ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്‍

ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു;

Update: 2025-10-06 07:00 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി ഇടപാടില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച എന്ന് ദേവസ്വം വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട്. ഗൂഢാലോചന സംശയിക്കുന്നുവെന്നു റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാലക ശില്പങ്ങളില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതുമായ സ്വര്‍ണപ്പാളികള്‍ വ്യത്യസ്തമാണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. 2019-ന് മുന്‍പുണ്ടായിരുന്ന സ്വര്‍ണപ്പാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്തതിലാണ് ഈ നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കാം.

2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാനായി കൊണ്ടുപോയത്. ഇതില്‍ 1.5 കിലോഗ്രാം സ്വര്‍ണമാണ് ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞത്. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ച പാളിയില്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണുണ്ടായിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. വിജയ് മല്യയാണ് സ്വര്‍ണം പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാല് കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. ഈ പാളികളിലെ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്തേണ്ടതുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന് അയച്ച ഇമെയില്‍ സന്ദേശമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഉണ്ണികൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പ്പങ്ങളുടെ വിവരം ചോദിച്ച് ഇമെയില്‍ അയച്ചു. മെയില്‍ അയച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശില്‍പം കൈമാറിയെന്നും ഈ സന്ദേശത്തില്‍ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തല്‍.

2019 ജൂലൈയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി എടുത്തുകൊണ്ടുപോയ ശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളില്‍ തിരിമറി സംഭവിച്ചെന്ന വാദങ്ങളെ ഈ കണ്ടെത്തല്‍ ശരിവെക്കുന്നു. 2025-ല്‍ പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയും 2019-ലെ പാളിയും താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലെത്തിയത്. തുലാമാസ പൂജകള്‍ക്കു ശേഷം നടതുറക്കുമ്പോള്‍ ശുദ്ധിക്രിയകള്‍ക്ക് ശേഷം ഈ പാളി സ്ഥാപിക്കുമെന്നാണ് അറിയിപ്പ്.

വിജയ് മല്യ സ്വര്‍ണം പൂശിയ പാളിയല്ല നിലവില്‍ സന്നിധാനത്തുള്ളതെന്ന് ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി. ഇതിനര്‍ത്ഥം, വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നാണ്. ഗോള്‍ഡ് സ്മിത്തുകളും സമാനമായ നിഗമനത്തിലാണ്.

എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പിലെത്താന്‍ കൂടുതല്‍ വിദഗ്ധ പരിശോധന അനിവാര്യമാണെന്ന് വിജിലന്‍സ് അറിയിച്ചു. ഇതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. നിലവില്‍ ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനുള്ള പരിശോധനയ്ക്കും ഹൈക്കോടതിയുടെ അനുമതി തേടും.

അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. എ ഡി ജി പി എച്ച് വെങ്കിടേഷ് ആയിരിക്കും നേതൃത്വം നല്‍കുക. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എച്ച് വെങ്കിടേഷ്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടയാളാണ് എച്ച് വെങ്കിടേഷ്. ഹൈക്കോടതിയുടെ തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമൊണ് കോണ്‍ഗ്രസ് ആവശ്യം.

Tags:    

Similar News