യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു; എതിരാളികളെ ജയിലില്‍ അടച്ചും മാധ്യമങ്ങള്‍ വിലക്കിയും പുടിന്റെ തണലില്‍ ബലാറസില്‍ ലൂക്കഷെങ്കോ ഏഴാം തവണ ജയിക്കുന്നത് 88 ശതമാനം വോട്ട് നേടി

യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു

Update: 2025-01-27 05:51 GMT

മിനാസ്‌ക്: യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു. ബെലാറസിലെ പ്രസിഡന്റായ അലക്സാണ്ടര്‍ ലൂക്കഷെങ്കോ ഏഴാ തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 88 ശതമാനം വോട്ട് നേടിയാണ് ലൂക്കഷെങ്കോ വീണ്ടും വിജയിക്കുന്നത്. എതിരാളികളെ ജയിലില്‍ അടച്ചും മാധ്യമങ്ങളുടെ മേല്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയുമാണ് ലൂക്കാഷെങ്കോ രാജ്യം ഭരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റ പിന്‍ബലത്തിലാണ് ഇദ്ദേഹത്തിന് ഇപ്പോഴും രാജ്യത്തെ അടക്കി ഭരിക്കാന്‍ കഴിയുന്നത് എന്നാണ് കരുതപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയനും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും എല്ലാം തന്നെ തെരഞ്ഞെടുപ്പിന് എതിരെ ആരോപണങ്ങളുമായി രംഗത്ത എത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനിേലെ മുന്‍ റിപ്പബ്ലിക്കായ ബലാറസില്‍ കഴിഞ്ഞ 30 വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ് ലൂക്കാ ഷെങ്കോ. എതിര്‍പ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകര്‍ക്കുന്ന രീതിയാണ് ഇദ്ദേഹം ആദ്യം മുതല്‍ പിന്തുടരുന്നത്. 1994 ലാണ് ലൂക്കാഷെങ്കോ പ്രസിഡന്റായി ചുമതലയേറ്റത്.

എഴുപതുകാരനായ ലുക്കാഷെങ്കോ എതിരാളികളെ ജയിലിലിട്ടും നാട് കടത്തിയുമാണ് രാജ്യം ഭരിക്കുന്നത്. ഏഴാം തവണയും ലുക്കാഷെങ്കോ പ്രസിഡന്‍ായത് അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍യൂണിയന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് മാധ്യമ സ്വാതന്ത്യം അനുവദിക്കാതിരുന്നതും പ്രതിപക്ഷ നേതാക്കളെ നാട് കടത്തുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തന്റെ വിജയം അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ലെന്നാണ് ലൂക്കാഷെങ്കോ വ്യക്തമാക്കിയിരിക്കുന്നത്. 2020ലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയിരുന്നു.

മാസങ്ങള്‍ നീണ്ട് നിന്ന പ്രക്ഷോഭത്തിനിടെ അറുപത്തയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരുന്നു. പ്രതിപക്ഷത്തെ പല നേതാക്കളും വിദേശത്തേക്ക് രക്ഷപ്പെടാന്‍ നിര്‍ബന്ധിതരുമായിരുന്നു. പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തെ നയിച്ചിരുന്ന പ്രധാന നേതാവായ സ്വറ്റ്ലാന ടിക്കായോവിസ്‌കാനയും രാജ്യം വിട്ടിരുന്നു. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് സ്വറ്റ്ലാന ആരോപിച്ചു. അവര്‍ ഇപ്പോള്‍ പോളണ്ടിലെ വാഴ്സയിലാണ് കഴിയുന്നത്.

യുക്രൈന് എതിരായ യുദ്ധത്തില്‍ ബലാറസ് റഷ്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തെ 1200 ഓളം നേതാക്കള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ജയിലില്‍ കഴിയുന്നവര്‍ മാപ്പെഴുതി നല്‍കിയാല്‍ മാത്രമേ മോചിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ലൂക്കാഷെങ്കോ. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഇപ്പോള്‍ കഴിയുന്നത് വാഴ്സയിലാണ്. വിടെ അവരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത പലരും മാസ്‌ക്ക് ധരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും അവര്‍ തയ്യാറായില്ല. മൂന്ന് ലക്ഷത്തോളം ബലാറസ് പൗരന്‍മാരാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്.

Tags:    

Similar News