നെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം
രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി മങ്ങാട് നിരാഞ്ജനത്തില്‍ എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദും ജെ.ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ജനാവലിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
എഐ 503 എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍നിന്ന് രാത്രി 7.30ഓടെ കൊച്ചിയിലെത്തിച്ചത്. രാമചന്ദ്രന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിനു ശേഷം വെള്ളിയാഴ്ചയായിരിക്കും രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുക
പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 9 വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 11.30 ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുല്‍ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു. ഇന്നലെയാണ് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേരും കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും വിനോദയാത്രയ്ക്കായി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. ഭാര്യയ്ക്കും മകള്‍ക്കും മകളുടെ രണ്ടു കുട്ടികള്‍ക്കുമൊപ്പമാണ് അവധി ആഘോഷിക്കാനായി പഹല്‍ഗാമില്‍ എത്തിയത്. മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്
ഇന്നലെ വൈകുന്നേരത്തോടെ രാമചന്ദ്രന്റെ മരണവാര്‍ത്ത എറണാകുളത്തുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്ന വിവരവും എത്തി. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മകന്‍ കുടുംബത്തോടൊപ്പം ചേര്‍ന്നു.
രാമചന്ദ്രന്‍ എറണാകുളത്ത് ബിസിനസ് നടത്തിവരികയാണ്. കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി ഇടപ്പള്ളിയിലെ മാങ്ങാട്ട് റോഡിലാണ് താമസം. ആക്രമണത്തില്‍ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നേവല്‍ എന്നയാളും കൊല്ലപ്പെട്ടിട്ടുണ്ട്.