മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്; മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്; മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്; പകരം പുനരധിവസിപ്പിക്കണം; ആരോപണത്തിന് മറുപടിയുമായി റഷീദലി ശഹാബ് തങ്ങള്‍
മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്;
പാണക്കാട്: മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റഷീദലിയുടെ കാലത്താണ് നോട്ടീസ് അയച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവരവേയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തുവന്നത്.
2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 2008 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാറിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ഇതിനെ തുടര്‍ന്ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി വിഷയം പരിഗണിച്ചു. എന്നാല്‍ ഒരു നോട്ടീസ് പോലും അയക്കാതെയാണ് കാലവധി പൂര്‍ത്തിയാക്കി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇറങ്ങിയത്.
പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് തന്റെ ശേഷം വന്ന വഖഫ് ബോര്‍ഡ് കമ്മിറ്റിയായിരുന്നു. അന്ന് ടി.കെ. ഹംസയായിരുന്നു ചെയര്‍മാന്‍. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, താനല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ. മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്. പകരം പുനരധിവസിപ്പിക്കണമെന്നും റഷീദലി ശഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും കോഴിക്കോട് നടന്ന കെഎന്‍എം സമാധാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ വിളിച്ച് ചേര്‍ത്ത മുസ്ലിം സംഘടനാ നേതൃയോഗം ഒന്നിച്ചെടുത്ത തീരുമാനമാണിത്. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി നേരത്തെ ഇക്കാര്യം പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം അത് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുനമ്പം പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇസ്ലാമിലെ മനുഷ്യോപകാരപ്രദവും മനോഹരവുമായ വഖഫ് സംവിധാനത്തിന്നെതിരില്‍ അനാവശ്യ വിമര്‍ശനങ്ങളുയര്‍ത്തിവിടുന്നത് ശരിയല്ലെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.
നാനാജാതി മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും പോലും കുടിവെള്ളം ലഭ്യമാക്കാന്‍ വഖഫ് സ്വത്തുക്കള്‍ ഉപയോഗിച്ച് സൗകര്യമേര്‍പ്പെടുത്തിയ മുസ്ലിം ഖലീഫമാരുടെ ചരിത്രവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലില്‍ വഖഫ് സംവിധാനത്തെ തകര്‍ക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളുള്ളത് കൊണ്ടാണ് മുസ്ലിങ്ങള്‍ എതിര്‍ക്കുന്നത്. കേന്ദ്ര വഖഫ് ബില്ലും മുനമ്പം പ്രശ്‌നവും വ്യത്യസ്തങ്ങളായ രണ്ട് വിഷയങ്ങളാണ്. അത് രണ്ടും കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ മുനമ്പം നിവാസികളോടൊപ്പമാണെന്നും ഡോ.ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.