2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി; തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു; നിര്‍ദ്ദേശിച്ചത് വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താന്‍; ബോര്‍ഡ് അറിയാതെ എങ്ങനെ തന്ത്രിയുടെ ആവശ്യം അട്ടിമറിക്കും? ശബരിമല: പ്രശാന്തും കേസില്‍ പ്രതിയാകുമോ?
കൊച്ചി: ശബരിമല ശില്‍പ്പപാളി കേസില്‍ ഹൈക്കോടതി ഉയര്‍ത്തുന്നത് നിര്‍ണ്ണായക ചോദ്യങ്ങള്‍. കോടതിയുടെ നിരീക്ഷണങ്ങള്‍ എല്ലാ അര്‍ത്ഥിലും ഞെട്ടിക്കുന്നതാണ്. തന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് 2025ല്‍ ദ്വാരപാലക ശില്‍പ്പം പുറത്തേക്ക് പോയത്. ഇതും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതാണ് ഈ നിരീക്ഷണം. 2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെത്തന്നെ 2025ല്‍ അറ്റകുറ്റപ്പണി ഏല്‍പ്പിച്ചു.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞിരുന്നത്.2025ലെ ഇടപാടിന് തിരുവാഭരണം കമീഷണര്‍ ആദ്യം വിയോജിപ്പ് അറിയിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റി പോറ്റിക്ക് കൈമാറാന്‍ കൂട്ടുനിന്നു. പാളികള്‍ ഇളക്കിയത് സ്‌പെഷ്യല്‍ കമീഷണറെ അറിയിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം നിലവിലെ ദേവസ്വം ബോര്‍ഡിനുണ്ടായ വലിയ വീഴ്ചയാണ്.
ഹൈക്കോടതി നടപടികള്‍ രഹസ്യമാക്കാന്‍ അടച്ചിട്ട കോടതിമുറിയിലേക്ക് എസ്പി എസ് ശശിധരന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെമാത്രമാണ് പ്രവേശിപ്പിച്ചത്. അഭിഭാഷകരെയടക്കം പുറത്തുനിര്‍ത്തി. അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞ കോടതി ഒരുമണിക്കൂറിനുശേഷം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരെയടക്കം തിരികെവിളിച്ചാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. ദ്വാരപാലക ശില്‍പ്പങ്ങളും കട്ടിളയും 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്തു. 2019 ജൂണ്‍ 28ന് ദേവസ്വം കമീഷണര്‍ക്കുവേണ്ടി ഡെപ്യൂട്ടി കമീഷണര്‍ (ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍) പാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി തേടി. ഇതിന് പിന്നാലെ ബോര്‍ഡ്, 'ചെമ്പുപാളികള്‍' എന്ന് രേഖപ്പെടുത്തി അനുമതി നല്‍കി. പീഠങ്ങളും കൊടുത്തയച്ചുവെന്നും നിരീക്ഷിക്കുന്നു. ശബരിമല ദ്വാരപാലക ശില്‍പ്പപാളി കേസിന്റെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി അന്വേഷണം എത്തരത്തിലാണ് മുമ്പോട്ട് പോകേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അന്വേഷകസംഘം ശരിയായ ദിശയിലാണ് കേസ് അന്വേഷിക്കുന്നത്. ശില്‍പ്പങ്ങള്‍ പുറത്തുകൊണ്ടുപോയതിലടക്കം ആസൂത്രിത ക്രിമിനല്‍ ഗൂഢാലോചന സംശയിക്കുന്നതിനാല്‍ സമഗ്ര അന്വേഷണം വേണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അടച്ചിട്ട കോടതിമുറിയില്‍ എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഉന്നത ഉദ്യോഗസ്ഥര്‍മുതല്‍ ഏതൊക്കെ ശ്രേണിയിലുള്ള ജീവനക്കാര്‍ ക്രമക്കേടിന് കൂട്ടുനിന്നു എന്നത് കണ്ടെത്തണം. പങ്കുള്ള എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണവിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രത്യേക റിട്ട് ഹര്‍ജി സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനും രജിസ്ട്രിയോട് നിര്‍ദേശിച്ചു.
ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, സംസ്ഥാന പൊലീസ് മേധാവി, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റേറ്റ് ഓഡിറ്റ്) എന്നിവരാകും പുതിയ ഹര്‍ജിയില്‍ കക്ഷികളാവുക. ബോര്‍ഡിന്റെ മിനിട്‌സ് പിടിച്ചെടുക്കാനും നിര്‍ദേശിച്ചു. ഇതു പ്രകാരം മിനിട്‌സ് പ്രത്യേക അന്വേഷണ സംഘം വാങ്ങിയിട്ടുണ്ട്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍നിന്നും കട്ടിളയില്‍നിന്നും സ്വര്‍ണം കാണാതായതില്‍ രണ്ട് കേസാണ് എസ്‌ഐടി രജിസ്റ്റര്‍ ചെയ്തത്. 1998-99ല്‍ ശ്രീകോവിലടക്കം പൊതിഞ്ഞത് 30.291 കിലോ സ്വര്‍ണം കൊണ്ടാണ്. എന്നാല്‍, 2019ല്‍ ചെമ്പുപാളികള്‍ എന്ന വ്യാജേന പോറ്റിക്ക് ഇത് കൈമാറി. തിരിച്ചെത്തിച്ചപ്പോള്‍ തൂക്കമടക്കം രേഖപ്പെടുത്തിയില്ല. ഇതിനെല്ലാം ദേവസ്വം തലപ്പത്തുള്ളവര്‍വരെ ഉത്തരവാദികളാണ്.
474.9 ഗ്രാം സ്വര്‍ണമാണ് അന്ന് കുറവുവന്നത്. ഇത് വീണ്ടെടുക്കാന്‍ ആരും ശ്രമിക്കാത്തത് ബോധപൂര്‍വമാണ്. 2025ലും പാളികള്‍ പോറ്റിക്കുതന്നെ കൊടുത്തുവിട്ടത് സംശയാസ്പദമാണെന്നും കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ് ശശിധരനാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അടുത്ത തവണയും രഹസ്യവാദമായിരിക്കും നടക്കുക. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന നവംബര്‍ അഞ്ചിനും ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണം.