ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെ

Update: 2025-10-23 01:11 GMT

പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ചുള്ള ഡിവൈഎസ്പിയുടെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചകളില്‍. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും സ്റ്റാറ്റസിലുണ്ട്. ഈ സ്റ്റാറ്റസിലെ പല വാദങ്ങളും നിലനില്‍ക്കുന്നില്ല. രാഷ്ട്രപതിയുടെ യാത്രയെ കുറിച്ച് ഹൈക്കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. മതിയായ അനുമതികളും വാങ്ങി. അതിന് ശേഷമാണ് യാത്രാ പദ്ധതി തയ്യാറാക്കിയത്. ഈ സാഹചര്യത്തിലാണ് ഡിവൈഎസ് പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സാപില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു. ഏതായാലും ഈ സ്റ്റാറ്റസില്‍ വിശദീകരണം തേടും. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്ന വിവാദം ചര്‍ച്ചയാകുമ്പോഴാണ് ഈ സംഭവം. എല്ലാ അര്‍ത്ഥത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ളില്‍ നിന്ന് ആചാരം പാലിച്ചായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.

ശബരിമല ശാസ്താവിന് മുന്നില്‍ തൊഴു കൈകളോടെ നില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഭക്തിസാന്ദ്രമായിരുന്നു. ആ ഫോട്ടോയിലുള്ള എല്ലാവരും തൊഴു കൈകളോടെ നില്‍ക്കുന്നു. എന്നാല്‍ കേരളത്തിന്റെ ദേവസ്വം മന്ത്രി കൈ നിവര്‍ത്തിയിട്ട് നോക്കി നില്‍ക്കുകയുമായിരുന്നു. ഇതെല്ലാം ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു വാദവുമായി ഡിവൈഎസ് പിയുടെ വാട്‌സാപ്പ് ചാറ്റ് എത്തുന്നത്. അതായത് രാഷ്ട്രപതിയെ വിവാദമാക്കുന്ന 'ക്യാപ്‌സ്യൂള്‍' വിതരണവും നടന്നുവെന്ന് വ്യക്തം. 

ആദ്യമായി ശബരിമലയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കൈപിടിച്ചു കയറ്റിയത് എഡിസിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ സൗരഭ് എസ്.നായര്‍ ആയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സൗരഭ് രാഷ്ട്രപതിയുടെ ഓഫിസിലെത്തിയിട്ട് ഒരു വര്‍ഷമാകുന്നു. ശബരിമല സന്ദര്‍ശിക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചതോടെ കേരളത്തിലേക്ക് അനുഗമിക്കാനുള്ള നിയോഗം സൗരഭിലേക്ക് എത്തുകയായിരുന്നു. പമ്പയില്‍ നിന്നു കെട്ടു നിറച്ച ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. രാഷ്ട്രപതി കെട്ടു നിറച്ചപ്പോള്‍, ദക്ഷിണ എടുത്തു കൊടുത്തശേഷം പൂജാരിക്കു കൈമാറാനായി പറഞ്ഞത് സൗരഭാണ്. പമ്പയില്‍നിന്നും പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. കാനനപാതയിലൂടെയുള്ള യാത്രയില്‍ ഓരോ സ്ഥലത്തെപ്പറ്റിയും സൗരഭ് രാഷ്ട്രപതിയോട് വിശദീകരിച്ചു.

ഉച്ചയ്ക്ക് 11.45 ന് രാഷ്ട്രപതി സന്നിധാനത്ത് എത്തി. സൗരഭ് രാഷ്ട്രപതിയെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി. ഇടയ്ക്ക് അല്‍പനേരം നിന്നശേഷം രാഷ്ട്രപതി വീണ്ടും പടികള്‍ കയറി. ക്ഷേത്രത്തിനു മുന്നിലെത്തിയ രാഷ്ട്രപതിക്ക് ആചാരങ്ങളെക്കുറിച്ച് വിശദീകരിച്ചതും സൗരഭാണ്. മേല്‍ശാന്തി തീര്‍ഥം നല്‍കിയപ്പോള്‍ അത് കുടിക്കാനായി സൗരഭ് പറയുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ക്ഷേത്രത്തിന്റെ പ്രത്യേകതകളും സൗരഭ് വിവരിച്ചു. മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, പിഎസ്ഒ വിനയ് മാത്തൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വാവരു സ്വാമിയുടെ നടയിലും രാഷ്ട്രപതി എത്തി.

ശബരിമലയിലെത്തുന്നതിനു മുന്‍പു തന്നെ ഐതിഹ്യങ്ങളും ആചാരങ്ങളും രാഷ്ട്രപതി മനസ്സിലാക്കിയിരുന്നു. ഓഫിസിലുള്ള മലയാളി ഉദ്യോഗസ്ഥരാണ് ഇതിനു സഹായിച്ചത്.

Tags:    

Similar News