വിവാദം ഒഴിവാക്കന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന സിപിഎം നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ല; സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും ആശ്വാസം കിട്ടുമോ എന്ന് പരിശോധിക്കും; സജി ചെറിയാനോട് നിയമ പോരാട്ടം തുടരാന്‍ നിര്‍ദ്ദേശിച്ച് പിണറായി; മന്ത്രിസ്ഥാനം ഇന്ന് രാജിവയ്ക്കില്ല; വിചിത്ര ന്യായവുമായി സജി ചെറിയാന്‍

Update: 2024-11-21 05:34 GMT

തിരുവനന്തപുരം: സജി ചെറിയാനോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചെങ്കിലും തല്‍കാലം മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്. ഹൈക്കോടതി വിധി എതിരായാല്‍ രാജി വയ്ക്കാന്‍ സജി ചെറിയാനോട് നേരത്തെ തന്നെ സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. കേസില്‍ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് സിപിഎം തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമാകും. എന്നാല്‍ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് സജി ചെറിയാന്‍.

ഈ വിഷയത്തില്‍ ഇപ്പോള്‍ ധാര്‍മികത ഇപ്പോഴില്ല. ഒരിക്കല്‍ ധാര്‍മികത ഉയര്‍ത്തി രാജിവച്ചു. അതിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. അതു കൊണ്ട് ഇപ്പോള്‍ ധാര്‍മികതയില്ല. അതുകൊണ്ട് രാജിയുമില്ലെന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എന്നാണ് സൂചന. അതുകൊണ്ടാണ് രാജിയില്ലെന്ന് സജി ചെറിയാന്‍ വിശദീകരിക്കുന്നത്. സിംഗിള്‍ ബഞ്ചിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കും. അതിവേഗ അപ്പീല്‍ ഈ കേസില്‍ നല്‍കും. അപ്പീല്‍ അംഗീകരിച്ചാല്‍ മന്ത്രിയായി തുടരും. ഡിവിഷന്‍ ബഞ്ചും എതിര്‍ നിലപാട് എടുത്താല്‍ മാത്രം രാജിയെന്ന നിലപാടിലാണ് പിണറായി വിജയന്‍. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍ താന്‍ മന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതില്‍ സിപിഎം നേതൃത്വത്തിന് അമര്‍ഷമുണ്ട്. എന്നാലും തല്‍കാലം സജി ചെറിയാനെതിരെ പരസ്യ പ്രതികരണം നടത്തില്ല.

പോലീസിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നും അതുകൊണ്ട് താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യവുമില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിക്കുന്നത്. ഹൈക്കോടതി വിധി വരുമ്പോള്‍ മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. അവിടെ നിന്നും പുറത്തേക്ക് വന്നാണ് സജി ചെറിയാന്‍ മാധ്യമങ്ങളെ കണ്ടത്. അതിലാണ് അപ്പീല്‍ നല്‍കുമെന്നും നിയമ പോരാട്ടം നടത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞത്. ധാര്‍മികതയുടെ പ്രശ്‌നം ഇവിടെ ഇല്ലെന്ന് പറഞ്ഞ സജി ചെറിയാന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഭരണ ഘടനയെ അവഹേളിച്ചില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ഇതിന് കാരണം.

ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നു. ധാര്‍മികപരമായ ഒരു പ്രശ്‌നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ.. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്തം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു കോടതി പറഞ്ഞു ശരി. അടുത്ത കോടതി പറഞ്ഞു തെറ്റ്. ഇതിന്റെ മുകളില്‍ കോടതി ഉണ്ട്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെന്‍ഡ്രൈവ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മല്ലപ്പളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിച്ചുവെന്ന പരാതിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയായാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇങ്ങനെയായിട്ടും മന്ത്രിയായി തുടരാനാണ് സജി ചെറിയാന്റെ തീരുമാനം.

Tags:    

Similar News