ആഡംബര കാറില്‍ കറങ്ങി നടന്ന് പാക് സൈനികരെ പോലും ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്ന വിഷം തുപ്പല്‍; ഇന്ത്യയുടെ പ്രധാന ശത്രു ഹാഫിസ് സെയ്ദിന്റെ അതിവിശ്വസ്തന്‍; രണ്ടു മാസം മുമ്പ് പാക് പഞ്ചാബില്‍ എത്തിയത് പഹല്‍ഗാമില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കാന്‍; ബൈസരന്‍ താഴ് വരയിലെ ആക്രമണം പാകിസ്ഥാനില്‍ ഇരുന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി; കറുത്ത ചൊവ്വയ്ക്ക് പിന്നിലും മുംബൈ മോഡല്‍

Update: 2025-04-23 03:57 GMT

കാശ്മീര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തോയിബയെന്ന് ഉറപ്പായി. മുംബൈ മോഡല്‍ ഭീകരാക്രമണമാണ് നടന്നത്. പാകിസ്ഥാനില്‍ നിന്ന് പഹല്‍ഗാമിലെ ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്കെല്ലാം പാകിസ്ഥാനില്‍ നിന്നും പരിശീലനവും കിട്ടിയിരുന്നു. കശ്മീരില്‍ നിന്നുള്ള രണ്ട് തദ്ദേശീയര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഈ ഭീകരരെ പാകിസ്ഥാനില്‍ ഇരുന്ന് കസൂരി നിയന്ത്രിച്ചു. ആക്രമണ പദ്ധതിയും വിശദാംശങ്ങളുമെല്ലാം നല്‍കി.

ഭീകരര്‍ക്ക് ബൈക്കുകള്‍ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍ ഐ എ സംഘം പഹല്‍ഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ മറ്റൊരു സംഘമാണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്'. ജമ്മു കശ്മീരിലെ ലഷ്‌കറിന്റെയും ടിആര്‍എഫിന്റെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ തലച്ചോറാണ് തീവ്രവാദി സൈഫുള്ള ഖാലിദ് എന്ന കസൂരി. ലഷ്‌കര്‍-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദിനെ സൈഫുള്ള കസൂരി എന്നും വിളിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ഹാഫിസ് സയീദിന്റെ വളരെ അടുത്തയാളാണ്. കസൂരി എപ്പോഴും ആഡംബര കാറുകളിലാണ് സഞ്ചരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ സൈനികരെ പ്രചോദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും കസൂരി പ്രിയങ്കരനാണ്. പാകിസ്ഥാനില്‍ വലിയ സ്വാധീനം ഇയാള്‍ക്കുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ്, സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കന്‍പൂരില്‍ എത്തിയിരുന്നു. അവിടെ പാകിസ്ഥാന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയ്‌ക്കെതിരെ ആഹ്വാനം നടത്തി.

കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുങ്ങുകയാണ് രാജ്യം. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തില്‍ വെച്ച് മോദി അടിയന്തര യോഗം ചേര്‍ന്നു.

ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉള്‍പ്പെടെ വിവിധലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിയെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് കശ്മീരിലെത്തും. പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായ സ്ഥലത്ത് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി സ്‌നിഫര്‍ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ആറ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.

Similar News