തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്‌കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
ന്യൂഡല്‍ഹി: 'ഞാന്‍ 2027 ഓഗസ്റ്റില്‍ ശരിയായ സമയത്ത് വിരമിക്കും'-12 ദിവസം മുമ്പ് ജെ എന്‍ യുവില്‍ ഒരു പരിപാടിയില്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 74 കാരന്‍ ഉപരാഷ്ട്രപതി പദവിയില്‍ നിന്നൊഴിഞ്ഞു. ആരോഗ്യകാരണങ്ങളാണ് അടിയന്തര രാജിക്ക് പിന്നിലെന്ന് പറഞ്ഞെങ്കിലും അതല്ല രാഷ്ട്രീയ കാരണങ്ങള്‍ എന്നാണ് പ്രതിപക്ഷം അടക്കം വ്യാഖ്യാനിക്കുന്നത്. പുറമേ കാണുന്നതിന് അപ്പുറം എന്തോ ഉണ്ടെന്ന് പലരും അടക്കം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ സഭ നിയന്ത്രിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ധന്‍കര്‍ രാത്രിയോടെ രാജിവച്ചത് ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചതെങ്കിലും കൂടിയാലോചനകള്‍ക്കോ മറ്റോ അദ്ദേഹം മുതിര്‍ന്നില്ലെന്നതും വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് ജഗ്ദീപ് ധന്‍കര്‍ക്ക് രാജി വയ്ക്കാമായിരുന്നു. അതിനുപുറമേ, തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക്, ഈയാഴ്ച അവസാനം ജയ്പൂരിലേക്ക് പോകുന്നത് യാത്രാവിവര പട്ടികയായി ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ്് പുറത്തിറക്കിയിരുന്നു. ഇതെല്ലാം തന്നെ ആശയക്കുഴപ്പം കൂട്ടുന്നു.
നഡ്ഡയുടെ പരാമര്‍ശം വേദനിപ്പിച്ചോ?
വീട്ടിലെ നോട്ട് കേസില്‍ പെട്ട ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കുന്നതിനായി 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് തനിക്ക് കിട്ടിയെന്നും അതനുവദിക്കുകയാണെന്നും ധന്‍കര്‍ തിങ്കളാഴ്ച രാജ്യസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭയില്‍ സര്‍ക്കാര്‍ ഇതേവിഷയത്തില്‍ പ്രമേയം കൊണ്ടുവരാനിരിക്കെ, ഉപരാഷ്ട്രപതി ധൃതി പിടിച്ച് തീരുമാനം എടുത്തത് എന്‍ഡിഎയില്‍ മുറുമുറുപ്പുണ്ടാക്കി.
ധന്‍കര്‍ വൈകുന്നേരം വിളിച്ച യോഗത്തില്‍ രാജ്യസഭാ നേതാവ് ജെ പി നഡ്ഡയും, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കാതിരുന്നതും സര്‍ക്കാരിന് അതൃപ്തിയാണെന്ന അഭ്യുഹം പരക്കാനിടയാക്കി. രാജ്യസഭയുടെ സുപ്രധാനമായ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ നിന്നാണ് ഇരുവരും വിട്ടുനിന്നത്. എന്നാല്‍, തങ്ങള്‍ വിട്ടുനില്‍ക്കുന്ന വിവരം ചെയര്‍മാനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും മറ്റുപ്രധാനപ്പെട്ട ജോലികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും നഡ്ഡ വ്യക്തമാക്കി.
രാജ്യസഭയില്‍, ജെ.പി.നഡ്ഡ നടത്തിയ ചില പരാമര്‍ശങ്ങളും ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് നയിച്ചെന്നും സൂചനയുണ്ട്. താന്‍ പറയുന്നത് മാത്രമേ സഭാനാഥന്‍ രേഖപ്പെടുത്തുകയുള്ളൂ എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗത്തിനിടെ നഡ്ഡ ധന്‍കറിനെ ചൂണ്ടി പറഞ്ഞിരുന്നു. സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ അധികാരമുള്ള ചെയറിനോട് നടത്തിയ ഈ പരാമര്‍ശം അനാദരവ് കാണിക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ പരാമര്‍ശത്തില്‍ ധന്‍കര്‍ അസ്വസ്ഥനായെന്നും ഇതാണ് രാജിയിലേക്കു നയിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, തന്റെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തെ ലാക്കാക്കിയായിരുന്നു എന്നാണ് നഡ്ഡ വിശദീകരിച്ചത്.
ജുഡീഷ്യറിക്ക് നേരേയുള്ള പരാമര്‍ശങ്ങള്‍ അതിരുകടന്നു?
ജുഡീഷ്യറിക്ക് നേരേയുള്ള ധന്‍കറിന്റെ കടുത്ത പരാമര്‍ശങ്ങള്‍ സര്‍ക്കാരിലെ പലരെയും ചൊടിപ്പിച്ചു. 2022 ല്‍ ഉപരാഷ്ട്രപതി ആയ ശേഷം ജുഡീഷ്യറി അധികാര പരിധി കടക്കുന്നുവെന്ന വിമര്‍ശനം ധന്‍കര്‍ ഉയര്‍ത്തിയിരുന്നു. വിശേഷിച്ചും, നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മീഷന്‍ നിയമം റദ്ദാക്കിയതിന് സുപ്രീംകോടതിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരെ നടപടിയെടുക്കേണ്ടത് തങ്ങളുടെ അധികാര പരിധിയില്‍ പെട്ട കാര്യമെന്നാണ് ജുഡീഷ്യറി വിശ്വസിക്കുന്നത്. ജൂലൈ 21 ന് ജസ്റ്റിസ് വര്‍മ്മയുടെ കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട് നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ജുഡീഷ്യറിയുമായി ഒരു ഏറ്റുമുട്ടലിന് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന് താല്‍പര്യവുമില്ല.
ജഗ്ദീപ് ധന്‍കര്‍ എടുത്തുചാടി പ്രതിപക്ഷ പ്രമേയം അനുവദിച്ചത് സര്‍ക്കാരിനെ വിശ്വാസത്തില്‍ എടുക്കാതെയെന്നും സൂചനയുണ്ട്.
ജൂലൈ 23ന് ജയ്പൂരില്‍ ഒരുദിവസത്തെ സന്ദര്‍ശനത്തിനായി പോകാനിരുന്ന ഉപരാഷ്ട്രപതി പൊടുന്നനെ രാജി പ്രഖ്യാപിച്ചത് കൊണ്ടു തന്നെ നേരത്തെ എടുത്ത തീരുമാനം അല്ലെന്ന് വ്യക്തമാകുന്നു. ' ഇന്നലെ ഒരുമണിക്കും നാലരയ്ക്കും ഇടയ്ക്ക് വളരെ ഗൗരവമായത് എന്തോ സംഭവിച്ചു. രണ്ടാമത്തെ ബിഎസി യോഗത്തില്‍ നഡ്ഡയുടെയും റിജിജുവിന്റെയും അസാന്നിധ്യം മന: പൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു'-ജയ്‌റാം രമേശിന്റെ പോസ്റ്റില്‍ പറയുന്നു. ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം ചിലത് ധന്‍കറിന്റെ രാജിക്ക് പിന്നിലുണ്ടെന്ന് പ്രതിപക്ഷം സംശയിക്കാനും കാരണം ഇതാണ്. എന്തായാലും തിങ്കളാഴ്ചത്തെ രാജ്യസഭാ നടപടികള്‍ അസാധാരണമായ ഒരു വൈകുന്നരത്തിലേക്കാണ് നയിച്ചത്.