ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി; യുവതി പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന വാദം മുഖവിലക്കെടുത്ത് കോടതിയുടെ നിര്‍ണായക വിധി

ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം

Update: 2024-09-30 08:17 GMT

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന് ഇടക്കാല ആശ്വാസം. നടന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് വിശദമായി കേട്ട ശേഷം അന്തിവ വിധി പ്രസ്താവിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയിലെ ആക്ഷേപം. കേസിന് വിശാല മാനങ്ങളുണ്ടെന്നാണ് സുപ്രീംകോടതിക്ക് ബോധ്യമായത്. ഇതോടെ വിശദമായ വാദം കേട്ട ശേഷമാകും കേസില്‍ അന്തിമ വിധിപറയുക.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് 2016-ല്‍ തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് അതിജീവതയുടെ പരാതി. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന നടനെ പിടികൂടാത്തതില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു.

പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.

സിദ്ദീഖ് 65 വയസ്സായ മുതിര്‍ന്ന പൗരനാണെന്നതും പല അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയ നടനാണെന്നതും പരിഗണിക്കണമെന്ന് ഹര്‍ജിയില്‍ സിദ്ധിഖ് ബോധിപ്പിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കുമെന്നോ തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യത്തിന് കോടതി മുന്നോട്ടുവെക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നു സിദ്ധിഖിന്റെ അഭിഭാഷകന്‍ വാദിച്ചു.

മലയാള സിനിമ സംഘടനകളായ 'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന വാദമാണ് സിദ്ധിഖ് ചൂണ്ടിക്കാട്ടിയത്. ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടിയിരുന്നു.

സിദ്ദിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.

Tags:    

Similar News