തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കി; തിരുവനന്തപുരം ആര്‍സിസിയില്‍ ഗുരുതര വീഴ്ച്ചക്ക് ഇടയാക്കിയത് മരുന്നിന്റെ പാക്കിങില്‍ കമ്പനിക്ക് വന്ന പിഴവ്; മരുന്ന് നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി; മരുന്ന് നല്‍കിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍

തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കി

Update: 2025-10-09 07:13 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍(ആര്‍സിസി) തലച്ചോറില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് മരുന്നു മാറി നല്‍കി. തലച്ചോറിനെ ബാധിച്ച കാന്‍സറിനുള്ള കീമോതെറപ്പി ഗുളികകള്‍ ശ്വാസകോശ കാന്‍സര്‍ ബാധിതര്‍ക്കു മാറി നല്‍കുകയാണ് ഉണ്ടായത്. മരുന്നിന്റെ പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകള്‍ മാറി നല്‍കാനിടയാക്കിയത്.

2130 കുപ്പികളില്‍ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റില്‍ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂര്‍ണമായും നിര്‍ത്തി. മരുന്ന് കമ്പനിയായ ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മ നിര്‍മ്മിച്ചവയിലാണ് പിഴവ് സംഭവിച്ചത്.

കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ കേസെടുത്തു. 2024 സെപ്റ്റംബര്‍ രണ്ടിന് എത്തിച്ച പാക്കിങ്ങുകളിലായിരുന്നു പിഴവ്. മരുന്ന് നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. ഗ്ലോബെല ഫാര്‍മ നിര്‍മിച്ച ടെമൊസോളോമൈഡ്100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിങ്ങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്100 എന്ന പേരുള്ള പേപ്പര്‍ ബോക്‌സില്‍ എറ്റോപോസൈഡ് 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ് 50 എന്ന പേരായിരുന്നു. എട്ട് ഗുളികയായിരുന്നു ഓരോ കുപ്പിയിലും ഉണ്ടായിരുന്നത്.

ശ്വാസകോശ കാന്‍സറിനും വൃഷണത്തെ ബാധിക്കുന്ന ചില കാന്‍സറിനുമുള്ള കീമോ തെറപ്പി ഗുളികയാണ് എറ്റോപോസൈഡ്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധനയിലും ബോക്‌സിനുള്ളില്‍ ഈ ഗുളികയാണെന്നു സ്ഥിരീകരിച്ചു. ഗുളിക മാറിപ്പോയ സംഭവം ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഡ്രഗ് കണ്‍ട്രോളറെ അറിയിക്കുകയുമായിരുന്നു.

വ്യാജ മരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാര്‍മയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ബാക്കി വന്ന ഗുളികകളും ആര്‍സിസിയുടെ വിശദീകരണവും ഉള്‍പ്പെടെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എട്ടു ഗുളികകള്‍ക്ക് 7500 രൂപയാണ് ഗ്ലോബെല ഫാര്‍മയ്ക്ക് ആര്‍സിസി നല്‍കിയത്.

ആര്‍സിസിയില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ പുറത്തു നിന്നെത്തി ചികിത്സ തേടിയവര്‍ക്കും ഗുളിക മാറി നല്‍കിയിട്ടുണ്ട്.

2024 സെപ്റ്റംബര്‍ 2ന് എത്തിച്ച ഗുളികകള്‍ തൊട്ടടുത്ത ദിവസം മുതല്‍ വിതരണം ചെയ്‌തെന്നാണു വിവരം. ഗുളിക മാറിക്കഴിച്ചവര്‍ക്കു രക്തത്തിലെ കൗണ്ട് കുറയുന്നത് ഉള്‍പ്പെടെ, ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ചു പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നാണു കാന്‍സര്‍ ചികിത്സാ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഗുളിക മാറി കഴിച്ചതിന്റെ ആരോഗ്യപ്രശ്ങ്ങള്‍ ആര്‍സിസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഗുളിക മാറിപ്പോയ സംഭവം ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളറാണ് കമ്പനിക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ആര്‍സിസി ഡയറക്ടര്‍ ഡോ. ആര്‍.രജനീഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News