കൂത്തുപറമ്പിലെ പേരു ദോഷം മാറ്റാന്‍ ആദ്യ യാത്ര കണ്ണൂരിലേക്ക്; പോലീസ് മേഖലാ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആദ്യ ഔദ്യോഗിക പരിപാടി; ഡ്രഗ്‌സും ഗുണ്ടകളും സൈബര്‍ ക്രൈമും അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപനം; പുഞ്ചിരിയുമായി വിവാദങ്ങളെ നേരിടാന്‍ റെഡി; റവാഡയുടെ 'ഇന്റലിജന്‍സ് നയം' ഇനി കേരളത്തിന്

Update: 2025-07-01 02:26 GMT

തിരുവനന്തപുരം: കണ്ണൂരിലെ പേരു ദോഷം മാറ്റാന്‍ ആദ്യ ഔദ്യോഗിക യാത്ര കണ്ണൂരിലേക്ക്. പോലീസ് മേധാവായിയായി സര്‍ക്കാര്‍ നിയമിച്ച ശേഷം റവാഡ ചന്ദ്രശേഖര്‍ അതിവേഗം തിരുവനന്തപുരത്ത് എത്തിയത് കണ്ണൂരിലെ പരിപാടിയിലെ പങ്കാളിത്തം ഉറപ്പിക്കാനാണ്. മുമ്പ് കേരള കേഡറില്‍ എ എസ് പിയായി എത്തിയ റവാഡ ആദ്യം ജോലിക്ക് നിയോഗിക്കപ്പെട്ടതും കണ്ണൂരിലായിരുന്നു. രണ്ടാം ദിവസം കൂത്തു പറമ്പിലെ പേരു ദോഷമുണ്ടായി. ഇത് മാറ്റിയെടുക്കുകായണ് ലക്ഷ്യം.. ഡിജിപി റവാഡ എ. ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂരിലേക്ക് പറക്കുന്നു.

കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തില്‍ റവാഡ പങ്കെടുക്കും. കേന്ദ്ര ഡപ്യൂട്ടേഷനില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായിരുന്നു റവാഡ. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്ര സ്വദേശിയാണ്. 2027 ജൂലൈ ഒന്നു വരെ സര്‍വീസ് ലഭിക്കും. 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പിലെ പൊലീസ് വെടിവയ്പില്‍ പ്രതിചേര്‍ക്കപ്പെട്ട റവാഡയുടെ നിയമനത്തിനു സിപിഎം പച്ചക്കൊടി കാട്ടിയിരുന്നു. റവാഡ മാത്രമല്ല വെടിവയ്പിന് ഉത്തരവാദിയെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയില്‍ 17 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് റവാഡ കേരളത്തിലേക്കു മടങ്ങിയെത്തുന്നത്. ഇതിലെ ഔദ്യോഗികമായ ആദ്യ പരിപാടിയും കണ്ണൂരിലാകുന്നു. കണ്ണൂരിലെ സിപിഎമ്മിലെ ഒരു വിഭാഗം ഇപ്പോഴും റവാഡയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അത് കാര്യമാക്കേണ്ടതില്ലെന്നാണ് പിണറായിയുടേയും സിപിഎമ്മിന്റേയും നിലപാട്.

ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി മാര്‍ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസില്‍ വെച്ച് അധികാരക്കൈമാറ്റ നടപടി നടന്നു. അതിന് ശേഷം കേരളത്തിലെ ക്രമസമാധാനത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നു. പത്രസമ്മേളനവും നടത്തി. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നാണെന്നും പ്രഖ്യാപിച്ചു റവാഡ. ഗുണ്ടകളെ അടിച്ചമര്‍ത്തി സമാധാനമുണ്ടാകും. ഇതിനൊപ്പം മതമൈത്രിയും ഉറപ്പാക്കുമെന്നും വിശദീകരിച്ചു. സൈബര്‍ ക്രൈമിനെ നേരിടുമെന്നും റവാഡ അറിയിച്ചു. പൊതു ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അടിമുടി മാറും. നീതിയുറപ്പാക്കാന്‍ എല്ലാം ചെയ്യുമെന്നും പോലീസ് മേധാവി പറയുന്നു. കേരളത്തിലെ പോലീസ് മേധാവി വെല്ലുവിളി നിറഞ്ഞതാണെന്നും നിറ പുഞ്ചിരിയോടെ റവാഡ വിശദീകരിച്ചു.

മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോള്‍ താത്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച് വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് റവാഡ എ. ചന്ദ്രശേഖര്‍ അധികാരം ഏറ്റെടുത്തത്. പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ആസ്ഥാനവളപ്പിലുള്ള സ്തൂപത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം വൈകാതെ കണ്ണൂരിലേക്ക് പോകും. 10.30 ഓടെ ആയിരിക്കും വിമാനത്തില്‍ കണ്ണൂരിലേക്ക് മടങ്ങുക.

യുപിഎസ്സി ചുരുക്കപ്പട്ടികയില്‍ രണ്ടാമനായ റവാഡ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷ്യല്‍ ഡയറക്ടറാണിപ്പോള്‍. യുപിഎസ്സി പട്ടികയില്‍ ഒന്നാമനായിരുന്ന നിധിന്‍ അഗര്‍വാളിനെ ഒഴിവാക്കിയാണ് റവാഡയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കേണ്ട റവാഡയ്ക്ക് പോലീസ് മേധാവിയാകുന്നതോടെ, സുപ്രീംകോടതി ഉത്തരവിന്റെ ഫലത്തില്‍ ഒരുവര്‍ഷംകൂടി സര്‍വീസ് നീട്ടിക്കിട്ടും.

റവാഡ പോലീസ് മേധാവിയായതോടെ നിധിന്‍ അഗര്‍വാള്‍ വിരമിക്കുന്ന ഒഴിവില്‍ മാത്രമേ എം.ആര്‍. അജിത്കുമാറിന് ഇനി ഡിജിപി സ്ഥാനത്തേക്ക് എത്താനാകൂ. സര്‍ക്കാരിന്റെ അതിവിശ്വസ്തനായ അജിത് കുമാറിന് ഇത് വലിയ തിരിച്ചടിയാണ്.

Tags:    

Similar News