'പഞ്ചാഗ്‌നിമധ്യേ തപസ് ചെയ്താലുമീ പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ': അദ്വൈതം സിനിമയിലെ വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് എ.ബദറുദ്ദീന്‍; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള; പത്മകുമാറിനും സംഘത്തിനും ജാമ്യമില്ല; ശങ്കരദാസിന്റെ രോഗം എന്തെന്നും ജയിലില്‍ ചികിത്സ തുടരാന്‍ കഴിയില്ലേ എന്നും ഹൈക്കോടതി; അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവര്‍ക്ക് കുരുക്ക് മുറുകുന്നു!
അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവര്‍ക്ക് കുരുക്ക് മുറുകുന്നു!
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയാണെന്നും അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ സംഘം ചേര്‍ന്ന് കവര്‍ന്നതാണെന്നും കോടതി നിരീക്ഷിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ഗോവര്‍ദ്ധന്‍, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദീന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിധി പറയാന്‍ മാറ്റിവെച്ച ഹര്‍ജികളിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.
പ്രതികളായ എ. പത്മകുമാര്‍, ഗോവര്‍ദ്ധന്‍, മുരാരി ബാബു എന്നിവര്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടെന്നും, പുറത്തിറങ്ങിയാല്‍ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പത്മകുമാര്‍ ഇപ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണെന്നതും കോടതി എടുത്തുപറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും, കൊള്ളയടിച്ച സ്വര്‍ണം പൂര്‍ണ്ണമായി കണ്ടെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കണ്ടെത്താനുള്ള സ്വര്‍ണം എവിടെയാണെന്നതിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും, അടുത്തിടെ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
11-ാം പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ ശങ്കര്‍ദാസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തി. ശങ്കര്‍ദാസിന്റെ അസുഖമെന്താണെന്നോ ചികിത്സ തേടുന്നുണ്ടോ എന്നതിനെക്കുറിച്ചോ വ്യക്തതയില്ലെന്നും മൂവര്‍ക്കും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. 'പഞ്ചാഗ്‌നിമധ്യേ തപസ് ചെയ്താലുമീ പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ' എന്ന അദ്വൈതം സിനിമാ ഗാനത്തിലെ വരികള്‍ ഉദ്ധരിച്ചാണ് കോടതി ഉത്തരവ് അവസാനിപ്പിച്ചത്. ശബരിമല സന്നിധാനത്ത് നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ ജനങ്ങള്‍ക്ക് ഈ ഗാനം ഓര്‍മ്മിപ്പിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അദ്വൈതം സിനിമയില്‍ കൈതപ്രം രചിച്ച് എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് എം.ജി ശ്രീകുമാര്‍ പാടിയതാണ് 'പഞ്ചാഗ്‌നിമധ്യേ തപസ് ചെയ്താലുമീ' എന്ന ഗാനം.ഈ സിനിമയുടെ പ്രമേയം ശബരിമല സ്വര്‍ണക്കൊള്ളയോട് ഏറെ സാമ്യമുള്ള കഥയാണ്.ഈ സിനിമ ശബരിമല സ്വര്‍ണക്കൊള്ളയോട് ഏറെ സാമ്യമുള്ള കഥയാണ്.
ശങ്കരദാസിന്റെ രോഗമെന്ത്?
കെ.പി. ശങ്കരദാസ് സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ചികിത്സയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശങ്കരദാസിന്റെ രോഗമെന്താണെന്നും, ജയിലില്‍ പാര്‍പ്പിച്ച് ചികിത്സ തുടരാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശങ്കരദാസ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആശുപത്രിയിലെത്തിയാണ് പോലീസ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റ് വൈകുന്നതില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) കോടതി വിമര്‍ശിച്ചിരുന്നു.
സ്വര്‍ണപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടിരുന്നതായും അന്വേഷണ സംഘം പറയുന്നു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനും കൂട്ടുത്തരവാദിത്തമുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ണായകമായത്.
