ആ പാവപ്പെട്ടവന്റെ ശരീരത്തിൽ പരിക്കില്ലാത്ത ഒരു ഇടം പോലുമില്ല; മുഷ്ടി ചുരുട്ടിയുള്ള ഇടിയിൽ തലക്കുള്ളിൽ വരെ രക്തസ്രാവം; രാജ്യത്തിന് മുന്നിൽ കേരളം ഒരിക്കൽ നാണിച്ച് തലതാഴ്ത്തിയ മധുവിന്റെ കൊലപാതകത്തേക്കാൾ അതിക്രൂരമായ അവസ്ഥ; മനസ്സ് മുഴുവൻ ജീവന് വേണ്ടി കേഴുന്ന അവന്റെ ദയനീയ നോട്ടം മാത്രം; ആൾക്കൂട്ട മർദ്ദനത്തിൽ ജീവനറ്റ രാംനാരായണിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോൾ
പാലക്കാട്: പാലക്കാട് അട്ടപ്പള്ളത്ത് ആൾക്കൂട്ട വിചാരണയ്ക്കിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിന്റെ (31) മരണം അതിക്രൂരമായ മർദ്ദനം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കേരളത്തെ നടുക്കിയ അട്ടപ്പാടി മധുവിന്റെ കൊലപാതകത്തേക്കാൾ ക്രൂരമായാണ് രാംനാരായണൻ കൊല്ലപ്പെട്ടതെന്ന് പോലീസ് സർജൻ വിലയിരുത്തി.
മണിക്കൂറുകൾ നീണ്ട ക്രൂരമായ വിചാരണയ്ക്കും മർദ്ദനത്തിനുമാണ് രാംനാരായണൻ ഇരയായത്. ഇയാളുടെ ശരീരത്തിൽ പരിക്കേൽക്കാത്ത ഒരിടം പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേഹമാസകലം രക്തസ്രാവം ഉണ്ടായിരുന്നു. തലയിലേറ്റ ശക്തമായ അടിയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് നില ഗുരുതരമാക്കിയത്. വടി കൊണ്ടും വിറകുകൊള്ളികൾ കൊണ്ടും തല മുതൽ പാദം വരെ ഇയാളെ അടിച്ചു തകർത്തിട്ടുണ്ട്. കേരളത്തിൽ ഇത്തരമൊരു ക്രൂരകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പോലീസ് സർജൻ നിരീക്ഷിച്ചു.
"നീ ബംഗാളിയാണോ അതോ ബംഗ്ലാദേശിയാണോ?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു അക്രമിസംഘം മർദ്ദനം തുടങ്ങിയത്. താൻ സഹോദരിയുടെ വീട്ടിൽ നിന്ന് വരികയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ കേട്ടില്ല. ബംഗ്ലാദേശിൽ നിന്നാണോ എന്ന് ചോദിച്ച് രാംനാരായണിന്റെ തലയിൽ അടിക്കുന്ന ദൃശ്യങ്ങൾ അക്രമികൾ തന്നെ പകർത്തിയ വീഡിയോയിലുണ്ട്. കള്ളനല്ലെന്നും കൊല്ലരുതെന്നും യാചിച്ചിട്ടും മണിക്കൂറുകളോളം ചോരയൊലിച്ച് കിടന്ന ഇയാളെ വൈകി പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
രാംനാരായണൻ മോഷ്ടാവല്ലെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജോലി അന്വേഷിച്ച് നാല് ദിവസം മുമ്പാണ് ഇയാൾ പാലക്കാട്ടെത്തിയത്. വഴി തെറ്റിയാണ് ആ പ്രദേശത്ത് എത്തിയതെന്നും എട്ടും പത്തും വയസ്സുള്ള രണ്ട് മക്കൾ ഇയാൾക്കുണ്ടെന്നും ബന്ധുവായ ശശികാന്ത് ബഗേൽ വ്യക്തമാക്കി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജനുവരി 27-ന് പാലക്കാട് നടക്കുന്ന സിറ്റിംഗിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.