വർണ്ണ വിവേചനത്തെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്ത് തിളങ്ങി; സമൂഹ മാധ്യമങ്ങളിലൂടെ ഇൻഫ്ളുവൻസറായും സാന്നിധ്യമറിയിച്ചു; വിവാഹത്തിനായി കുടുംബമറിയാതെ 6 ലക്ഷം കടമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ മാനസിക സമ്മർദ്ദത്തിലായി; അമിതമായി ഉറക്കഗുളികൾ കഴിച്ച് സാൻ റീച്ചൽ ഗാന്ധി ജീവനൊടുക്കി; മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറിപ്പ്
ചെന്നൈ: വർണ്ണ വിവേചനത്തെ വെല്ലുവിളിക്കുകയും സ്ത്രീ സുരക്ഷയ്ക്കായി വാദിക്കുകയും ചെയ്ത പ്രശസ്ത മോഡലും ഇൻഫ്ളുവൻസറുമായ സാൻ റീച്ചൽ ഗാന്ധി (26) ആത്മഹത്യ ചെയ്തു. അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് പുതുച്ചേരിയിലെ ജിപ്മറിലായിരുന്നു അന്ത്യം. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു പറയുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മോഡലിംഗ് മെന്റർഷിപ്പ് പ്ലാറ്റ്‌ഫോമായ റോസ് നോയർ ഫാഷൻ ഗ്രൂമിംഗിന്റെ സ്ഥാപക കൂടിയായിരുന്നു റേച്ചൽ.
ജൂലൈ 5ന് അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിയിലാണ് ചികിത്സയ്ക്കായി ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി മൂലക്കുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ജിപ്മറിലേക്ക് മാറ്റിയത്. ശങ്കരപ്രിയ എന്ന പേരിൽ ജനിച്ച സാൻ റേച്ചൽ 2024 ജൂണിൽ ഫാഷൻ ഡിസൈനറായ സത്യയെ വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ കടുത്ത സാമ്പത്തിക, വ്യക്തിപരമായ സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നത്. നാല് ആത്മഹത്യാക്കുറിപ്പുകൾ പോലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്.
വീട്ടുകാരറിയാതെ വിവാഹത്തിന് 6 ലക്ഷം രൂപ കടമെടുത്തു. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ വഴിയാണ് കടമെടുത്തത്. വിവാഹത്തിന് ഉപയോഗിച്ച തുക പിതാവ് നല്‍കിയതാണെന്നാണ് ഭര്‍ത്താവ് ധരിച്ചത്. പിതാവിന് എഴുതിയ കത്തില്‍ വെങ്കട് അണ്ണ എന്ന വ്യക്തിയ്ക്ക് പണം നല്‍കണമെന്ന് റേച്ചല്‍ ആവശ്യപ്പെടുന്നുണ്ട്. കുറച്ച് നാളുകളായി പിതാവിനോട് റേച്ചല്‍ സാമ്പത്തിക സഹായം ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ഉത്തരവാദിത്തവും തനിക്കാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
ഞായറാഴ്ച അച്ഛനെ സന്ദര്‍ശിച്ചശേഷമാണ് ഉറക്കഗുളിക കഴിച്ചത്. പുതുച്ചേരിയില്‍ ജനിച്ചുവളര്‍ന്ന റേച്ചലിന് ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടു. അച്ഛന്‍ ഡി. ഗാന്ധിയാണ് വളര്‍ത്തിയത്. മോഡലിങ്ങിലേക്ക് കടന്നുവന്ന റേച്ചല്‍ ആദ്യമൊക്കെ അവഗണിക്കപ്പെട്ടെങ്കിലും ചര്‍മത്തിന്റെ തനതുനിറം നിലനിര്‍ത്തിത്തന്നെ മോഡലിംഗ് രംഗത്ത് തിളങ്ങി. സാമൂഹ മാധ്യമങ്ങളിലൂടെ ഇൻഫ്ളുവൻസറായും തന്റെ സാന്നിധ്യമറിയിച്ചു. മോഡലിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റേച്ചൽ അടുത്തിടെ ആഭരണങ്ങൾ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു, ഇതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിക്കാൻ കാരണമായതും.
2023 ലെ മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമിയാണ് റേച്ചലിന് സാമ്പത്തിക സഹായം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. മിസ് ഡാര്‍ക്ക് ക്യൂന്‍ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് (2019), മിസ് പുതുച്ചേരി (2020, 2021) ക്യൂന്‍ ഓഫ് മദ്രാസ് (2022, 2023) കിരീടങ്ങള്‍ റേച്ചല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരമായ മിസ് ആഫ്രിക്ക ഗോള്‍ഡന്‍ (2023) റണ്ണറപ്പായിരുന്നു. ലണ്ടനിലും ജര്‍മനിയിലും ഫ്രാന്‍സിലും ദക്ഷിണാഫ്രിക്കയിലും ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തു. മോഡലിങ് രംഗത്തേക്കു കടക്കുന്നവരെ സഹായിക്കാന്‍ അക്കാദമി നടത്തി.