ശബരിമലയിലെ 'മറുനാടന്‍ വാര്‍ത്തയില്‍' യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പിണറായി സര്‍ക്കാര്‍; സ്‌പോട്ട് ബുക്കിംഗ് ഇല്ലാതായാല്‍ തീര്‍ത്ഥാടന അട്ടിമറി സാധ്യത ഉയരുമെന്ന സത്യം ഉള്‍ക്കൊണ്ട് തിരുത്തല്‍ വരും; ശബരിമലയില്‍ എത്തുന്നവര്‍ക്കെല്ലാം ധര്‍മ്മശാസ്താവിനെ കാണാനാകും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ തെറ്റ് തിരുത്തും

Update: 2024-10-11 04:02 GMT

തിരുവനന്തപുരം: ശബരിമലയില്‍ നടപ്പാക്കുന്നത് തിരുപ്പതി മോഡലെന്ന വ്യാജ പ്രചരണം മറുനാടന്‍ മലയാളി പൊളിച്ചതോടെ പുനപരിശോധനാ നീക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കില്ല. ഈ നീക്കം തിരുപ്പതി മോഡല്‍ എന്ന തരത്തില്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം ദര്‍ശനത്തിന് സൗകര്യമുണ്ട്. ഇത് മറുനാടന്‍ വാര്‍ത്തയാക്കി. നിയമസഭയില്‍ അടക്കം സ്‌പോട്ട് ബുക്കിംഗ് ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് പുനപരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്.

ശബരിമലയില്‍ തിരുപ്പതി മോഡല്‍ നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ തിരുപ്പതിയില്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന വിവരം സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു. ഇതോടെ തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും ദേവസ്വം ബോര്‍ഡിന് യുക്തമായ തിരുത്തലിന് നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടനത്തില്‍ പ്രതിസന്ധിയുണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ചു. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം. വിശ്വാസ പ്രശ്‌നങ്ങളില്‍ കരുതലോടെ മുമ്പോട്ട് പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സന്നിധാനത്ത് എത്തുന്നവരുടെ കണക്കും വിവരവും സുരക്ഷയ്ക്ക് ആവശ്യമാണെന്നും തിരുപ്പതി ക്ഷേത്രമാതൃകയില്‍ ശബരിമലയിലെ ദര്‍ശനം ക്രമീകരിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ദേവസ്വംബോര്‍ഡിന്റെ പുതിയക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, മാസപൂജയ്ക്ക് അഞ്ചുദിവസം വീതവും മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് രണ്ടുമാസത്തോളവുംമാത്രം തുറക്കുന്ന കാനനക്ഷേത്രമായ ശബരിമലയെ എന്നും ദര്‍ശനമുള്ള തിരുപ്പതിയുമായി താരതമ്യം ചെയ്യാനാവില്ല. ഇതിനൊപ്പമാണ് തിരുപ്പതിയില്‍ എത്തുന്നവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയത് ദര്‍ശനം നടത്താമെന്ന യാഥാര്‍ത്ഥ്യം. ഇത് വാര്‍ത്തയായതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനരാലോചനയ്ക്ക് നിര്‍ബന്ധിതമാകുന്നത്.

ശബരിമലയില്‍ തീര്‍ത്ഥാടന അട്ടിമറിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ദുരുപയോഗപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. ആര്‍ക്കും ഓണ്‍ലൈനില്‍ സമയം ബുക്ക് ചെയ്യാം. ശബരിമലയില്‍ വരണമെന്ന് ആഗ്രഹമില്ലാത്തവര്‍ക്ക് പോലും ഇതു ചെയ്യാനാകും. അങ്ങനെ കൂട്ടത്തോടെ തീര്‍ത്ഥാടനം അട്ടിമറിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം കൂടി നേരത്തെ വെര്‍ച്യുല്‍ ക്യൂ ബുക്ക് ചെയ്താല്‍ തീര്‍ത്ഥാടനത്തിന് ആളില്ലാ അവസ്ഥയാകും. സ്പോട്ട് ബുക്കിംഗ് സംവിധാനമില്ലാത്തതു കൊണ്ടു തന്നെ സന്നിധാനത്ത് എത്തുന്നവര്‍ക്ക് പോലും അന്ന് തീര്‍ത്ഥാടനം നടക്കാതെ പോകും. ഈ സാഹചര്യവും സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. സ്‌പോട്ട് ബുക്കിംഗ് വരുമ്പോള്‍ ഈ പ്രതിസന്ധി തീരുമെന്നാണ് വിലയിരുത്തല്‍.

തിരുപ്പതി മോഡലാണ് ശബരിമലയില്‍ നടപ്പാക്കുന്നതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ തിരുപതിയില്‍ എത്തി ടിക്കറ്റെടുത്ത് ക്ഷേത്ര ദര്‍ശനം നടത്താനും അവിടെ സൗകര്യമുണ്ട്. അതായത് രാവിലെ തിരുപ്പതിയിലെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിനുള്ള ടിക്കറ്റ് കിട്ടും. എന്നാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി പ്രകാരം ശബരിമലയുടെ സമീപത്ത് നിന്നൊന്നും ദേവസ്വം ബോര്‍ഡ് സൗകര്യത്തില്‍ ടിക്കറ്റ് കിട്ടില്ല. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എല്ലാം ഫുള്‍ ആണെങ്കില്‍ പിന്നെ ആരും ശബരിമലയില്‍ എത്തിയിട്ട് കാര്യമില്ല. ഇതാണ വസ്തുതയെന്നിരിക്കെയാണ് തിരുപ്പതി മോഡലിനെ ശബരിമലയില്‍ വ്യാജമായി ചര്‍ച്ചയാക്കിയത്. ഇത് സര്‍ക്കാരിന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അയ്യപ്പദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും സജീവമാണ്. സന്നിധാനത്ത് എത്തുന്നവരില്‍ ഏറിയപങ്കും തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. കൂടുതലും സാധാരണക്കാരും. കൂലിപ്പണിയെടുക്കുന്ന ഇവര്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാണെന്നറിയാതെയോ സാങ്കേതിക തടസ്സങ്ങളാല്‍ ബുക്കുചെയ്യാന്‍ കഴിയാതെയോ എത്തിയാല്‍ ദര്‍ശനം നടത്താന്‍ കഴിയാതെ പോകും. ഇവര്‍ക്ക് അനുഗ്രഹമായിരുന്ന സ്പോട്ട് ബുക്കിങ് സൗകര്യമാണ് നേരത്തെ വേണ്ടെന്നുവെച്ചതായി പ്രഖ്യാപിച്ചത്.

കുമളി, ഏരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, നിലയ്ക്കല്‍, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. നിലയ്ക്കലില്‍ പത്തും പമ്പയില്‍ അഞ്ചും കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഒറ്റയടിക്കു വേണ്ടെന്നുവച്ചു. ഇത് ബുക്ക് ചെയ്യണമെന്ന് അറിയാതെ എത്തുന്നവരെ ബുദ്ധിമുട്ടിലാകും. തിരുപ്പതി മോഡല്‍ എന്ന വ്യാജേന എല്ലാം അട്ടിമറിക്കുകയാണ് കേരളത്തില്‍ സര്‍ക്കാര്‍. ഈ തിരുപ്പതി മോഡലിലെ കള്ളം ചര്‍ച്ചയാക്കാന്‍ ഹിന്ദു സംഘടനകള്‍ക്ക് പോലും കഴിയുന്നില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും ദേവസ്വം ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വംബോര്‍ഡാണ് ഇപ്പോള്‍ കൈകാര്യംചെയ്യുന്നത്. ഇതില്‍ ഒരുദിവസം 80,000 ഭക്തര്‍ എന്ന പരിധി നിശ്ചയിച്ചത് ട്രാവല്‍ ഏജന്‍സികള്‍ക്കായി ബുക്കു ചെയ്താല്‍ സാധാരണ തീര്‍ഥാടകര്‍ക്ക് അവസരം കിട്ടാതെയും വരും. ഇതോടൊപ്പം അട്ടിമറിക്കാര്‍ വ്യാപകമായി ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ പോലും തീര്‍ത്ഥാടകര്‍ ഇല്ലാത്ത അവസ്ഥയില്‍ ശബരിമല മാറും. ഇതെല്ലാം മനസ്സിലാക്കിയാണ് മാറ്റങ്ങള്‍ വരുത്തുക.

Tags:    

Similar News