ശബരിമല വിമാനത്താവളം പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു; വിമാനത്താവളത്തിന് ചിലവ് വരുന്നത് 7047 കോടി രൂപ; വര്‍ഷം ഏകദേശം ഏഴുലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കാം; ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തെ സ്വകാര്യ ഭൂമിയിലുമാണ് വിമാനത്താവളം വരുക

Update: 2025-07-24 00:52 GMT

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡിപിആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഏകദേശം 7047 കോടി രൂപ ചെലവാകുമെന്ന് കണ്‍സള്‍ട്ടിങ് ഏജന്‍സിയായ 'സ്റ്റുപ്' തയ്യാറാക്കിയ രേഖ വ്യക്തമാക്കുന്നു. സംസ്ഥാന ഔദ്യോഗിക ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ഈ മാസം ആദ്യം ഡിപിആര്‍ കൈമാറിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ്ക്ലിയറന്‍സ് ഇതിനകം ലഭിച്ചിരിക്കുന്നതിനാല്‍ ഡിപിആറിന്റെ അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. സംസ്ഥാനസര്‍ക്കാരിന്റെ ഭരണാനുമതിയും അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു.

വര്‍ഷം ഏകദേശം ഏഴുലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും എന്നാണു കണക്കുകൂട്ടല്‍. ശബരിമല തീര്‍ഥാടകര്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വിമാനത്താവളം ഏറെ പ്രയോജനകരമാകുമെന്നു രേഖ വ്യക്തമാക്കുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടേയും തമിഴ്നാട്ടിലെ അയല്‍പ്രദേശങ്ങളുടേയും ഗതാഗത വികസനത്തിനും പദ്ധതിയിലൂടെ ഗുണം ലഭിക്കും. അഗ്രേഡ് റണ്‍വേ, ആധുനിക പാസഞ്ചര്‍ ടെര്‍മിനല്‍, കാര്‍ഗോ ഹബ്ബ് എന്നിവ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി പദ്ധതി രൂപകല്പന ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന 2570 ഏക്കര്‍ ഭൂമിയില്‍ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിലും 307 ഏക്കര്‍ സ്വകാര്യഭൂമിയിലുമാണ്. ആദ്യം കണക്കാക്കിയിരുന്നു ചിലവ് 3450 കോടിയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ പുനരിധവാസം എല്ലാം കൂടി 2408 കോടി കൂടി വരും. സാങ്കേതിക കാര്യങ്ങില്‍ റണ്‍വേ 3500 മീറ്റര്‍ നീളവും, പാസ്ഞ്ചര്‍ ടെര്‍മിനല്‍ 54,000 ചതുരശ്ര അടിയുമായിരിക്കും. കാര്‍ഗോ ഏരിയ 1200 ചതുരശ്ര അടി എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഭൂമിയുടമസ്ഥാവകാശം സംബന്ധിച്ച കേസുകള്‍ നിലവിലുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശത്തിലായിരുന്നുവെങ്കിലും പാട്ടക്കാലാവധി അവസാനിച്ച ഭൂമിയായതിനാല്‍ അത് റവന്യൂഭൂമിയാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവില്‍ റവന്യൂ വകുപ്പ് പാലാ സബ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ ചെലവുകള്‍ക്കായി 2408 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പ്രകാരം നഷ്ടപരിഹാരം നല്‍കിയാണ് ഏറ്റെടുക്കല്‍ നടപ്പിലാക്കുന്നത്. സര്‍വേപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, പദ്ധതി സംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ച് അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News