റിന്‍സന്റെ അക്കൗണ്ടുകളിലൂടെ പണം എത്തിച്ചതിന് പിന്നില്‍ ചാര വനിതയുടെ കുതന്ത്രം; ഹിസ്ബുള്ളയെ ലക്ഷ്യമിട്ട പേജര്‍ ആക്രമണത്തില്‍ മലയാളിക്ക് പങ്കില്ലെന്ന് കേന്ദ്ര ഏജന്‍സികളും നിഗമനത്തില്‍; മാനന്തവാടിക്കാരന്‍ ഇപ്പോഴും രഹസ്യ സങ്കേതത്തില്‍?

മാനന്തവാടിയിലെ റിന്‍സണിന്റെ വീട്ടില്‍ കേരളാ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു

Update: 2024-09-21 00:54 GMT

സോഫിയ: ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സണ്‍ ജോസിന്റെ (37) പേരില്‍ നോര്‍വേ പോലീസിന്റെ അന്വേഷണം നിര്‍ണ്ണായകമാകും. അതേസമയം, റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബലിനോ ഉടമയ്‌ക്കോ സ്‌ഫോടനങ്ങളുമായി ബന്ധമില്ലെന്ന് ബള്‍ഗേറിയന്‍ സുരക്ഷാ ഏജന്‍സി (സാന്‍സ്) അറിയിച്ചിട്ടുണ്ട്. എങ്കിലും വിശദ അന്വേഷണം നടത്താനാണ് നോര്‍വയുടെ തീരുമാനം. സ്‌ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ 'നോര്‍ട്ട ഗ്ലോബലാ'ണെന്നാണ് ആരോപണം.

മാനന്തവാടിയിലെ റിന്‍സണിന്റെ വീട്ടില്‍ കേരളാ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു. എം.ബി.എ. കഴിഞ്ഞ റിന്‍സണ്‍ സ്റ്റുഡന്റ് വിസയിലാണ് നോര്‍വേയിലേക്ക് പോയത്. അവിടെത്തന്നെ ജോലിയില്‍ തുടര്‍ന്നു. റിന്‍സണെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സികളും പരിശോധന നടത്തുന്നുണ്ട്. റിന്‍സണ്‍ തെറ്റു ചെയ്തിട്ടില്ലെന്ന് തന്നെയാണ് റോയും വിലയിരുത്തുന്നത്. ഇതുവരെ ആര്‍ക്കും റിന്‍സനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ റിന്‍സന്റെ പ്രതികരണവും നിര്‍ണ്ണായകമാണ്. ഇതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍. റിന്‍സന്‍ അമേരിക്കയിലാണെന്നും പ്രചരണമുണ്ട്.

ഹിസ്ബുള്ളയ്ക്ക് കൈമാറാനായി നോര്‍ട്ട ഗ്ലോബല്‍ തയ്‌വാനില്‍നിന്ന് പേജറുകള്‍ ഇറക്കുമതിചെയ്‌തെന്ന് ഹംഗേറിയന്‍ വെബ്സൈറ്റായ 'ടെലെക്‌സ്' റിപ്പോര്‍ട്ടുചെയ്തിരുന്നു. പൊട്ടിത്തെറിച്ച വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ബള്‍ഗേറിയയിലേക്ക് എത്തിയിട്ടില്ലെന്നും സാന്‍സ് പറഞ്ഞു. തയ്‌വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടേതാണ് പൊട്ടിത്തെറിച്ച പേജറുകള്‍. ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ്മാര്‍ക്കുപയോഗിച്ച് പേജറുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സുള്ള, ഹംഗേറിയന്‍ കമ്പനിയായ 'ബി.എ.സി. കണ്‍സള്‍ട്ടിങ്' ആണ് അവ നിര്‍മിച്ചതെന്നാണ് പുറത്തുവന്ന വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സി. എന്നും പറയപ്പെടുന്നു.

ബി.എ.സി. യുടെ എം.ഡി. ക്രിസ്റ്റിയാന ആര്‍സിഡിയാക്കോണെ എന്ന സ്ത്രീക്ക് നോര്‍ട്ട ഗ്ലോബലുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. റിന്‍സണിന്റെ കമ്പനി ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുള്ളയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നും ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദുമായി ക്രിസ്റ്റിയാനയ്ക്ക് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഇവര്‍ ചാര വനിതയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്‌ഫോടനം നടത്താനുള്ള മൊസാദിന്റെ പദ്ധതിയെക്കുറിച്ച് റിന്‍സണ് അറിവില്ലായിരുന്നെന്നാണ് സൂചന. ചാരവനിതയുടെ ചതിയില്‍ എങ്ങനെയാണ് റിന്‍സണ്‍ പെട്ടതെന്നതാകും പ്രധാനമായും നോര്‍വേ അന്വേഷിക്കുക.

ബി.എ.സി. എം.ഡി.ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന കാര്യവുമറിയില്ലായിരുന്നു. ബള്‍ഗേറിയയില്‍ താമസിക്കുന്ന റിന്‍സണ്‍ 2022 ഏപ്രിലിലാണ് തലസ്ഥാനമായ സോഫിയയില്‍ നോര്‍ട്ട ഗ്ലോബല്‍ സ്ഥാപിച്ചത്. കണ്‍സല്‍ട്ടിങ് സര്‍വീസുകളിലൂടെ നോര്‍ട്ട കഴിഞ്ഞവര്‍ഷം 7.25 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കിയിരുന്നു. ഒരു പരസ്യ പ്രതികരണത്തിനും തയ്യാറാകാത്ത റിന്‍സന്‍ ഇപ്പോള്‍ എവിടെയാണെന്ന് ബന്ധുക്കള്‍ക്ക് അറിയില്ല. അമേരിക്കയിലേക്ക് കടന്നതായി സുഹൃത്തുക്കള്‍ പറയുമ്പോള്‍ ഹങ്കറിയില്‍ ഇദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് ഏജന്‍സികള്‍ മാറ്റിയെന്നും പറയപ്പെടുന്നു. 10 വര്‍ഷം മുന്‍പ് യുകെയില്‍ പോയ അദ്ദേഹം കുറച്ചു കാലം അവിടെ ജോലി ചെയ്ത ശേഷമാണ് നോര്‍വേയിലേക്ക് കുടിയേറിയത്. നോര്‍വേയിലെത്തിയ ഇദ്ദേഹം ഇവിടെ പുതിയ ജോലിയും നേടി. ഡിഎന്‍ മീഡിയ എന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് നോര്‍വേ പൗരത്വം ഉണ്ട്.

നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് എന്ന ഷെല്‍ കമ്പനി ഇതിനിടെ റിന്‍സണ്‍ ബള്‍ഗേരിയയിലെ സോഫിയ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതൊരു കടലാസ് കമ്പനിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലെബനോനില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സേനാ വിഭാഗമാണ് ഹിസ്ബുല്ല. ഇവര്‍ ഉപയോഗിക്കുന്ന 3000 ത്തോളം പേജറുകളാണ് കഴിഞ്ഞ ദിവസം ഒരേ സമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും സംഭവത്തിന് പിന്നില്‍ ഇസ്രയേലാണെന്നും ആരോപിച്ച ഹിസ്ബുല്ല വിശദമായ അന്വേഷണം നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല തായ്വാന്‍ കമ്പനി ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് 5000 ത്തോളം പേജറുകള്‍ വാങ്ങിയതെന്ന കാര്യം പുറത്തുവന്നത.

എന്നാല്‍ പേജറുകള്‍ നിര്‍മ്മിച്ചത് തങ്ങളല്ലെന്ന് ഗോള്‍ഡ് അപ്പോളോ വ്യക്തമാക്കി. ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎസി എന്ന കമ്പനിയാണ് പേജറുകള്‍ നിര്‍മ്മിച്ചതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇതോടെ അന്വേഷണം ഹങ്കറിയിലേക്ക് നീങ്ങി. ക്രിസ്റ്റിന അര്‍സിഡിയാന്‍കോനോ ബാര്‍സോണി എന്ന 49 കാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതായി ആകെ കണ്ടെത്താനായത് ഒരു ഒഴിഞ്ഞ കെട്ടിടവും കമ്പനിയുടെ പേരെഴുതിയ എ4 സൈസ് പേപ്പര്‍ വലിപ്പത്തിലുള്ള ഒരു ബോര്‍ഡും മാത്രം. ക്രിസ്റ്റീനയെ സംഭവത്തിന് പിന്നാലെ കാണാതായതോടെ അന്വേഷണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായി.

ഈ ഘട്ടത്തിലാണ് റിന്‍സന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് അന്വേഷണത്തിലേക്ക് വരുന്നത്. ബിഎസിയുമായി 15 കോടിയുടെ സാമ്പത്തിക ഇടപാട് നടന്നതാണ് ഇതിന് കാരണം. പേജര്‍ നിര്‍മ്മിച്ച കമ്പനിയെന്ന് പറയപ്പെടുന്ന ബിഎസിക്ക് രണ്ട് കമ്പനികളില്‍ നിന്നാണ് പണമെത്തിയത്. ഇതില്‍ ഒന്നാണ് റിന്‍സന്റെ നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ്. റിന്‍സന്റെ കമ്പനി പ്രതിക്കൂട്ടിലേക്ക് വന്നതോടെയാണ് ബള്‍ഗേരിയയിലെ നാഷണല്‍ സെക്യൂരിറ്റി എന്ന അന്വേഷണ ഏജന്‍സി പരിശോധനകളിലേക്ക് കടന്നത്. നാഷണല്‍ റവന്യൂ ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ ഈ സംയുക്ത അന്വേഷണത്തില്‍ റിന്‍സണോ കമ്പനിക്കോ പേജര്‍ സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാട് മാത്രമാണ് റിന്‍സന്റെ കമ്പനി നടത്തിയിട്ടുള്ളുവെന്നും ഭീകര പട്ടികയിലുള്ള സംഘടനകളുമായോ സ്ഥാപനങ്ങളുമായോ കമ്പനി ഇടപാട് നടത്തിയതായി തെളിവില്ലെന്നും ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി അറിയിച്ചു.

റിന്‍സണ്‍ ജോസ്, പേജര്‍, ഇസ്രയേല്‍, ഹിസ്ബുള്ള

Tags:    

Similar News