ഇന്ത്യ സ്വര്‍ണം പണയം വച്ചിരുന്ന 90 കള്‍ മറക്കാം; മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്ന രാജ്യത്തിന്ന് 855 ടണ്‍ സ്വര്‍ണം കരുതല്‍ശേഖരം; ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇങ്ങനെ
102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ഇന്ത്യയിലെ കുടുംബങ്ങളെ പോലെ തന്നെ സ്വര്‍ണം തൊട്ടരികത്ത് സൂക്ഷിക്കാനാണ് റിസര്‍വ് ബാങ്കിനും ഇഷ്ടം. സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമായ ധന്‍തേരസില്‍, ആര്‍ബിഐ ഒരുസുപ്രധാന ചുവട് വയ്പ് നടത്തി. ലണ്ടനിലെ ബാങ്ക്് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആര്‍ബിഐയുടെ ഒടുവിലത്തെ വിദേശനാണ്യ കരുതല്‍ ശേഖര റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബര്‍ അവസാനം 855 ടണ്‍ സ്വര്‍ണമാണ് കരുതല്‍ ശേഖരം. ഇതില്‍ പകുതിയിലേറെ 510.5 ടണ്‍ ആഭ്യന്തരമായി സൂക്ഷിക്കുകയാണ്. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്നതിന്റെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ബിഐയും, കേന്ദ്ര സര്‍ക്കാരും സ്വര്‍ണ കരുതല്‍ ശേഖരം ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. 2022 സെപ്റ്റബറിന് ശേഷം വളരെ രഹസ്യമായി 214 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആഗോള രാഷ്ടീയ രംഗത്തെ അനിശ്ചിതാവസ്ഥയും മറ്റും കണക്കിലെടുത്താണ് തീരുമാനം. യുദ്ധം അടക്കമുള്ള പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍, സ്വര്‍ണം രാജ്യത്ത് തന്നെ സൂക്ഷിക്കുന്നതാണ് സുരക്ഷിതമായ സമീപനമെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
അതീവ രഹസ്യമായി പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റിയത്. ഒരുകാരണവശാലും സ്വര്‍ണം മാറ്റുന്ന വിവരം പുറത്തുപോകാതിരിക്കാന്‍ ആര്‍ബിഐ, സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും ചെയ്തു. ഈ വര്‍ഷം ഇനി അധികമായി സ്വര്‍ണം കൊണ്ടുവരാന്‍ ഇടയില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു,
എന്തിനാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങുന്നത്?
കരുതല്‍ ശേഖരം കരുത്തുറ്റതാക്കാനാണ് അടിസ്ഥാന ആസ്തിയായി സ്വര്‍ണത്തെ ആര്‍ബിഐ അടക്കം കേന്ദ്ര ബാങ്കുകള്‍ കണക്കാക്കുന്നത്. കറന്‍സി മൂല്യ വ്യതിയാനങ്ങളില്‍ നിന്നും സാമ്പത്തിക മാന്ദ്യം അടക്കമുള്ള വെല്ലവിളികളില്‍ നിന്നും സ്വര്‍ണം സംരക്ഷണം നല്‍കുന്നു. പേപ്പര്‍ കറന്‍സികളെ അപേക്ഷിച്ച് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണ്. പ്രത്യേകിച്ച് വിപണിയിലെ അസ്ഥിരതയും സാമ്പത്തിക മാന്ദ്യവും ഒക്കെ അലട്ടുമ്പോള്‍. കൂടുതല്‍ സ്വര്‍ണം കരുതല്‍ ശേഖരത്തില്‍ ഉള്ളത് ആര്‍ബിഐയുടെ സാമ്പത്തിക വിശ്വാസ്യത കൂട്ടുകയും നിക്ഷേപകരുടെ വിശ്വാസത്തെ ഊട്ടിയുറപ്പി്ക്കുകയും ചെയ്യുന്നു. കൂടാതെ രാജ്യത്തെ പ്രാദേശിക സ്വര്‍ണ വില നിയന്ത്രിക്കുന്നതിന് ഇടപെടാനും ആര്‍ബിഐക്ക് സാധിക്കും
ഈ വര്‍ഷമാദ്യം ലണ്ടനില്‍ നിന്ന് 100 ടണ്‍ സ്വര്‍ണത്തോളം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. 1990 കളില്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്ന കാലത്ത് 405 ദശലക്ഷം ഡോളര്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ഇന്ത്യ നിര്‍ബ്ബന്ധിതമായിരുന്നു. ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി മറികടക്കാനായിരുന്നു ആ പണയം വയ്ക്കല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്നെടുത്ത ആ കടം വൈകാതെ തിരിച്ചടച്ചു. എന്നാല്‍, പണയം വച്ച സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ തന്നെ വച്ചിരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയ്്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ അറകളില്‍ 324 ടണ്‍ സ്വര്‍ണം കരുതലായുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളാി ഈ സ്വര്‍ണം മുംബൈയിലും നാഗ്പൂരിലും ഉള്ള പ്രാദേശിക സൂക്ഷിപ്പുകേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.