അഞ്ച് കിലോമീറ്ററിനുള്ളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വേണ്ട! ഔട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില കൂട്ടണം; മദ്യക്കച്ചവടം പൊടിപൊടിക്കാന്‍ പൊടികൈകള്‍ നിര്‍ദേശിച്ച് ബെവ്‌കോയ്ക്ക് ബാറുടമ അസോസിയേഷന്റെ നിവേദനം; സംസ്ഥാനത്ത് ആകെയുള്ളത് 842 ബാറുകള്‍; ലൈസന്‍സ് കാത്തു കിടക്കുന്നത് അമ്പതോളവും
അഞ്ച് കിലോമീറ്ററിനുള്ളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വേണ്ട! ഔട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില കൂട്ടണം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറു മുതലാളിമാര്‍ക്ക് പഴയതു പോലെ മദ്യം ലാഭത്തില്‍ വില്ക്കാന്‍ സാധിക്കുന്നില്ലേ? അവര്‍ ഇപ്പോള്‍ സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കാണുമ്പോള്‍ ഈ സംശയം തോന്നിയാലും അത്ഭുതമില്ല. സംസ്ഥാനത്ത് ബാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഔട്‌ലറ്റുകള്‍ വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെവ്‌കോയ്ക്ക് നല്‍കിയ നിവേദനത്തിലാണു ഇത്തരമൊരു വാദം ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ സര്‍ക്കാര്‍ മുമ്പാകെയും ഈ വാദവുമായി ബാറുടമാ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലകൂട്ടണമെന്നതും ഇവരുടെ ആവശ്യങ്ങളില്‍ ഒന്നാണ്. ബാറുകളുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുന്നകാലത്ത് ഇതുവരെ തുടരുന്ന രീതി പറ്റില്ലെന്നാണ് ബാറുടമകളുടെ നിലപാട്. നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളിലും പഞ്ചായത്തില്‍ പത്തു കിലോമീറ്ററിനുള്ളിലും ബാറുകള്‍ക്ക് സമീപത്ത് ഔട്‌ലറ്റ് അനുവദിക്കേണ്ടെന്നാണ് ബവ്‌കോയോട് ഇവര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ സര്‍ക്കാരിനു മുന്നിലും ബെവ്‌കോ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മദ്യത്തിനു മേല്‍ ഔട്‌ലറ്റ് ലാഭം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 20 ശതമാനം ലാഭമാണ് മദ്യം വില്‍ക്കുമ്പോള്‍ കിട്ടുന്നത്. അതു ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനമാക്കി മാറ്റണം. ഇതു ഔട്‌ലറ്റുകളെ നന്നാക്കാനാണെന്നു തെറ്റിദ്ധരിക്കരുത്. ലാഭം കൂടുതലെടുത്താല്‍ മദ്യത്തിന്റെ വിലകൂടും. അങ്ങനെ വന്നാല്‍ ഔട്‌ലറ്റിനെ ഉപേക്ഷിച്ച് ആളുകള്‍ ബാറുകളിലേക്കെത്തും.
842 ബാറുകളാണ് നിലവിലുള്ളത്. ഇനിയും അന്‍പതോളം എണ്ണം ലൈസന്‍സ് കാത്ത് കിടപ്പുണ്ട്. ഇതോടെയാണ് ഔട്‌ലറ്റുകളെ പിടിക്കാന്‍ ബാറുകാര്‍ രംഗത്തെത്തിയത്. പൂട്ടിയ ഔട്ട്‌ലറ്റുകള്‍ തുറക്കാനായി ബവ്‌കോ ശ്രമിക്കുമ്പോള്‍ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. ഇതിനു പിന്നില്‍ ബാറുകാരാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ബാറിനടുത്ത് ഔട്്‌ലെറ്റ് വേണ്ടെന്ന നിവേദനവുമായി ബാറുടമകള്‍ തന്നെ ബവ്‌കോയെ സമീപിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം പൂര്‍ണായും വ്യക്തമായിട്ടില്ല. പരിഷ്‌കരിച്ച മദ്യനയം സര്‍ക്കാരിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് വിവാദം ഒഴിവാക്കാനായി ഇത് മന്ത്രിസഭ മാറ്റിവെച്ചിരുന്നു. ഒന്നാംതീയതിയിലെ മദ്യനിരോധനം (ഡ്രൈ ഡേ) ഒഴിവാക്കുക, രാവിലെയും വൈകീട്ടും അരമണിക്കൂര്‍വീതം ബാര്‍ സമയം കൂട്ടുക, ടൂറിസം മേഖലകളില്‍ ബിയറും വൈനും ലഭ്യമാക്കാന്‍ ഇളവുകള്‍ നല്‍കുക എന്നിവയായിരുന്നു കരട് നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഇവയില്‍ ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതും ടൂറിസം മേഖലയില്‍ മാത്രമായി ചുരുക്കാനാണ് പുതുക്കിയ നയത്തിലെ നിര്‍ദേശം. സംസ്ഥാനത്ത് പൊതുവായി ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും ബാറുടമകള്‍ ഓരോരുത്തരും ഓരോലക്ഷം രൂപവീതം പിരിവുനല്‍കണമെന്നുമുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പണപിരിവ് നടത്തുന്നത് സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണമായി മാറി. ഇതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ടുപോയത്.
തുടര്‍ന്ന്, ഇളവുകള്‍ ടൂറിസം മേഖലയ്ക്ക് മാത്രമാക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇങ്ങനെ പരിമിതപ്പെടുത്തിയെങ്കിലും മദ്യനയത്തില്‍ ഇളവുകള്‍ വരുത്തുന്നത് വീണ്ടും ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കാനുള്ള സാധ്യത കണ്ടാണ് തിരഞ്ഞെടുപ്പുകഴിഞ്ഞ് പരിഗണിക്കാമെന്ന നിര്‍ദേശമുയര്‍ന്നത്.
പല അന്താരാഷ്ട്ര സമ്മേളനങ്ങളും കമ്പനികളുടെ യോഗങ്ങളും ഡ്രൈഡേ കാരണം മറ്റുസംസ്ഥാനങ്ങളിലേക്ക് മാറിപ്പോകുന്നുവെന്നായിരുന്നു ഒന്നാംതീയതിയിലെ മദ്യനിരോധനമൊഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ന്യായം. എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പിന്റെ നിര്‍ദേശമായാണ് ഇത് കൊണ്ടുവന്നത്. ബാര്‍ സമയത്തില്‍ നിയന്ത്രണമുള്ളത് വിനോദസഞ്ചാരികളെ ബാധിക്കുന്നുവെന്നതായിരുന്നു സമയം കൂട്ടാന്‍ കാരണമായിപ്പറഞ്ഞത്.