രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരിയുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിന്തറ്റിക് ഡ്രഗ്സുകള്‍ തലമുറയുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്നു എന്ന് പറയുന്നവരും അടിമകള്‍; നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്ന് പറഞ്ഞ റാപ്പര്‍ വേടനും ആ പട്ടികയില്‍ ഉണ്ടായിരുന്നോ? സംവിധായകര്‍ക്ക് പിന്നാലെ ഗായകന്‍; ഭയന്ന് വിറച്ച് മട്ടാഞ്ചേരി മാഫിയ
കൊച്ചി; മലയാള സംഗീത ലോകത്തെ നവ തരംഗമായ ചില ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കള്‍ എന്ന നിഗമനം എക്സൈസ് നേരത്തെ തന്നെ പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെയാണ് റാപ്പര്‍ വേടന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. പരിപാടികളില്‍ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലര്‍ക്കും പാടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗമാണ് ഇതിന് കാരണം. പത്തിലധികം ന്യൂജന്‍ ഗായകരെ നിരീക്ഷിച്ച് വരികയാണ്. പരിപാടികളുടെ മറവില്‍ ലഹരി ഉപയോഗം നടത്തുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ആവശ്യമെങ്കില്‍ മുടിയുടെ സാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിക്കുമെന്നും എക്സൈസ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു.
ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ പറഞ്ഞിരുന്നു. സിന്തറ്റിക് ഡ്രഗ്സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്നാണ് പറയുന്നതെന്നും വേടന്‍ പറഞ്ഞു. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വേടന്റെ പരാമര്‍ശം. ഈ വേടനെയാണ് ഇന്ന് എക്‌സൈസ് പൊക്കിയത്. ദയവ് ചെയ്ത് ആരും തന്നെ ലഹരിക്ക് അടിമപ്പെടരുതെന്നും നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടന്‍ പറയുന്നുണ്ട്. താന്‍ ഇക്കാര്യം പറയുമ്പോള്‍ കള്ളുകുടിച്ചിട്ടല്ലേ നീയൊക്കെ ഇതെല്ലാം പറയുന്നതെന്ന് നിങ്ങള്‍ ചോദിക്കും. എന്നാല്‍ സിന്തറ്റിക്ക് ഡ്രഗ്സ് എന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഡ്രഗ്സ് നമ്മുടെ തലമുറയെ തന്നെ നശിപ്പിക്കുകയാണെന്നും വേടന്‍ പറഞ്ഞു. സ്വന്തം അപ്പനെ കൊല്ലാനൊക്കെ ഒരാള്‍ക്ക് തോന്നുമോ? ഇതിനെല്ലാം പിന്നില്‍ സിന്തറ്റിക് ഡ്രഗ്സിന്റെ സ്വാധീനമാണെന്നും വേടന്‍ പറയുന്നുണ്ട്. തന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിഷമിക്കരുത്, ഇതൊക്കെ വേണ്ടെന്ന് വെച്ചാല്‍ അച്ഛനെയും അമ്മയെയുമെല്ലാം നോക്കി നന്നായി ജീവിക്കാമെന്നും വേടന്‍ പറഞ്ഞിരുന്നു. ഈ ഗായകനും പക്ഷേ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നതാണ് വസ്തുത.
ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാമേഖലയിലെ കൂടുതല്‍ ലഹരി ബന്ധങ്ങള്‍ എക്‌സൈസ് കണ്ടെത്തിയത്. യുവ നടന്മാരില്‍ പ്രമുഖരായ ഒരാളുടെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്‌സൈസിന് കിട്ടി. നിലവില്‍ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം നിരീക്ഷണമുള്ളത്. സിനിമാ സെറ്റുകളിലും പോലീസ് രഹസ്യാന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണം സിനിമ മേഖലയിലെ പാട്ടുകാരിലേക്കും കേന്ദ്രീകരിച്ചത്. ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകള്‍ക്ക് മുന്‍പ് ലഹരി ഉപയോഗിക്കുന്നതായി ആണ് എക്‌സൈസിന് വിവരം ലഭിച്ചത്. പിന്നണി ഗായകരില്‍ 2 യുവ ഗായകരും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ് ആണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ളവര്‍ എല്ലാം നിരീക്ഷണത്തിലാണ്. സിനിമ മേഖലയില്‍ ഒരു യുവനായക നടന്റെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും എക്‌സൈസിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ന്യൂജെന്‍ സിനിമാ സെറ്റുകളിലും ലഹരി സജീവമാണെന്നാണ് ഉയരുന്ന ആക്ഷേപം. പല സിനിമകള്‍ക്കും ലഹരി മാഫിയ ഫണ്ട് ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
എവിടെയാണ് ലഹരിയുള്ളതെന്ന് എക്സൈസുകാര്‍ക്ക് അറിയാം. എന്നാല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം നീണ്ടാല്‍ അപ്പോള്‍ വിളി വരും. ഇതോടെ എല്ലാം അവതാളത്തിലുമാകും. കുപ്രസിദ്ധമായ കായംകുളം കേസില്‍ ഉദ്യോഗസ്ഥര്‍ പെട്ടു. കഞ്ചാവ് ഉപയോഗിച്ച വിഐപിയെ കൈയ്യോടെ പിടികൂടി. അപ്പോഴേക്ക് വിളി വന്നു. ഈ സമയം മെഡിക്കല്‍ പരിശോധന പോലും വേണ്ടെന്ന് വച്ച് പ്രതിയെ വിടേണ്ടിയും വന്നു. പക്ഷേ പിന്നീട് മെഡിക്കല്‍ പരിശോധന നടത്തിയില്ലെന്ന കുറ്റം ചാര്‍ത്തി ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനും ശ്രമമുണ്ടായി. ഇതോടെ എക്സൈസുകാര്‍ അങ്കലാപ്പിലുമായി. അതുകൊണ്ട് തന്നെ മുന്‍കൂര്‍ അനുമതി രേഖാമൂലം ഉണ്ടെങ്കില്‍ മാത്രം വിഐപികളെ തൊട്ടാല്‍ മതിയെന്നായിരുന്നു എക്‌സൈസ് നിലപാട്. ഇതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോ വിവാദമുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസിന് ഉന്നത തലങ്ങളില്‍ നിന്നും നിര്‍ദ്ദേശം കിട്ടി. അങ്ങനെ അതിവേഗ നടപടികളുണ്ടായി. അതിനിടെ ഇപ്പോഴും ചില അട്ടിമറികള്‍ നടക്കുന്നുണ്ടെന്ന സൂചനയുണ്ട്. പിടിക്കുന്ന കഞ്ചാവിന്റെ തൂക്കം കുറച്ചു കാണിച്ച് എല്ലാവര്‍ക്കും ജാമ്യം നല്‍കേണ്ട അവസ്ഥയുണ്ട്.
പല വിധ വിവാദങ്ങളില്‍ കുടുങ്ങിയ വ്യക്തിയാണ് ഇപ്പോള്‍ എക്‌സൈസ് കഞ്ചാവുമായി പിടിച്ച വേടന്‍. ഇതിനുമുമ്പ് മലയാള സിനിമയായ എമ്പുരാന്‍ റിലീസായത്തിന് പിന്നാലെയുണ്ടായ ഇ.ഡി റെയ്ഡിലും വേടന്‍ പ്രതികരിച്ചിരുന്നു. 'സിനിമ ചെയ്തതിനൊക്കെ ഇ.ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെകുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടല്ലോ അല്ലേ മക്കള്‍ക്ക്. സമാധാനമായി, നിങ്ങളുടെ സാമൂഹികാവസ്ഥയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളൂ. കോളേജില്‍ പോകുന്ന കുട്ടികളാണ് നിങ്ങള്‍. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളര്‍ന്നോളൂ. കാരണം നിങ്ങള്‍ മാത്രമേയുള്ളൂ ഇനി, കാര്‍ന്നവന്മാരെല്ലാം മണ്ടത്തരം കാണിക്കുകയാണ്,' വേടന്റെ വാക്കുകള്‍. വേടന്റെ പ്രസ്തുത വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തന്റെ വേദികളിലെല്ലാം പാട്ടുകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന റാപ്പര്‍ കൂടിയാണ് വേടന്‍. ഇടതുപക്ഷ ആഭിമുഖ്യമാണുള്ളത്. അഞ്ചു ഗ്രാം കഞ്ചാവാണ് വേടനില്‍ പിടിച്ചത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടും. കേസ് വലിയ കുരുക്കാകുയുമില്ല.
ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സിനിമാ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരുടെ ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധന നടത്താത്ത എക്സൈസിന്റെ നടപടിയില്‍ സര്‍ക്കാരിന് കടുത്ത അമര്‍ഷമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വി.ഐ.പികള്‍ ഉള്‍പ്പെടുന്ന ലഹരിക്കേസുകളില്‍ വരുത്തുന്ന വീഴ്ചകള്‍ പിന്നീട് തിരിച്ചടിയാകുന്നതായാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത കാലത്ത് കായംകുളം എം.എല്‍.എ: യു. പ്രതിഭയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ വൈദ്യ പരിശോധന നടത്താത്ത എക്സൈസ് നടപടി വലിയ വിവാദമായിരുന്നു. എന്നിട്ടും ലഹരിക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധന സംവിധായകരുടെ കാര്യത്തില്‍ നടന്നില്ല. കൊച്ചിയില്‍ പുലര്‍ച്ച നടന്ന റെയ്ഡില്‍ കഞ്ചാവ് കൈവശം വച്ചതിനാണ് മൂന്നുപേര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് ലഹരി ഉപയോഗം നോക്കേണ്ട കാര്യമില്ലെന്നാണു വീഴ്ചയെ ന്യായീകരിക്കാന്‍ എക്സൈസുകാര്‍ പറയുന്നത്. രണ്ടും ഒരേ ശിക്ഷ ലഭിക്കാവുന്ന ചെറിയ കുറ്റങ്ങളാണെന്നും പറയുന്നു. എന്നാല്‍ ശരീരസ്രവ പരിശോധനയിലൂടെ പിടിക്കപ്പെട്ടവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് തെളിയിക്കാനായാല്‍ കേസിന് ബലം കൂടും.
മൂന്ന് പേരും ആ മുറിയില്‍ ഉണ്ടായിരുന്ന കഞ്ചാവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞാല്‍ അത് തെളിയിക്കാന്‍ എക്സൈസിന് വിയര്‍ക്കേണ്ടിയും വരും. ഇതെല്ലാം അറിയാവുന്ന എക്സൈസാണ് സിനിമാ സംവിധായകരുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തത്. മൂന്നുപേര്‍ ഒന്നിച്ചിരുന്ന മുറിയില്‍ നിന്നാണ് 1.6 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇത് കൈവശം വച്ച ഒരാള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് കേസില്‍ പങ്കില്ലെന്ന് വാദിക്കാം. ഒപ്പമിരുന്നു എന്ന കാരണത്താല്‍ ആര്‍ക്കും മേല്‍ കുറ്റം ചുമത്താനാവില്ലെന്ന വാദവും ഉയരുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കൈന്‍ കേസിലെ വിധി എതിരായത് പ്രാഥമികമായി വരുത്തിയ തെറ്റുകള്‍ കാരണമാണ്. ഇത് എണ്ണി പറഞ്ഞാണ് ഷൈനെ കോടതി വെറുതെ വിട്ടത്. ആ കേസ് അന്വേഷിച്ചത് പോലീസായിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് വേടനേയും പൊക്കുന്നത് അതുകൊണ്ട് എക്‌സൈസ് എന്തെല്ലാം കരുതലുകള്‍ വേടന്റെ കേസില്‍ എടുക്കുമെന്നതാണ് നിര്‍ണ്ണായകം.