വിഷപ്പാമ്പുകളും വന്യജീവികളും നിറഞ്ഞ കര്‍ണാടകയിലെ കൊടുംകാട്ടില്‍ കുട്ടികളോടൊപ്പം കണ്ടെത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; ഇന്ത്യയില്‍ തുടരാന്‍ രേഖകള്‍ ഇല്ലാതിരുന്ന നീന കുട്ടിനക്ക് സഹായമായത് ഹൈക്കോടതി ഇടപെടല്‍; രേഖകള്‍ ലഭിച്ചതോടെ റഷ്യയിലേക്ക് മടക്കം

വിഷപ്പാമ്പുകളും വന്യജീവികളും നിറഞ്ഞ കര്‍ണാടകയിലെ കൊടുംകാട്ടില്‍ കുട്ടികളോടൊപ്പം കണ്ടെത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി

Update: 2025-10-01 12:02 GMT

ബംഗളുരു: ഇന്ത്യയിലെ ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയ റഷ്യക്കാരിയായ അമ്മയും കുട്ടികളും നാട്ടിലേക്ക്് മടങ്ങി. കഴിഞ്ഞ ജൂലൈ 9 ന് കര്‍ണാടകയിലെ ഒരു വനത്തില്‍ പതിവ് പട്രോളിംഗിനിടെയാണ് പോലീസുകാര്‍ 40 കാരിയായ നീന കുട്ടിനയെയും ആറ്, അഞ്ച് വയസ്സുള്ള പെണ്‍മക്കളെയും ഒരു ഗുഹക്കുള്ളില്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ തുടരാന്‍ സാധുവായ ഒരു രേഖകളും ഇവരുടെ കൈവശം ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടിനയേയും മക്കളേയും വിദേശികള്‍ക്കായുള്ള പ്രത്യേക ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച, കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് കുട്ടിനയ്ക്കും പെണ്‍മക്കള്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് അവര്‍ റഷ്യയിലേക്ക് പോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

ഗോവയില്‍ താമസിക്കുന്നതായി പിന്നീട് കണ്ടെത്തിയ മറ്റൊരു ബന്ധത്തിലെ കുട്ടീനയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും അവരോടൊപ്പം പോയിട്ടുണ്ട്. ഗോവയില്‍ താമസിക്കുന്ന ഇസ്രായേലി ബിസിനസുകാരനായ ഡ്രോര്‍ ഷ്ലോമോ ഗോള്‍ഡ്‌സ്റ്റൈന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. താനാണ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പിതാവാണെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളെ റഷ്യയിലേക്ക് തിരിച്ചയക്കുന്നത് തടയണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെടുകയും അവരുടെ സംരക്ഷണത്തിനായി അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.

കുട്ടീന തന്നെ അറിയിക്കാതെ ഗോവ വിട്ടുപോയെന്നും താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോള്‍ഡ്‌സ്റ്റൈന്‍ നേരത്തേ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടീനയും മക്കളും കര്‍ണാടകത്തിലെ ഗുഹയില്‍ എങ്ങനെയാണ് എത്തിയത് എന്ന കാര്യം വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഗുഹക്കുള്ളില്‍ പോലീസ് ഇവരെ കണ്ടെത്തുമ്പോള്‍ ഇവരുടെ കൈവശം പ്ലാസ്റ്റിക് മാറ്റുകള്‍, വസ്ത്രങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് പാക്കറ്റുകള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുഹ ചോര്‍ന്നൊലിച്ച നിലയിലായിരുന്നു. ഒരു ആഴ്ചയായി ഗുഹയില്‍ താമസിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. തന്റെ ഇളയ മകള്‍ ഗോവയിലെ ഒരു ഗുഹയിലാണ് ജനിച്ചതെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News