മകന്‍ ലോകമറിയുന്ന ക്രിക്കറ്ററായി; കോടികള്‍ വരുമാനവും ആഢംബര ബംഗ്ലാവും മകന് ഉണ്ടായപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന അച്ഛന്‍; ഒടുവില്‍ ലോകം ആരാധിക്കുന്ന മകന്റെ വളര്‍ച്ച കണ്ടു കണ്ണുനിറഞ്ഞു;റിങ്കു സിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിക്കറ്റ് വീണു; ആ പോരാളിക്ക് വിട!

മകന്‍ ലോകമറിയുന്ന ക്രിക്കറ്ററായി; കോടികള്‍ വരുമാനവും ആഢംബര ബംഗ്ലാവും മകന് ഉണ്ടായപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന അച്ഛന്‍

Update: 2026-02-27 07:09 GMT

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫിനിഷറായ റിങ്കു സിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ താങ്ങായി നിന്ന വ്യക്തി വിട പറഞ്ഞു. മകന്‍ മൈതാനങ്ങളില്‍ സിക്‌സറുകള്‍ പായിച്ച് കോടികള്‍ കൊയ്യുമ്പോഴും അലിഗഢിലെ തെരുവുകളില്‍ ഗ്യാസ് സിലിണ്ടര്‍ ചുമന്ന് ജീവിതം ആഘോഷിച്ച ഖന്‍ചന്ദ് സിങാണ് യാത്രയായിരിക്കുന്നത്. കഷ്ടപ്പാടിന്റെ കനല്‍വഴികള്‍ താണ്ടി ഒരു പോരാളിയെ വളര്‍ത്തിയെടുത്ത പിതാവിന്റെ ഐതിഹാസികമായ മടക്കമാണ്.

റിങ്കു സിങ് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങുമ്പോഴും അലിഗഢിലെ ഒരു ട്രക്കില്‍ സിലിണ്ടറുകള്‍ അടുക്കിവെക്കുന്ന ഖന്‍ചന്ദിന്റെ വീഡിയോ അടുത്തകാലത്ത് വൈറലായിരുന്നു. 'അച്ഛാ, ഇനി വിശ്രമിക്കൂ' എന്ന് മകന്‍ എത്ര കെഞ്ചിയിട്ടും അദ്ദേഹം തയ്യാറായില്ല. അധ്വാനമായിരുന്നു ഖന്‍ചന്ദിന്റെ ലഹരി. ഒടുവില്‍ ക്യാന്‍സര്‍ എന്ന വില്ലന്‍ പിടികൂടുന്നത് വരെ ആ 60-കാരന്‍ തന്റെ തൊഴിലിനെ നെഞ്ചോട് ചേര്‍ത്തു.

തുടക്കത്തില്‍ മകന്റെ ക്രിക്കറ്റ് കമ്പം ഖന്‍ചന്ദിന് അത്ര പിടിച്ചിരുന്നില്ല. മകന്‍ എവിടെയെങ്കിലും ഒരു ജോലിക്ക് കേറി കുടുംബം രക്ഷിക്കണമെന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം. ക്രിക്കറ്റ് കളിക്കാന്‍ പോയതിന് റിങ്കുവിനെ അദ്ദേഹം തല്ലിയിട്ടുണ്ട്. പക്ഷേ, മകന്റെ ഉള്ളിലെ കനല്‍ കണ്ടപ്പോള്‍ ആ അച്ഛന്‍ മനസ്സ് മാറ്റി. പട്ടിണിക്കിടയിലും മകന് പാഡും ബാറ്റും വാങ്ങിക്കൊടുക്കാന്‍ അദ്ദേഹം സിലിണ്ടറുകള്‍ കൂടുതല്‍ ചുമന്നു.

അലിഗഢിലെ വളരെ സാധാരണ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. ഖന്‍ചന്ദിന്റെ അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു റിങ്കു. ക്രിക്കറ്റ് ഇഷ്ടപ്പെട്ടിരുന്ന റിങ്കുവിന്റെ സ്വപ്നങ്ങളോട് ആദ്യം പിതാവിന് യോജിക്കാനായിരുന്നില്ല. കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാന്‍ റിങ്കുവിനെ ജോലിക്കാരനാക്കണം എന്നതായിരുന്നു ഖന്‍ചന്ദിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് അദ്ദേഹം മകന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.

പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകള്‍ ബൈക്കില്‍ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. 2021-ല്‍ റിങ്കുവിന് പരിക്കേറ്റപ്പോള്‍ അച്ഛന്‍ മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നുദിവസമാണ് ഉപവാസമിരുന്നത്. 2021-ല്‍ റിങ്കുവിന് പരിക്കേറ്റപ്പോള്‍ തന്റെ മകന്‍ വേഗം സുഖം പ്രാപിക്കാന്‍ മൂന്ന് ദിവസമാണ് ആ പിതാവ് ഉപവസിച്ചത്.'മകനെ തുടക്കത്തില്‍ പ്രോത്സാഹിപ്പിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്' എന്ന് പരസ്യമായി പറയാന്‍ മടിക്കാത്ത നിഷ്‌കളങ്കനായ മനുഷ്യനായിരുന്നു അദ്ദേഹം.

ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് ഒറ്റമുറി വീട്ടില്‍ അഞ്ചുമക്കളെ വളര്‍ത്തിയ ഖന്‍ചന്ദിന് വേണ്ടി റിങ്കു അലിഗഢിലെ ഓസോണ്‍ സിറ്റിയില്‍ 3.5 കോടിയുടെ ആഡംബര ബംഗ്ലാവ് വാങ്ങി നല്‍കിയിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു ആ വീട്. മകന്‍ ലോകം അറിയുന്ന താരമായതും, പുതിയ വീട്ടിലെ സൗകര്യങ്ങളും കണ്ടുതന്നെയാണ് അദ്ദേഹം കണ്ണടച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ഥ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ തന്റെ ബാറ്റിങ് മികവ് കൊണ്ട് ആരാധക ഹൃദയങ്ങള്‍ കീഴടക്കുന്നതു കണ്ടാണ് ഖന്‍ചന്ദ് വിടവാങ്ങല്‍.

Tags:    

Similar News