ഇന്ത്യന്‍ വിനോദ വ്യവസായത്തെ ഞെട്ടിച്ച ലയനം; വിനോദരംഗത്തെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്; നടത്തിയത് 70,352 കോടി രൂപയുടെ പുതിയ സംയുക്ത ലയനം; 11,500 കോടി രൂപയുടെ നിക്ഷേപം: റിലയന്‍സ്-ഡിസ്നി ലയനം പൂര്‍ത്തിയായി

Update: 2024-11-15 03:55 GMT

മുംബൈ: വയാകോം 18യുടെ മീഡിയ, ജിയോ സിനിമ ബിസിനസുകള്‍ സ്റ്റാര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിച്ച നടപടി പ്രാബല്യത്തില്‍ വന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്നി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്‍.സി.എല്‍.ടി. മുംബൈ, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, മറ്റ് റഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിച്ചതോടെ ലയന നടപടികള്‍ പൂര്‍ത്തിയായി. സംയുക്ത സംരംഭത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 11,500 കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ്. സംയുക്ത സംരംഭത്തിലെ ഓഹരികള്‍ ആസ്തികള്‍ക്കും പണത്തിനുമായി യഥാക്രമം വയാകോം 18ക്കും ആര്‍.ഐ.എല്‍.ക്കും അനുവദിച്ചിട്ടുണ്ട്.

70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിക്കാണ് ഇതോടെ രൂപംനല്‍കിയിരിക്കുന്നത്. ലയനശേഷമുള്ള സംയുക്തകമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകുംമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നിതാ മുകേഷ് അംബാനിയാകും സംയുക്തകമ്പനിയുടെ ചെയര്‍പേഴ്‌സണ്‍. ഓരോ വിഭാഗങ്ങള്‍ക്കും ഓരോ സിഇഒ മാരായിരിക്കും. അവര്‍ കമ്പനിയെ പുതിയ യുഗത്തിലേക്ക് നയിക്കും. വിനോദവിഭാഗത്തെ കെവിന്‍ വാസ് നയിക്കും. സംയോജിത ഡിജിറ്റല്‍ ഓര്‍ഗനൈസേഷന്റെ ചുമതല കിരണ്‍ മണി ഏറ്റെടുക്കും. സ്‌പോര്‍ട്‌സ് വിഭാഗത്തെ സഞ്‌ജോഗ് ഗുപ്ത നയിക്കും. ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകന്‍ ഉദയ് ശങ്കര്‍ വൈസ് ചെയര്‍പേഴ്‌സണാകും. കമ്പനിയുടെ തന്ത്രപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുക ഉദയ് ശങ്കറായിരിക്കും.

'പുതിയ സംരംഭത്തിന്റെ രൂപീകരണത്തോടെ ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായം ഒരു പരിവര്‍ത്തന യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഞങ്ങളുടെ ആഴത്തിലുള്ള സര്‍ഗ്ഗാത്മക വൈദഗ്ധ്യവും ഡിസ്‌നിയുമായുള്ള ബന്ധവും ഇന്ത്യന്‍ ഉപഭോക്താവിനെക്കുറിച്ചുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത ധാരണയും ഇന്ത്യന്‍ കാഴ്ചക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ സമാനതകളില്ലാത്ത ഉള്ളടക്കം ഉറപ്പാക്കും. സംരംഭത്തിന്റ ഭാവിയെക്കുറിച്ച് ഞാന്‍ വളരെ ആവേശത്തിലാണ്, എല്ലാ വിജയങ്ങളും നേരുന്നു''- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

മറ്റൊരിടപാടില്‍ പാരമൗണ്ട് ഗ്ലോബലിന് വയാകോം 18-ല്‍ ഉണ്ടായിരുന്ന 13.01 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുത്തു. 4286 കോടിയുടേതാണ് ഇടപാട്. ഇതോടെ വയാകോം 18-ലെ 70.49 ശതമാനം ഓഹരികളും റിലയന്‍സിന് സ്വന്തമായി. 13.54 ശതമാനം ഓഹരികള്‍ നെറ്റ്വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിനും 15.97 ശതമാനം ബോധി ട്രീ സിസ്റ്റംസിനുമാണുള്ളത്.

സ്റ്റാര്‍, കളേഴ്‌സ് ടെലിവിഷന്‍ ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഒന്നിച്ചണിനിരക്കുന്നത്. നൂറിലധികം ടെലിവിഷന്‍ ചാനലുകളാണ് കമ്പനിക്കുകീഴില്‍ പ്രവര്‍ത്തിക്കുക. ഹോട്ട്സ്റ്റാറിനും ജിയോ സിനിമയ്ക്കുമായി അഞ്ചുകോടിയിലധികം വരിക്കാരാണ് നിലവിലുള്ളത്. ലയനത്തോടെ ഇന്ത്യന്‍ മാധ്യമരംഗം മാറ്റത്തിന്റെ കാലഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

'ഞങ്ങളുടെ രണ്ട് കമ്പനികള്‍ക്കും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ഇത് ആവേശകരമായ നിമിഷമാണ്, ഈ സംയുക്ത സംരംഭത്തിലൂടെ ഞങ്ങള്‍ രാജ്യത്തെ മികച്ച വിനോദ സ്ഥാപനങ്ങളിലൊന്ന് സൃഷ്ടിക്കുന്നു,'' വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോബര്‍ട്ട് എ ഇഗര്‍ പറഞ്ഞു.

Tags:    

Similar News