രണ്ടാമൂഴത്തില്‍ എംടിയുടെ മനസ്സില്‍ ഓടിയെത്തിയത് മണിരത്‌നം എന്ന സംവിധായകന്‍; 'ഭീമന്‍' യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടത് ബാഹുബലി ട്രീറ്റ്‌മെന്റ് എന്ന് ഉപദേശിച്ച മണിരത്‌നവും; മോഹന്‍ലാല്‍ നായകനാകുമോ? മലയാളത്തിലെ ഇതിഹാസ നോവല്‍ സിനിമയാക്കാന്‍ രാജമൗലി? നിളയുടെ കഥാകാരന്റെ ആ ആഗ്രഹം സഫലമാകും

Update: 2024-12-29 04:13 GMT

കോഴിക്കോട്: 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കണമെന്ന എം.ടി.വാസുദേവന്‍ നായരുടെ സ്വപ്‌നം നടക്കും. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. ഈ സംവിധായകനുമായി പ്രാരംഭചര്‍ച്ച തുടങ്ങിയിരുന്നു. ഇന്ത്യയിലെ വന്‍ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് രണ്ടാമൂഴം ഏറ്റെടുക്കാന്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെ ചിത്രത്തില്‍ ഭീമനായി എത്താനാണ് സാധ്യത. മോഹന്‍ലാലിന്റെ അഭിനയ മികവിനെ ഏറെ പുകഴ്ത്തിയ സംവിധായകനാണ് ദൗത്യം ഏറ്റെടുക്കുന്നതെന്നാണ് സൂചന. ബാഹുബലി സംവിധായകന്‍ രാജമൗലി എത്തുമെന്നാണ് സിനിമാ ലോകത്തെ ചര്‍ച്ച.

മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. ഇത്രയും വലിയ കാന്‍വാസില്‍ ഈ സിനിമ ചെയ്യാന്‍ തനിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്‌നം പിന്നീടു പിന്മാറുകയായിരുന്നു. മണിരത്‌നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ എംടിക്കു ശുപാര്‍ശ ചെയ്തത്. പലവേളകളിലും എംടിയോടുള്ള ആദരവും ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ കഴിയാത്ത വിഷമവും മണിരത്‌നം പങ്കുവച്ചിട്ടുണ്ട്. അയല്‍പക്കത്തെ ആരാധകനായി മണിരത്‌നം ഇപ്പോഴും തുടരുന്നു. എംടിയുടെ സ്‌ക്രിപ്ട് കൊതിച്ചിട്ടും കിട്ടാത്ത പലരില്‍ ഒരാളായിരുന്നു മണിരത്‌നം. എന്നാല്‍ രണ്ടാമൂഴത്തിന് വേണ്ടത് ബാഹുബലി ട്രീറ്റ്‌മെന്റാണെന്ന അഭിപ്രായം മണിരത്‌നം എംടിയെ അറിയിച്ചുവെന്നാണ് സൂചന.

പല വന്‍കിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോയി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും നിര്‍മാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടര്‍ന്ന് എംടി നിയമ നടപടികളിലൂടെ കരാറില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് മകള്‍ അശ്വതി വി.നായരെ തിരക്കഥ ഏല്‍പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാന്‍ നടപടി ആരംഭിച്ചത്. സംവിധായകന്റെ നിര്‍മാണക്കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നാണ് രണ്ടാമൂഴം നിര്‍മിക്കുക. എംടിയുടെ 9 ചെറുകഥകള്‍ ചേര്‍ത്ത് 9 സംവിധായകര്‍ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയില്‍ റിലീസ് ചെയ്ത 'മനോരഥങ്ങള്‍' എന്ന സിനിമ നിര്‍മിച്ചത് എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന നിര്‍മാണക്കമ്പനിയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രിയദര്‍ശനാണ്. അതും സൂപ്പര്‍ ഹിറ്റായിരുന്നു.

മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമന്‍. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന്‍. എംടി വാസുദേവന്‍ നായരുടെ നോവലിലെ ഈ വാക്കുകള്‍ മലയാളി ഏറ്റെടുത്തതാണ്. ഇതിന് സമാനമാണ് ചരിത്ര നോവലിനെ സിനിമയാക്കാന്‍ ഇറങ്ങിയ എംടിയുടെ അവസ്ഥയും. എംടി നിരാശനായിരുന്നു. അതുകൊണ്ട് തന്നെ ഇനിയും രണ്ടാമൂഴത്തിനായി കാത്തിരിക്കാന്‍ വയ്യ എന്ന നിലപാട് എംടി എടുത്തത് 2018ലായിരുന്നു. പിന്നെ നിയമ പോരാട്ടം. അത് വിജയിക്കുകയും ചെയ്തു. അതിന് ശേഷം രണ്ടാമൂഴം സിനിമയാക്കാനുള്ള തീവ്ര ശ്രമത്തിലായി എംടി. ഇതിനിടെയാണ് അസുഖമെത്തിയത്.

'രണ്ടാമൂഴം' നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി തീര്‍പ്പാക്കിയത് 2020ലാണ്. അതിന് ശേഷം എംടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. രണ്ടാമൂഴം സിനിമയാക്കാന്‍ പറ്റുന്ന അന്തരീക്ഷമല്ല ഇപ്പോഴെന്ന് എം.ടി. വാസുദേവന്‍ നായര്‍. കോവിഡ് കാരണം സിനിമയുടെ ജോലികളെല്ലാം നിലച്ചിരിക്കുകയാണല്ലോ. വലിയ സിനിമകളുടെ നിര്‍മാണം നടത്താവുന്ന അന്തരീക്ഷമല്ല ഇപ്പോള്‍. ഇപ്പോഴത്തെ പ്രയാസമൊക്കെ ഒന്നു കഴിയട്ടെ. തിരക്കഥ കഴിഞ്ഞയാഴ്ചതന്നെ തന്നിരുന്നു. ഇനി സിനിമ നിര്‍മിക്കാനുള്ള അന്തരീക്ഷം ശരിയാവട്ടെ. ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല -ഇതായിരുന്നു പ്രതികരണം. ഈ കേസില്‍ വലിയ നിയമ യുദ്ധമാണ് എംടി നടത്തിയത്. കേരളത്തിലെ ഒരു സാഹത്യകാരനും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായില്ലെന്നതാണ് വസ്തുത.

രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥകള്‍ തിരിച്ചുകിട്ടാന്‍ 2018-ല്‍ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് അനുകൂല തീരുമാനമുണ്ടായത്. ഈ തിരക്കഥകളുടെ ഒറിജിനലും ഇലക്ട്രോണിക് പകര്‍പ്പുകളും എം.ടി.ക്ക് അവകാശപ്പെട്ടതാണെന്നും ഇതുപയോഗിക്കാന്‍ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന് അവകാശമുണ്ടായിരിക്കില്ലെന്നും വിധിയില്‍ വ്യക്തമാക്കി. 2014-ലാണ് രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനുമായി കരാറൊപ്പിട്ടത്. രണ്ടുവര്‍ഷത്തിനകം സിനിമയുണ്ടാക്കുമെന്നായിരുന്നു കരാര്‍. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സിനിമാ ജോലികള്‍ തുടങ്ങാത്തതിനാല്‍ 2018-ല്‍ തിരക്കഥ തിരികെച്ചോദിച്ച് എം.ടി. കോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞതിനാല്‍ കരാര്‍ അസാധുവായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

തര്‍ക്കത്തില്‍ മധ്യസ്ഥത വേണമെന്ന വാദവുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയതോടെ കേസ് സുപ്രീംകോടതി വരെ പോയി. ഒടുവില്‍, അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ എം.ടി.യില്‍നിന്നു കൈപ്പറ്റി തിരക്കഥ തിരിച്ചുനല്‍കാമെന്ന ഒത്തുതീര്‍പ്പിലെത്തി. സുപ്രീംകോടതി അംഗീകരിച്ച ഈ വ്യവസ്ഥ കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയെ അറിയിച്ചു. ഇതോടെയാണ് എം.ടി.യുടെ ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ടു നല്‍കിയ കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എതിര്‍ ഹര്‍ജി നല്‍കിയത് അടക്കം ചര്‍ച്ചയായിരുന്നു. വിഷയം കോടതിക്കു പുറത്തു പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷിയായ സംവിധായകന്‍ ശ്രീകുമാരമേനോന്‍ നല്‍കിയ ഹര്‍ജിയുടെ മറുപടി ഹര്‍ജിയിയായിരുന്നു ഇത്.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്.

1977 ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാര്‍ മേനോന്‍ ഏറെ വിവാദങ്ങളില്‍ പെട്ടു. ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനി പാപ്പര്‍ സ്യൂട്ടും നല്‍കി. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഇതോടെയായിരുന്നു എംടി നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

Tags:    

Similar News