മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വാദവുമായി ആ കത്ത് കോടതിയ്ക്ക് നല്‍കി; പരാതിയുടെ പകര്‍പ്പല്ല... കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് ഷര്‍ഷാദും; രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല; സൈബര്‍ സഖാക്കളുടേത് കള്ളപ്രചരണം; രാജേഷ് കൃഷ്ണയില്‍ ദുരൂഹത മാത്രം

Update: 2025-08-18 01:05 GMT

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തായി നല്‍കിയ രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല. കോടതിയില്‍ നല്‍കിയത് പിബിയുടെ കൈവശമുള്ള പരാതിയാണെന്ന് കേസ് ഫയല്‍ചെയ്ത ലണ്ടനിലെ സിപിഎം അംഗമായ രാജേഷ് കൃഷ്ണ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതോടെ ഈ കേസില്‍ സിപിഎമ്മിനേയും എതിര്‍ കക്ഷികള്‍ സാക്ഷിയാക്കാന്‍ സാധ്യത കൂടി. മാനനഷ്ട കേസില്‍ ഹര്‍ജിക്കൊപ്പം അഞ്ച് രേഖകളാണ് രാജേഷ് കൃഷ്ണ നല്‍കിയിട്ടുള്ളത്. ആദ്യരേഖ പിബിക്ക് മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ കത്തിന്റെ ശരിപ്പകര്‍പ്പാണെന്ന് വ്യക്തമാക്കി സാക്ഷ്യപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നോ, പിബിക്ക് നല്‍കിയ കത്തല്ല ഇതെന്നോ സിപിഎം പ്രതികരിച്ചാല്‍ കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തും. ഇതോടെ അത് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിക്കും. അതേ സമയം രേഖ ശരിയാണെന്ന് സമ്മതിച്ചാല്‍ അത് മറ്റ് പല പ്രശ്‌നങ്ങളുമുണ്ടാക്കും. പിബിയുടെ കൈവശമുള്ള രേഖ രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തിനല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാമാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍സെക്രട്ടറി എം.എ. ബേബിക്ക് ഷര്‍ഷാദ് കത്ത് നല്‍കി. ആഗസ്റ്റ് 12-ന് ബേബിയുടെ ഇ-മെയില്‍ വിലാസത്തില്‍ അയച്ച ആ കത്തും ചോര്‍ന്നു. ഇതിന് പിന്നില്‍ കണ്ണൂരിലെ നേതാവാണെന്ന വാദം സിപിഎമ്മില്‍ സജീവമാണ്.

നിയമ നടപടികള്‍ക്കിടെ കത്ത് പാര്‍ട്ടിക്ക് ലഭിച്ചതാണെന്ന് സമ്മതിച്ചാല്‍ അത് എങ്ങനെ ചോര്‍ന്നുവെന്നതില്‍ വിശദീകരണം നല്‍കേണ്ടിവരും. പാര്‍ട്ടിനേതാക്കള്‍ക്ക് ഹവാലപണമിടപാടിലടക്കം പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്ന കത്താണ് ചോര്‍ന്നത്. മധുര പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ നീക്കിയത് വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. ഇതില്‍ തനിക്കെതിരേ പിബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പിബിക്ക് ലഭിച്ച കത്ത് തന്നെയാണ് താന്‍ ഹാജരാക്കുന്നതെന്നാണ് രാജേഷ് കൃഷ്ണ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് ഷര്‍ഷാദ് ഫെയ്‌സ് ബുക്കില്‍ ഇട്ടതാണെന്ന വാദമാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. ശ്യാമിന്റെ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ കത്ത് ചോര്‍ത്തി നല്‍കിയതെന്ന ഗുരുതരമായ ആരോപണവും ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഷര്‍ഷാദ് പറയുന്നു. പാര്‍ട്ടിക്ക് രഹസ്യമായി നല്‍കിയ പരാതി ചോര്‍ന്നത് ഞെട്ടിച്ചെന്നും അന്വേഷണം വേണമെന്നുമാണ് ജനറല്‍ സെക്രട്ടറിക്കയച്ച കത്തിലെ ആവശ്യം. ഇതു സംബന്ധിച്ചും നേതാക്കളാരും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഷര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ ഇട്ട കത്താണ് കോടതിയിലെത്തിയതെന്ന പച്ചക്കളളം ചര്‍ച്ചയാക്കുന്നത്. സൈബര്‍ ഇടത്തെ ഈ പ്രചരണം ഷര്‍ഷാദ് തന്നെ നിഷേധിക്കുന്നുണ്ട്.

കോടിയേരി സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ പരാതി എഴുതി നല്‍കി. ഗോവിന്ദനോടു പരാതി പറയുകയാണുണ്ടായത്. പിബിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും മാത്രമാണു പിന്നീടു പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പല്ല, കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പരാതിയുടെ പൂര്‍ണരൂപം വേണ്ടവര്‍ക്ക് എന്നെ ബന്ധപ്പെടാമെന്നു പോസ്റ്റില്‍ പറഞ്ഞിരുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും കൈമാറിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടും പോര്‍ട്ടലിലും പരാതി നല്‍കി. 72 മണിക്കൂറിനകം റിജക്ട് ആയി. പാര്‍ട്ടിക്കു പരാതി നല്‍കിയശേഷം 2022ല്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജേഷിന്റെ ആളുകള്‍ എന്നെ ആക്രമിച്ചു. അതില്‍ എഫ്‌ഐആര്‍ ഇടരുതെന്നു പൊലീസില്‍ വിളിച്ചു നിര്‍ദേശിച്ചത് പി.ശശിയാണ്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ പരാതി റിജക്ട് ആകുമെന്നുറപ്പാണല്ലോ? അന്നത്തെ ആക്രമണത്തില്‍ തലശ്ശേരി കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ കേസ് ഇപ്പോള്‍ നടക്കുന്നുണ്ട്. രാജേഷിന്റെ സുഹൃദ്വലയത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവരാണ് കൂടുതല്‍-ഷര്‍ഷാദ് പറയുന്നു. ഈ വാക്കുകളില്‍ നിന്നും സിപിഎമ്മിന് നല്‍കിയ രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തം.

എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍ അടക്കം എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണയും സംഘടനാ ചുമതലയിലുണ്ടായിരുന്നുവെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പറയുന്നുണ്ട്. ഈ നേതാക്കളുമായി ഉള്‍പ്പെടെ മുന്‍ നിര സി പി എം നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത ബന്ധമുണ്ട്.യുകെയില്‍ ഇയാളുടെ കൂടെയുള്ള മലയാളികള്‍ മുഖേന ലഭിച്ച തെളിവുകള്‍ തന്റെ പക്കലുണ്ട്. അവിടുത്തെ ബാങ്ക് അക്കൗണ്ടില്‍ വന്ന കോടികളുടെ ഇടപാടുകളടക്കം പരിശോധിക്കണമെന്നും എവിടെ നിന്നാണ് ഈ തുക വരുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. എം വി ഗോവിന്ദന്റെ മകന്‍ ശ്യാമുമായി വര്‍ഷങ്ങളുടെ ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുമ്പാണ് ശ്യാമും രാജേഷ് കൃഷ്ണയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത്. കുടുംബപരമായി തന്നെ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ രാജേഷ് കൃഷ്ണയുടെ വീട്ടിലെത്തിയതെന്നും മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. പുസ്തക പ്രകാശന പരിപാടിയിലും ഗോവിന്ദന്‍ മാഷ് ഭാഗമായി. അത് കണ്ട് താന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. താന്‍ പറഞ്ഞതൊക്കെ കേട്ടിട്ടും മാഷിന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. താനും പിന്നീട് തന്റെ തിരക്കിലേക്ക് മടങ്ങി. ഇതിനിടെയാണ് പാര്‍ട്ടി സമ്മേളന പ്രതിനിധിയായി രാജേഷ് കൃഷ്ണ വരുന്ന വിവരം അവിടെ നിന്ന് ഇയാള്‍ കാരണം ബുദ്ധിമുട്ടിലായ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞത്. അതിന്റെ ഭാഗമായാണ് താന്‍ ഇടപെട്ടത്.

തമിഴ്‌നാട്ടിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ധവാളെ സഖാവിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന് പരാതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കി. ആ കത്താണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ മാനനഷ്ട കേസിനോടനുബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്നത്. കത്ത് എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് കിട്ടി എന്ന് ചോദിച്ചാണ് താന്‍ എംവി ഗോവിന്ദന്‍ മാഷിന് ഇമെയിലായി പരാതി നല്‍കിയത്. അതും പുറത്തായി. ഗോവിന്ദന്‍ മാഷിന്റെ മകന്‍ ശ്യാമാണ് അതിന് പിന്നിലെന്നാണ് സംശയമെന്ന് മുഹമമദ് ഷെര്‍ഷാദ് പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടി. എംവി ഗോവിന്ദന്റെ മകന്‍ ശ്വാമുമായി രാജേഷ് കൃഷ്ണ സാമ്പത്തിക ഇടപാടുകള്‍ നടത്തി.2016 ന് ശേഷം യുകെയില്‍ വലിയ വളര്‍ച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും മുഹമ്മദ് ഷര്‍ഷാദ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് 2021 ലാണ് താന്‍ രാജേഷ് കൃഷ്ണയെ കുറിച്ച് പരാതി നല്‍കിയത്. ആ കത്ത് കണക്കിലെടുത്ത് രാജേഷ് കൃഷ്ണയെ മാറ്റിനിര്‍ത്തി. എന്നാല്‍ എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ രാജേഷ് കൃഷ്ണ പഴയത് പോലെ ശക്തമായി തിരിച്ചെത്തി. ശ്യാമും രാജേഷ് കൃഷ്ണയും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ താന്‍ തന്റെ മുന്‍പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ആ കാര്യങ്ങള്‍ പുറത്തുവന്നാല്‍ ഗോവിന്ദന്‍ മാഷിന് സെക്രട്ടറി സ്ഥാനത്ത് സമ്മര്‍ദ്ദമേറും. തന്റെ പരാതികള്‍ ചോരാന്‍ കാരണം ശ്യാമാണ്. ശ്യാം ചിലപ്പോള്‍ നിര്‍ബന്ധിതനായതാകാം. രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാകാമെന്നും ഷര്‍ഷാദ് പറഞ്ഞു.

തന്റെ കുടുംബത്തിലുള്‍പ്പെടെ പ്രശ്നങ്ങളുണ്ടായ വേളയിലാണ് താന്‍ രാജേഷ് കൃഷ്ണയെ കുറിച്ച് അന്വേഷിച്ചത്. 2016 വരെ യുകെയില്‍ ബെഡ് സ്പേസ് ഷെയര്‍ ചെയ്ത് താമസിച്ചയാളാണ് ഇയാള്‍.. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ലോകകേരള സഭയില്‍ ഇയാള്‍ ഭാഗമായി. അതിനുള്ള യോഗ്യത രാജേഷ് കൃഷ്ണയ്ക്ക് ഉണ്ടായിരുന്നോ എന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്ന് പി ശ്രീരാമകൃഷ്ണന്‍ മുഖേനയാണ് ലോക കേരള സഭയില്‍ എത്തിയത്. കൊല്ലത്തെ കടല്‍-കായല്‍ ശുചീകരണ പദ്ധതിയില്‍ ബ്രിട്ടീഷ് പൗരന്‍ മുഖേന കിംഗ്ഡം എന്ന പേരില്‍ ഒരു കടലാസ് കമ്പനിയുണ്ടാക്കി അതിലൂടെ രാജേഷ് കൃഷ്ണ പണമെത്തിച്ചു. അതില്‍ മൂന്നിലൊന്ന് ഭാഗം തുക മാത്രമാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. ബാക്കി വകമാറ്റുകയായിരുന്നു. കിംഗ്ഡം കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പലവിധത്തിലുള്ള ഇടപാടുകള്‍ രാജേഷ് കൃഷ്ണ നടത്തിയതെന്നും രാജേഷ് കൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഷര്‍ഷാദ് പറയുന്നു.

Tags:    

Similar News