യൂത്ത് കോണ്‍ഗ്രസിനെ അരുണ്‍ കുമാര്‍ 'ഊത്ത് കോണ്‍ഗ്രസ്' എന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നെന്നും നിയമനടപടിയെന്നും അവതാരകന്‍; അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം പുറത്തുവന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരണത്തിനിടെ വീണ്ടും വിവാദം

യൂത്ത് കോണ്‍ഗ്രസിനെ അരുണ്‍ കുമാര്‍ 'ഊത്ത് കോണ്‍ഗ്രസ്' എന്ന് അധിക്ഷേപിച്ചെന്ന് ആരോപണം

Update: 2025-04-19 13:09 GMT

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ എഡിറ്റോറിയല്‍ ഭാരവാഹിയും, അവതാരകനുമായ അരുണ്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസിനെ ഊത്ത് കോണ്‍ഗ്രസ് എന്ന് അരുണ്‍കുമാര്‍ ആക്ഷേപിച്ചെന്നും മറ്റു എഡിറ്റോറിയല്‍ ടീമംഗങ്ങളായ ഉണ്ണി ബാലകൃഷ്ണനും, സ്മൃതി പരുത്തിക്കാടും ചേര്‍ന്ന് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിനെ വിലക്കിയെന്നുമാണ് ആരോപണം. അതേസമയം മീറ്റ് ദ എഡിറ്റേഴ്‌സിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുണ്‍ കുമാര്‍ പോസ്റ്റിലൂടെ പ്രതികരിച്ചു.

എന്നാല്‍, യൂത്ത് കോണ്‍ഗ്രസ്സിനു എതിരെ കഴിഞ്ഞ ദിവസം നടത്തിയ അശ്ലീല പ്രയോഗത്തോടെ അരുണ്‍ കുമാറിന്റെ ഉള്ളിലെ അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന് കാണാന്‍ കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പോസ്റ്റില്‍ പറഞ്ഞു. 'താങ്കള്‍ ആ അശ്ലീല പദം ഉപയോഗിച്ചപ്പോള്‍ തന്നെ അതിനെ എതിര്‍ത്തുകൊണ്ട് ''അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കരുത്'' എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്ന താങ്കളുടെ തന്നെ സഹപ്രവര്‍ത്തകരെ ആദ്യം ബോധ്യപ്പെടുത്തിയിട്ട് മതി ഞങ്ങളെ ബോധ്യപ്പെടുത്താന്‍' എന്നും രാഹുല്‍ കുറിച്ചു

അരുണ്‍ കുമാറിന്റെ പോസ്റ്റ്

മീറ്റ് ദ എഡിറ്റേഴ്‌സിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് യൂത്ത് കോണ്‍ ഭാരവാഹികളായ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്. ആ ചര്‍ച്ച മുഴുവനായും താഴെ കമെന്റ് ബോക്‌സില്‍ ലിങ്കില്‍ കാണാം, ചില നിലപാടുകളോട് വിയോജിക്കുമ്പോഴും ആ സംഘടനയെയോ മറ്റു യുവജന സംഘടനകളെയോ ആക്ഷേപിക്കുക എന്റെ/ ഞങ്ങളുടെ നയമല്ല. തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്.


Full View

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

അരുണ്‍ കുമാര്‍ താങ്കളില്‍ നിന്നോ താങ്കളുടെ മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നോ മാന്യമായതും നിഷ്പക്ഷമായതുമായ മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. നിങ്ങളുടെയോ നിങ്ങളുടെ ചാനലിന്റെയോ താരാട്ടോ തലോടലോ പ്രതീക്ഷിച്ച് അല്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംഘടന പ്രവര്‍ത്തനം നടത്തുന്നത്.

താങ്കള്‍ യൂത്ത് കോണ്‍ഗ്രസ്സിനു എതിരെ ഇന്നലെ നടത്തിയ അശ്ലീല പ്രയോഗത്തോടെ താങ്കളുടെ ഉള്ളിലെ അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന് കാണാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല, കാരണം താങ്കളോട് ഒക്കെ പ്രതികരിക്കണ്ട എന്ത് കാര്യം എന്ന ചിന്ത ശക്തമായി തന്നെയുണ്ട്. പക്ഷേ പല സഹപ്രവര്‍ത്തകരും വിളിച്ച് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത് എഴുതുന്നത്.

താങ്കളുടെയോ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കന്‍മാര്‍ക്കും നേരെയുള്ള പരിഹാസവും ആക്ഷേപവും ഇതു ആദ്യമായിട്ടല്ല അവസാനമായിട്ടുമല്ല. നിങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന് എതിരെ പറഞ്ഞ അശ്ലീലം ഇടത് യുവജന പ്രസ്ഥാനത്തിന് എതിരെ പറഞ്ഞാല്‍ ഉണ്ടാകുന്ന അക്രമോത്സുകമായ പ്രതിഷേധം റിപ്പോര്‍ട്ടറിന് എതിരെ നടത്താന്‍ യൂത്ത് കോണ്‍ഗ്രസിന് ചെയ്യാന്‍ അധികം സമയം ഒന്നും വേണ്ട.

അത് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല, കാര്യം നിങ്ങള്‍ ചെയ്യുന്നത് വേറെ ആണെങ്കിലും പറയുന്നത് മാധ്യമ പ്രവര്‍ത്തനം എന്ന് ആണല്ലോ! മാധ്യമ പ്രവര്‍ത്തനത്തോട് കോണ്‍ഗ്രസിനു എന്നും ബഹുമാനം തന്നെയാണ്... പിന്നെ ഇന്ന് നല്കിയ വിശദീകരണത്തില്‍ താങ്കള്‍ പറഞ്ഞല്ലോ ആരോ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്ന്. അത് താങ്കള്‍ ആ അശ്ലീല പദം ഉപയോഗിച്ചപ്പോള്‍ തന്നെ അതിനെ എതിര്‍ത്തുകൊണ്ട് ''അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കരുത്'' എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്ന താങ്കളുടെ തന്നെ സഹപ്രവര്‍ത്തകരെ ആദ്യം ബോധ്യപ്പെടുത്തിയിട്ട് മതി ഞങ്ങളെ ബോധ്യപ്പെടുത്താന്‍.

പിന്നെ യൂത്ത് കോണ്‍ഗ്രസ്സ് ഓരോ വിഷയത്തിലും എന്ത് നിലപാട് എടുക്കണം എന്നുള്ളതില്‍ താങ്കളുടെ ക്ലാസ്സില്‍ ഇരിക്കാന്‍ സൗകരുമില്ല!

ചാനല്‍ മാറുന്നതിനൊപ്പം നിലപാട് മാറുന്ന താങ്കളുടെയൊക്കെ നിലപാടിന്റെ ട്യൂഷന്‍ വേറെ ആര്‍ക്കേലും കൊടുക്ക്. താങ്കള്‍ ഒക്കെ തിരുത്തണം എന്ന് പറയില്ല, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക...

Full View

റിപ്പോര്‍ട്ടര്‍ ചാനല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ട് നാലുമാസം

റിപ്പോര്‍ട്ടര്‍ ടിവി കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന ആരോപണം ഉന്നയിച്ചാണ് ജനുവരിയില്‍ ഔദ്യോഗിക ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയത്. ചാനല്‍ കോണ്‍ഗ്രസ്സിനെതിരെ ഉപതെരഞ്ഞെടുപ്പുകളുടെ തുടക്കം മുതല്‍ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ നവമാധ്യമങ്ങളിലൂടെ വിമര്‍ശനവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് നേരെ വ്യാജ പരാതികള്‍ കൊടുത്ത് കേസ് എടുപ്പിച്ചെ്ന്നും കെപിസിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകളെയും സമീപനങ്ങളെയും പാര്‍ട്ടി ഗൗരവത്തോടെ കണക്കിലെടുത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നിനിന്നെങ്കിലും, ചാനല്‍ അവരുടെ തെറ്റായ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കുകയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഔദ്യോഗികമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ തീരുമാനിച്ചതായും അറിയിപ്പില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍, റിപ്പോര്‍ട്ടര്‍ ബഹിഷ്‌ക്കരണത്തിനിടെ, ചാനലിന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല അഭിമുഖം നല്‍കിയത് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി ചേരിതിരിഞ്ഞ് സൈബര്‍ ഏറ്റുമുട്ടലും നടന്നു.

Tags:    

Similar News