വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വിസയും പാസ്‌പോര്‍ട്ടും പണവും ട്രെയിനില്‍ വെച്ച് നഷ്ടമായി; റെയില്‍വേ സംരക്ഷണ സേനയുടെ സമയോചിത ഇടപെടലില്‍ എല്ലാം തിരിച്ചുകിട്ടി; കൃത്യസമയത്ത് തന്നെ രേഖകളുമായി ആര്‍പിഎഫ് കുതിച്ചെത്തിയതോടെ ശാന്തമ്മയ്ക്ക് ശുഭയാത്ര!
വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വിസയും പാസ്‌പോര്‍ട്ടും പണവും ട്രെയിനില്‍ വെച്ച് നഷ്ടമായി
കോട്ടയം: വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ നിന്ന് വീണുപോയ വിസയും പാസ്‌പോര്‍ട്ടും പണവും റെയില്‍വേ സംരക്ഷണ സേനയുടെ(ആര്‍.പി.എഫ്)യുടെ സമയോചിതമായ ഇടപെടലില്‍ വീട്ടമ്മയ്ക്ക് തിരിച്ചു കിട്ടി. ദുബായിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പത്തനംതിട്ട ചാലപ്പള്ളി രാജുവിന്റെ ഭാര്യ ശാന്തമ്മയുടെ രേഖകളാണ് നഷ്ടപ്പെട്ടത്.
സന്ദര്‍ശക വിസയില്‍ ജോലിതേടി ദുബായിലേയ്കുള്ള യാത്രയിലായിരുന്നു ശാന്തമ്മ. വ്യാഴാഴ്ച രാത്രി ഏഴരയോടെ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എക്സ്പ്രസ്സിലെ ജനറല്‍ ബോഗിയില്‍ നിന്നാണ് ബാഗ് തുറന്നപ്പോള്‍ താഴെവീണു പോയത്. വിസ, പാസ്പോര്‍ട്ട്, വിമാനടിക്കറ്റ്, 3000 ദിര്‍ഹം (72,000രൂപ) എന്നിവയാണ് നഷ്ടപ്പെട്ടത്.
ട്രെയിന്‍ ചിങ്ങവനം സ്റ്റേഷന്‍ പിന്നിട്ടയുടനെയാണ് പാസ്‌പോര്‍ട്ട് വീണുപോയത്. എന്നാല്‍ എവിടെയാണ് വീണതെന്ന് കൃത്യമായി അറിയാതെ പരിഭ്രാന്തരായ ശാന്തമ്മക്ക് സഹയാത്രക്കാരന്‍ ലൈവ് ലൊക്കേഷന്‍ കണ്ടെത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ശാന്തമ്മയുടെ ഭര്‍ത്താവ് രാജു ആര്‍.പി.എഫിന്റെ സഹായം തേടി.
ഡ്യുട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഷിബുവിനോട് വിവരം പറഞ്ഞു. ഇന്‍സ്പെക്ടര്‍ എന്‍.എസ് സന്തോഷിന്റെ നിര്‍ദേശപ്രകാരം ഷിബു സ്വന്തം ബൈക്കില്‍ ഭര്‍ത്താവിനെയുംകൂട്ടി സംഭവസ്ഥലത്തേയ്ക്കു കുതിച്ചു. ലൈവ് ലൊക്കേഷന്‍ തേടി ട്രാക്കിലെത്തിയെങ്കിലും ആദ്യം രേഖകള്‍ കണ്ടെത്താനായിരുന്നില്ല. ട്രെയിന്‍ വേഗതയിലായിരുന്നതിനാല്‍ ലൈവ് ലൊക്കേഷനില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാക്കിയ ഇവര്‍ കുറച്ചു ദൂരം മുന്നോട്ടു നടക്കുകയായിരുന്നു. ആ തീരുമാനം തെറ്റിയില്ല.
ട്രാക്കില്‍ നിന്ന് അല്‍പം മാറി 500 ദിര്‍ഹമൊഴികെയുള്ള മുഴുവന്‍ രേഖകളും കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ ഒരു ടാക്‌സി പിടിച്ച് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഈ സമയം ഇന്‍സ്‌പെക്ടര്‍ എന്‍.എസ് സന്തോഷ് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട വൈകിയെത്തിയാലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കൃത്യസമയത്ത് തന്നെ രേഖകളുമായി അവര്‍ എത്തിയതോടെ ശാന്തമ്മക്ക് അതേവിമാനത്തില്‍ യാത്രതിരിക്കാനായി.