അന്താരാഷ്ട്ര വിഗ്രഹ മാഫിയാ സംഘങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടിയ കേസ്; ശബരിമലയില്‍ കൊള്ള നടത്തിയത് സംഘടിത കുറ്റകൃത്യമെന്ന തിരിച്ചറിയാന്‍ വേണ്ടത് സാമാന്യ ബുദ്ധമിതി; എന്നിട്ടും പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് നിര്‍ദ്ദേശം; ആറന്മുളക്കാരനെ പ്രകോപിപ്പിച്ചാല്‍ വെട്ടിലാകുമെന്ന് ഭയന്ന് പിണറായി; വിലങ്ങ് അണിഞ്ഞാല്‍ നാറുമെന്ന പേടിയില്‍ സര്‍ക്കാര്‍; പത്മകുമാറിന്റെ കൈയ്യില്‍ രഹസ്യങ്ങള്‍ പലതോ?

Update: 2025-11-26 05:01 GMT

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിലങ്ങു അണിയിച്ച് കോടതിയില്‍ ഹാജരാക്കാമെന്നതാണ് ചട്ടം. കേരളം കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യമാണ് ശബരിമല കൊള്ള. അന്താരാഷ്ട്ര വിഗ്രഹ മോഷണ മാഫിയയെ അടക്കം ഹൈക്കോടതി സംശയ നിഴലില്‍ നിര്‍ത്തി കഴിഞ്ഞു. അത്തരൊരു കേസിന് അതിന്റേതായ പരിഗണന സംസ്ഥാന പോലീസ് നല്‍കുന്നില്ല.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങ് അണിയിക്കരുതെന്ന് നിര്‍ദേശം ഇതിന് തെളിവാണ്. ദേവസ്വം മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൈവിലങ്ങ് അണിയിച്ചത് വിവാദമായിരുന്നു. നിയമവിരുദ്ധമായ നടപടിയാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ വിലങ്ങ് അണിയച്ചതില്‍ ഒരു നിയമ വിരുദ്ധതയുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ തുറന്നു പറച്ചില്‍ നടത്തിയ ഷെര്‍ഷാദിനെ പോലും കോടതിയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിലങ്ങ് അണിയിച്ചാണ് കൊണ്ടു പോയത്. അത് നിയമപരമെങ്കില്‍ വാസുവിനേയും പത്മകുമാറിനേയും വിലങ്ങ് അണിയിക്കുന്നതും നിയമപരമാണെന്നതാണ് വസ്തുത. ആറന്മുളക്കാരനാണ് പത്മകുമാര്‍. ആറന്മുളയിലെ സഖാവിന്റെ കൈയ്യില്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പോന്ന പലതുമുണ്ടെന്നാണ് വിലയിരുത്തല്‍.

വിലങ്ങണിയിച്ചാല്‍ പത്മകുമാര്‍ പ്രകോപിതനാകുമോ എന്ന ആശങ്ക സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. സ്വര്‍ണ്ണ കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പത്മകുമാര്‍ മൊഴി നല്‍കുമോ എന്നതാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം യുവതി പ്രവേശന സമയത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് പത്മകുമാര്‍. ഈ സാഹചര്യത്തില്‍ യുവതി പ്രവേശന കാലത്തെ ഗൂഡ നീക്കങ്ങള്‍ എന്ന തരത്തില്‍ പ്രതികരണങ്ങള്‍ക്ക് പത്മകുമാര്‍ തയ്യാറായല്‍ പ്രതിസന്ധി രൂക്ഷമാകും. ഈ സാഹചര്യത്തില്‍ പത്മകുമാറിനെ കൈവലങ്ങിടുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. വാസുവിന്റെ വിലങ്ങണിയല്‍ സമയത്ത് ഇത്തരത്തില്‍ നിര്‍ദ്ദേശം ഔദ്യോഗികമായി കൊടുത്തിരുന്നില്ല. അതുകൊണ്ടാണ് പത്മകുമാറിന് വേണ്ടി പ്രത്യേക കരുതല്‍.

എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വയ്ക്കണമെന്ന് നിയമത്തില്‍ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം സമ്മര്‍ദ്ദം മാത്രമായിരുന്നു ഈ റിപ്പോര്‍ട്ടിന് കാരണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 43(3)ല്‍ ആര്‍ക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍, തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയൊക്കെയാണ് വിലങ്ങണിയിക്കാന്‍ നിയമം അനുശാസിക്കുന്നത്. ഈ അടുത്ത കാലത്ത് സിപിഎമ്മിനെതിരെ നിലപാട് എടുത്ത ഷെര്‍ഷാദിനെ കൊണ്ടു പോയതും വിലങ്ങിലായിരുന്നു. ഇതും വിവാദമായി. പക്ഷേ നിയമപരമെന്ന നിലപാടിലായിരുന്നു പോലീസ് അന്ന്. എന്നാല്‍ ഹൈക്കോടതി തന്നെ അന്താരാഷ്ട്ര കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി പോലും നിരീക്ഷിച്ചതാണ് ഈ ശബരിമല കേസ്. ഈ കേസിലാണ് വിലങ്ങ് പാടില്ലെന്ന പോലീസ് തരീമാനം.

നേരത്തേ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്‌ഐടി എസ്പി എസ്. ശശിധരന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ല. അത് എസ്‌ഐടിയില്‍ തന്നെ തര്‍ക്കത്തിനിടയാക്കിയപ്പോഴാണ് എന്‍.വാസുവിനെ വിലങ്ങണിയിച്ചത്. ഇതില്‍ ഡിജിപിയും എസ്‌ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വയ്‌ക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നായിരുന്നാണ് പോലീസിന്റെ ഭാഷ്യം. അവര്‍ ഹൈക്കോടതിയുടെ അന്താരാഷ്ട്ര മാഫിയാ പരമാര്‍ശം പോലും കണക്കിലെടുക്കുന്നില്ല.

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാര്‍ വിഷയം ചര്‍ച്ചയാക്കാതെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കരുതല്‍ എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയതും ഭയത്തിന്റെ സന്ദേശമാണ്. നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റിന്റെ തുടക്കത്തില്‍ തന്നെ ആമുഖമായി ഈ വിഷയത്തില്‍ ഗോവിന്ദന്‍ നയപ്രഖ്യാപനം നടത്തി. പത്മകുമാറിനെ പുറത്താക്കേണ്ടതില്ല. നടപടികളുണ്ടായാല്‍ പത്മകുമാറിന്റെ പ്രതികരണം എത്തരത്തിലാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കുന്ന തരത്തില്‍ പത്മകുമാര്‍ തുറന്നു പറച്ചില്‍ നടത്തും. അങ്ങനെ വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകളെ പോലും ബാധിക്കും. സ്വര്‍ണ്ണ കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി പത്മകുമാര്‍ കൊടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന തരത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ എത്തുന്നവര്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന പരാമര്‍ശവും ഒരു നേതാവ് യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ അവഗണിക്കുക മാത്രമേ വഴിയുള്ളൂവെന്ന സന്ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. അതുകൊണ്ടു തന്നെ പിന്നീട് ആരും ഈ വിഷയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചില്ല. അതുകൊണ്ട് തന്നെ പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമായി തുടരും. പത്മകുമാര്‍ അതീവ രഹസ്യങ്ങള്‍ പലതും അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരാകാന്‍ സമയം കൂടുതല്‍ ചോദിച്ച പത്മകുമാര്‍ നിയമജ്ഞരെ കാണും മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടിരുന്നു. പാര്‍ട്ടിക്ക് കേസില്‍ ഇടപെടാനാവില്ലെന്നും അറിയാവുന്ന് കാര്യങ്ങള്‍ പറഞ്ഞ് കേസ് നടത്തണമെന്നും പറഞ്ഞതായാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഇടപെടുവിക്കാനാണ് ''ദൈവതുല്യനായ ആളി''നെക്കുറിച്ച് പത്മകുമാര്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് സിപിഎമ്മിന് സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്.

അതിനിടെ ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ഒറ്റയ്ക്കല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു. പാര്‍ട്ടി നടപടിയെടുത്താല്‍ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാല്‍ പത്മകുമാര്‍ പാര്‍ട്ടിയിലെ ദൈവതുല്യന്റെ പേര് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.'പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങള്‍ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാര്‍ക്ക് നന്നായിട്ട് അറിയാം. പത്മകുമാറില്‍ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുന്‍ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാല്‍ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ഒന്നും എടുക്കാതെ പിരിയുന്നത്. ഇത് സിപിഎമ്മിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

Tags:    

Similar News