ശബരിമലയിലെ പൊന്നിന്‍ കവചം കടത്തിയ 'ബെല്ലാരി കൊള്ള'; മാല കൊടുത്തത് രേഖയിലില്ല; സ്വര്‍ണ്ണം ഉരുക്കി കടത്തിയത് കിലോക്കണക്കിന്; ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ കുടുങ്ങുമോ? സന്നിധാനത്തെ പിടിച്ചുലയ്ക്കുന്ന 'ഗോവര്‍ദ്ധന' വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം; ഭക്തിയുടെ മറവില്‍ നടന്നത് കോടികളുടെ കൊള്ളയോ?
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള കേസ് കേവലം ഒരു മോഷണമല്ല, മറിച്ച് ഭക്തിയുടെ മുഖംമൂടി അണിഞ്ഞുകൊണ്ട് നടന്ന ഉന്നതതല ഗൂഢാലോചനയുടെയും വഞ്ചനയുടെയും ഞെട്ടിക്കുന്ന കഥയാണെന്ന് തെളിയുകയാണ്. കേസിലെ പുതിയ പ്രതിയായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയും അതിനോടനുബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളും ഈ അധോലോക ഇടപാടുകളുടെ ആഴം വ്യക്തമാക്കുന്നു. ഇനി വരാനിരിക്കുന്നത് ദേവസ്വം ബോര്‍ഡിലെ മുന്‍ അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യലുകളാണ്. വിജയ് മല്യ നല്‍കിയ 32 കിലോ സ്വര്‍ണ്ണത്തിന് എന്ത് സംഭവിച്ചു എന്നതിലേക്കും ഈ അന്വേഷണം നീളുകയാണ്. ഭക്തിയുടെ മറവില്‍ നടന്ന ഈ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പ് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നത് ഇഡി നിരീക്ഷണത്തിലാണ്.
അയ്യപ്പന്റെ നടയില്‍ സ്വര്‍ണ്ണമാലയും കോടികളും സമര്‍പ്പിച്ച താന്‍ വെറുമൊരു ഭക്തനാണെന്നാണ് ഗോവര്‍ദ്ധന്റെ വാദം. 1995 മുതല്‍ താന്‍ സ്വാമിഭക്തനാണെന്നും ഇതുവരെ 1.40 കോടി രൂപ ശബരിമലയ്ക്കായി ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ശ്രീകോവിലിന്റെ പുതിയ സ്വര്‍ണ്ണ വാതില്‍ സ്‌പോണ്‍സര്‍ ചെയ്തത് താനാണെന്നും അതിനായി 184 ഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നും അദ്ദേഹം ജാമ്യഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഈ 'ഭക്തി'ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ണ്ണ ഇടപാടുകളാണ് ഇപ്പോള്‍ അന്വേഷണസംഘം ചികയുന്നത്. ബെല്ലാരി മാഫിയയിലേക്കാണ് അന്വേഷണം നീളുന്നത്.
ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലുകളില്‍ ഏറ്റവും വിചിത്രമായത് മാളികപ്പുറത്തമ്മയ്ക്ക് സമര്‍പ്പിച്ച സ്വര്‍ണ്ണമാലയെക്കുറിച്ചാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് മാളികപ്പുറത്ത് സമര്‍പ്പിച്ച മാലയ്ക്ക് ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ യാതൊരു രേഖയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്തന്‍ നല്‍കുന്ന കാണിക്കയും സ്വര്‍ണ്ണവും രേഖപ്പെടുത്തേണ്ട രജിസ്റ്ററുകളില്‍ നിന്ന് ഇത് എങ്ങനെ അപ്രത്യക്ഷമായി? ഇതാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം. ഇത് ബോര്‍ഡിലെ ഉന്നതരും മധ്യവര്‍ത്തികളും ചേര്‍ന്നുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണിത്.
സ്മാര്‍ട്ട് ക്രിയേഷന്‍സും പൊന്‍കൊള്ളയും ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശാന്‍ കൊടുത്തപ്പോള്‍ അവിടെ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത് മറിച്ചുവിറ്റു എന്നതാണ് കേസിലെ പ്രധാന ആരോപണം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഈ ഇടപാടില്‍ നിര്‍ണ്ണായകമാണ്. ദ്വാരപാലക പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഏകദേശം 475 ഗ്രാം സ്വര്‍ണ്ണം താന്‍ വാങ്ങിയതായി ഗോവര്‍ദ്ധന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതിന് പകരമായി 15 ലക്ഷത്തോളം രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായി ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നാണ് ഇയാളുടെ ന്യായീകരണം. രസകരമായ കാര്യം, ഈ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അനുവാദം നല്‍കിയിരുന്നില്ല എന്നതാണ്.
കേസിലെ 'വമ്പന്‍ സ്രാവുകളെ' പിടികൂടാന്‍ ഹൈക്കോടതി നല്‍കിയ കര്‍ശന നിര്‍ദ്ദേശം അന്വേഷണസംഘത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും അന്വേഷണസംഘം തന്നെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്തുവെന്നും ഗോവര്‍ദ്ധന്‍ ആരോപിക്കുമ്പോള്‍, ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് സിറ്റിന്റെ തീരുമാനം.
