പം കേരള രാഷ്ട്രീയത്തിലെ താക്കോല്‍ സ്ഥാനം തരൂരിന് കിട്ടിയാല്‍ അതും പ്രശ്‌നമാകും. ഈ സാഹചര്യത്തിലാണ് കേസ് കൊടുക്കാത്തതെന്നാണ് സൂചന.
ഇടക്കൊച്ചിയിലെ സ്റ്റേഡിയം പ്രോജക്ടില്‍ ട്വീറ്റിട്ട വിജയകൃഷ്ണന്‍, മുന്‍ താരം സന്തോഷ് കരുണാകരന്‍, മുന്‍ കെസിഎ അംഗം അഡ്വ പ്രമോദ്, അന്തരിച്ച മുന്‍ രഞ്ജി താരം ഇട്ടി ചെറിയാാന്‍, മുന്‍ കെസിഎ പ്രസിഡന്റായ അന്തരിച്ച് റോങ്ക്‌ളിന്‍ ജോണ്‍ എനനിവര്‍ക്കിതെരെ എല്ലാം കെ സി എ മാനനഷ്ട കേസ് കൊടുത്തിരുന്നു. പത്ര സമ്മേളനത്തിന്റേയും കുറ്റപ്പെടുത്തലിന്റെ പ്രതികരണമെന്നോണമാണ് ഈ നടപടികള്‍. ഇതില്‍ ചിലരെ ആജീവനാന്ത വിലക്കിനും വിധേയമാക്കിയിട്ടുണ്ട്. സ്ത്രീ പീഡന കേസിലെ കോച്ചിനെതിരെ പരാതിപ്പെട്ട വ്യക്തിക്കെതിരേയും നിയമ നടപടി എടുത്തു. പരാതി അയച്ച സാങ്കേതിക വിലാസം പോലും കണ്ടെത്തിയായിരുന്നു ഈ നടപടികള്‍. അത്രയും സുശക്തമാണ് കെസിഎയുടെ നിയമ സംവിധാനം. എന്നിട്ടും സഞ്ജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടന്നാക്രമണം നടത്തിയ തരൂരിനെതിരെ കേസ് കൊടുക്കുന്നുമില്ല. അടുത്ത കെസിഎ യോഗത്തില്‍ ഈ ആവശ്യം ചിലര്‍ ഉന്നയിക്കും.
മാനദണ്ഡ പ്രകാരം കെസിഎ ഭാരവാഹിയാകാന്‍ യോഗ്യതയില്ലാത്ത മുന്‍ ഭാരവാഹിയെ നിയമകാര്യങ്ങള്‍ നോക്കാനായി കെസിഎ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ വന്‍ തുകയും നല്‍കുന്നു. ഇതിന് കാരണം തൊഴില്‍പരമായ സേവനങ്ങള്‍ കാരണമാണെന്നാണ് കെസിഎ വിശദീകരണം. അങ്ങനെ നിയമ പരിജ്ഞാനത്തിന് പണം നല്‍കുന്ന ആള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് തരൂരിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുന്നില്ലെന്നതാണ് ചില കെസിഎ ഭാരവാഹികള്‍ ഉയര്‍ത്തുന്ന ചര്‍ച്ച. തരൂരിനെതിരെ കേസ് കൊടുക്കണമെന്ന് അടുത്ത കെസിഎ യോഗത്തില്‍ ഇവര്‍ ശക്തമായ ആവശ്യം ഉയര്‍ത്തും. ഇതിനൊപ്പം കേരളാ സീനിയര്‍ ടീമിന്റെ പ്രകടനം ഇത്തവണ മോശമായതും ചര്‍ച്ചയാക്കാനാണ് തീരുമാനം. പതിനൊന്നാം വയസ്സില്‍ സഞ്ജുവിനെ കെസിഎയിലെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം സഞ്ജുവിന്റെ അച്ഛന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെതിരേയും മാനനഷ്ട കേസ് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി രംഗത്ത വന്നിരുന്നു. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂര്‍ണമെന്റില്‍നിന്നു മാറ്റിനിര്‍ത്തിയത്.. ''സഞ്ജുവിനെ ഒഴിവാക്കിയതില്‍ അവര്‍ക്കു വിഷമമില്ലേ? സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്താത്തതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തത്.'' ശശി തരൂര്‍ പ്രതികരിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ 212 റണ്‍സെടുത്ത താരമാണു സഞ്ജുവെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന പോരാട്ടത്തില്‍ സെഞ്ചറി നേടിയ താരത്തെയാണു മാറ്റിനിര്‍ത്തിയതെന്നും തരൂര്‍ വ്യക്തമാക്കി.
കെസിഎയുടെ പരിശീലന ക്യാംപുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു സഞ്ജു നേരത്തേ തന്നെ അറിയിച്ചിരുന്നതായും ശശി തരൂര്‍ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ കേസ് കൊടുക്കണമെന്ന ആവശ്യം കെസിഎയില്‍ ശക്തമാകുന്നത്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍. രാഹുലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍.