'നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ'; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' മാതൃഭൂമിയില്‍ എത്തിയപ്പോള്‍ 'ഇതാണെന്റെ ജീവിതം' എന്നായി
'നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ'
കോട്ടയം: മൗനം ഭീരുത്വമല്ലെന്നും താനൊരു ആത്മകഥ എഴുതുകയാണെങ്കില്‍ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളുവെന്നും രവി ഡീസി. ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തെക്കുറിച്ച ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് രവി ഇക്കാര്യം വ്യക്തമാക്കിയത്. ഇ.പി. ജയരാജന്റെ ആത്മകഥ 'കട്ടന്‍ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കാനിരുന്നതാണ്. എന്നാല്‍, ചില ഭാഗങ്ങള്‍ പുറത്തുവന്നതോടെ വിവാദമാവുകയായിരുന്നു. പുറത്തുവന്നത് തന്റെ ആത്മകഥയല്ലെന്ന് പറഞ്ഞ് ഇ.പി രംഗത്തുവന്നതോടെ വിവാദം കടുത്തു.
പിന്നീട് മാതൃഭൂമി ബുക്‌സ് 'ഇതാണെന്റെ ജീവിതം' എന്ന പേരില്‍ പുസ്തകം പുറത്തിറക്കുകയായിരുന്നു. ഇക്കാലമത്രയും നിശ്ശബ്ദത പാലിച്ച രവി ഡീസിയെ ചൊടിപ്പിച്ചത് ആത്മകഥ പ്രകാശനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ്. രവി മാപ്പ് പറഞ്ഞു എന്നതരത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
വിവാദങ്ങള്‍ കത്തിയ കാലത്തും നിശ്ശബ്ദനായിരുന്ന രവി ഡീസി ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്. നിശ്ശബ്ദത ഭീരുത്വമായി കരുതരുതെന്നും താനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ എന്നുമുള്ള രവിയുടെ പ്രതികരണത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന സൂചനയുണ്ട്.
ഇ.പി. ജയരാജന്റെ ആത്മകഥയെന്ന പേരില്‍ 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതവും' എന്ന പുസ്തകം ഇറങ്ങുന്നു എന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുസ്തകത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു അവകാശവാദം.
പാലക്കാട്, ചേലക്കരനിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ദിവസമായിരുന്നു ഈ വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.യുഡിഎഫ് അനുഭാവിയായിരുന്ന പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസവും പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു.
തുടര്‍ന്ന് പ്രസാധകര്‍ക്കെതിരേ ജയരാജന്‍ നിയമനടപടി സ്വീകരിച്ചു. പ്രസാധകര്‍ മാപ്പുപറഞ്ഞതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആ പുസ്തകത്തിലൂടെ താന്‍ സര്‍ക്കാറിന് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പുസ്തകത്തിന്റെ തലക്കെട്ട് പോലും തന്നെ പരിഹസിക്കാന്‍ ഇട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
'എന്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്. അത് പ്രസിദ്ധീകരിച്ചവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ആത്മകഥ സംബന്ധിച്ച വിവാദം നടക്കുമ്പോള്‍ പുസ്തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി. സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതി എന്നു പറഞ്ഞാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒടുവില്‍ ഞാന്‍ സര്‍ക്കാരിന് എതിരാണെന്ന് വരുത്തിത്തീര്‍ത്തു.
പുസ്തകത്തിന്റെ തലക്കെട്ടായ 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന തലക്കെട്ടും എന്നെ പരിഹസിക്കാന്‍ വേണ്ടി ഇട്ടതാണ്. അത് പണ്ടൊരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞ വാക്കുകളായിരുന്നു. ഒടുവില്‍ രവി ഡി.സി മാപ്പ് പറഞ്ഞു. അതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നത്- ജയരാജന്‍ പറഞ്ഞു.
്അതേസമയം മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് ഇ.പി. ജയരാജന്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചു. എന്നാല്‍, അവന്‍ ഫോണെടുത്തില്ല. താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയില്‍ പറയുന്നു. രാഷ്ട്രീയ കേരളം കാത്തിരുന്ന 'ഇതാണെന്റെ ജീവിതം' കഥാകൃത്ത് ടി. പത്മനാഭന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
