താന്‍ എം.എസ്. മണിയാണെന്നും ആരോപണവിധേയനായ ഡി. മണി മറ്റൊരാളാണെന്നും ഇന്ന് ചോദ്യം ചെയ്ത വ്യക്തി; തന്റെ വിലാസം ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ എടുത്ത മറ്റൊരു ബാലമുരുകനുണ്ട്; ഈ മൊഴിയില്‍ വിശദ പരിശോധനയ്ക്ക് എസ് ഐ ടി; ദിണ്ടിഗല്ലില്‍ അന്വേഷണം തുടരും

Update: 2025-12-26 09:27 GMT

ദിണ്ടിഗല്‍: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആ ബാലമുരുകന്‍ താനല്ലെന്ന് മണി. പേര് ഉയര്‍ന്നുവന്ന മണിയുടെ ആദ്യ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയാണ് നിര്‍ണ്ണായകം. എന്നാല്‍ ഇന്ന് ചോദ്യം ചെയ്ത മണി ആരോപണം നിഷേധിച്ചു. തനിക്ക് ഈ കേസില്‍ ബന്ധമില്ല. ബാലമുരുകന്‍ എന്ന ആളുണ്ട്. ഈ വ്യക്തി തന്റെ അഡ്രസ് ഉപയോഗിച്ചുള്ള മൊബൈല്‍ കൈവശം വയ്ക്കുന്നുണ്ട്. സ്വര്‍ണ്ണ കൊള്ള കേസിലെ പ്രതികളില്‍ ഒരാളുടെ മൊബൈലില്‍ കണ്ടത് ആ ഫോണ്‍ നമ്പറാണ്. താന്‍ എംഎസ് മണിയാണെന്നും ഡി മണി മറ്റൊരാളെന്നും മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ ഡി മണിയെ തേടി അന്വേഷണ സംഘം പോകും. തനിക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് മാത്രമാണുള്ളതെന്നും ദണ്ഡിഗല്ലിലെ മണി മൊഴി നല്‍കി. ഉ്ണ്ണികൃഷ്ണന്‍ പോറ്റിയുടെ പടം ഈ വ്യക്തിയെ പ്രത്യേക അന്വേഷണ സംഘം കാണിച്ചു. അറിയില്ലെന്നായിരുന്നു മൊഴി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിക്കുന്നുവെന്നാണ് വസ്തുത. നിര്‍ണ്ണായക വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്, കേസിലെ പ്രധാനികളെന്ന് സംശയിക്കുന്നവരുടെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക അന്വേഷണ സംഘം മിന്നല്‍ റെയ്ഡ് നടത്തുകയായിരുന്നു. കോടതി വാറണ്ടുമായണ് റെയ്ഡിന് എത്തിയത്. മണി, ഇടനിലക്കാരന്‍ ശ്രീകൃഷ്ണന്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് വാങ്ങിയ ശേഷമായിരുന്നു കേരള പൊലീസിന്റെ ഈ നീക്കം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഡിണ്ടിഗലില്‍ രണ്ടിടത്തും വിരുദുനഗറില്‍ ഒരിടത്തുമാണ് റെവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റെയ്ഡ് നടന്നത്. ഇതില്‍ മണി ആരോപണം നിഷേധിച്ചു. ഈ സാഹചര്യത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തും.

ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി. താന്‍ എം.എസ്. മണിയാണെന്നും ആരോപണവിധേയനായ ഡി. മണി മറ്റൊരാളാണെന്നുമാണ് ഇന്ന് ചോദ്യം ചെയ്ത വ്യക്തി പറയുന്നത്. വിഗ്രഹക്കടത്തുമായി ബന്ധമില്ലെന്നും ഇയാള്‍ മൊഴി നല്‍കി. ശബരിമല ഭരണസമിതിയിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് ഈ വിഗ്രഹങ്ങള്‍ കടത്തിയത് എന്നായിരുന്നു മൊഴി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പണം കൈമാറിയത്.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഈ സംഘത്തെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. വിഗ്രഹങ്ങള്‍ കൈക്കലാക്കാന്‍ കോടിക്കണക്കിന് രൂപയുമായി ഈ സംഘം ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡി മണി എന്നറിയപ്പെടുന്നത് ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനാണെന്ന് എസ്.ഐ.ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളും കേസില്‍ നിര്‍ണ്ണായകമാകും. ഇതിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂ.

ശബരിമലക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും ഈ സംഘം ലക്ഷ്യം വെച്ചിരുന്നതായി മൊഴിയില്‍ പറയുന്നു. ബാലമുരുകന്റെ മൊഴിയോടെ കേസില്‍ 'ഡി മണി' എന്ന യഥാര്‍ത്ഥ വ്യക്തിയെ കണ്ടെത്തുക എന്നത് പോലീസിന് വെല്ലുവിളിയായിരിക്കുകയാണ്. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് രാജാവായ സുഭാഷ് കപൂറുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ് എന്നിവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News