അത്ര നാറികള്‍ ആണ് അവര്‍ എന്നാണ് മേജര്‍ എന്നോട് പറഞ്ഞത്; ഇതെല്ലാം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ ? മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തത്; തനിക്കുള്ള പിന്തുണ പിന്‍വലിച്ച മേജറിനെ പരിഹസിച്ച് സാന്ദ്ര തോമസ്

തനിക്കുള്ള പിന്തുണ പിന്‍വലിച്ച മേജറിനെ പരിഹസിച്ച് സാന്ദ്ര തോമസ്

Update: 2025-08-12 16:00 GMT

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തനിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച സംവിധായകന്‍ മേജര്‍ രവിക്ക് മറുപടിയുമായി സാന്ദ്ര തോമസ്. താന്‍ അദ്ദേഹത്തെ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടില്ല. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിളിക്കുകയാണ് ഉണ്ടായത്. വിളിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളും സാന്ദ്ര വെളിപ്പെടുത്തി.

താന്‍ ഇതൊന്നും പറഞ്ഞതല്ല എന്ന് മേജര്‍ രവി അവകാശപ്പെട്ടാല്‍, കൃത്യമായ തെളിവ് ഹാജരാക്കാം. മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തതെന്നും സാന്ദ്ര തോമസ് പരിഹസിച്ചു.

സാന്ദ്ര തോമസിന്റെ പോസ്റ്റ്:

ദൈവം നിങ്ങളെ രക്ഷിക്കട്ടെ

ന്ന് മനോരമഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ബഹുമാനപെട്ട മേജര്‍ രവിയുടെ അഭിമുഖമാണ് ഈ പോസ്റ്റിന് ആധാരം .

ആദ്യമായി പറയട്ടെ ഞാന്‍ അദ്ദേഹത്തെ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടില്ല . പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരെഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വിളിക്കുകയാണ് ഉണ്ടായത്. വിളിച്ചിട്ട് പറഞ്ഞ കുറച്ച് കാര്യങ്ങള്‍ മാത്രം ഞാന്‍ ചുരുക്കി പറയുന്നു.

വര്‍ഷങ്ങളായി അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന സുരേഷ്‌കുമാറിനെ സംബോധന ചെയ്തത് തെണ്ടി എന്നും, നിലപാടില്ലാത്തവന്‍ എന്നും അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനുമാണ് സുരേഷ്‌കുമാര്‍ എന്നാണ് മേജര്‍ രവി പറഞ്ഞത്. ഇത് നിഷേധിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ ?

സിനിമാമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുരേഷ്‌കുമാറിന്റെ മരുമകനെ സംബന്ധിച്ച് പറഞ്ഞത് സ്വന്തം പണം കൊണ്ട് സിനിമ നിര്‍മ്മിക്കാതെ അന്യ സ്ത്രീകളെ പറ്റിച്ച് അവരുടെ പണം കൊണ്ട് സിനിമ നിര്‍മ്മിച്ച് സ്വന്തം പേര് വെക്കുന്നവന്‍ എന്നാണ്. അത് മാത്രമാണോ മേഘമെന്ന സിനിമയുടെയോ വെട്ടം എന്ന സിനിമയുടെയോ നിര്‍മ്മാണാവശ്യത്തിനു സുരേഷ്‌കുമാറിന്റെ കൈയില്‍ മേട്ടുപ്പാളയത്തിലെ ഷൂട്ടിങിന് പണമില്ലാതെ വന്നപ്പോള്‍ ഞാന്‍ പണം കടം കൊടുത്താണ് ആ സിനിമ പൂര്‍ത്തീകരിച്ചത് എന്നാണ് മേജര്‍ രവി എന്നോട് പറഞ്ഞത്.

കൂടാതെ മറ്റ് പല വിവരങ്ങളും എനിക്ക് കൈമാറികൊണ്ട് ഒരു ഉപദേശവും നല്‍കി, ഇവര്‍ക്കെതിരെ പോരാടുമ്പോള്‍ എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കണം കാരണം അത്ര നാറികള്‍ ആണ് അവര്‍ എന്നാണ് മേജര്‍ എന്നോട് പറഞ്ഞത്. ഇതെല്ലാം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ ?

കൂടുതല്‍ നീട്ടുന്നില്ല പറയാനാണെങ്കില്‍ കുറച്ചുകൂടി പറയാം, നിങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങുകയാണ്. ഞാന്‍ മേല്പറഞ്ഞ കാര്യങ്ങള്‍ സത്യവിരുദ്ധമാണെങ്കില്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ മേജര്‍നെ വെല്ലുവിളിക്കുന്നു

ഒരു മനുഷ്യന്‍ തരംതാഴാം പക്ഷേ അധപതിക്കരുത്. ബഹുമാന്യനായ സുരേഷ്‌കുമാറിന് ഞാന്‍ ഈ എഴുതിയത് വായിച്ച് എന്നോട് വൈരാഗ്യം തോന്നണ്ട ശ്രീ മേജര്‍ രവി എന്നോട് പറഞ്ഞ കാര്യങ്ങളില്‍ ചിലത് മാത്രമാണിത്. ഇത് അദ്ദേഹം പറഞ്ഞതല്ല എന്ന് ശ്രീ മേജര്‍ രവി പറയുമോ ? എങ്കില്‍ കൃത്യമായ തെളിവ് ഞാന്‍ ഹാജരാക്കാം. മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തത് .


Full View

മേജര്‍ രവി പറഞ്ഞത്

വിഷയത്തിന്റെ നിജസ്ഥിതി അറിയാതെയാണ് താന്‍ പ്രതികരിച്ചതെന്നും മുതിര്‍ന്ന നിര്‍മ്മാതാക്കളായ ജി. സുരേഷ് കുമാറിനോടും ബി. രാകേഷിനോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി.

നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് സാന്ദ്ര തോമസ് നല്‍കിയ പത്രിക വരണാധികാരി തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് മേജര്‍ രവി നേരത്തെ സാന്ദ്രയെ പിന്തുണച്ച് രംഗത്തെത്തിയത്. നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, ബി. രാകേഷ് എന്നിവര്‍ ചേര്‍ന്ന് ഒരു വനിതാ നിര്‍മ്മാതാവിനെ ആക്രമിക്കുന്നു എന്ന് തോന്നലുണ്ടാക്കുന്ന ഒരു വീഡിയോ കണ്ടാണ് താന്‍ പ്രതികരിച്ചതെന്ന് മേജര്‍ രവി വിശദീകരിച്ചു. സുരേഷ് കുമാര്‍ ഒരു സ്ത്രീക്ക് നേരെ വിരല്‍ ചൂണ്ടി മോശമായി സംസാരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചാണ് അന്ന് സംഘടനാ ഭാരവാഹികള്‍ക്കെതിരെ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സംഭവത്തിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ തന്നെ വിളിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തിയെന്ന് മേജര്‍ രവി പറഞ്ഞു. 'വിഷയത്തിന്റെ നിജസ്ഥിതി അറിയാതെയാണ് നിങ്ങള്‍ പ്രതികരിക്കുന്നതെന്ന് അവര്‍ എന്നെ അറിയിച്ചു. യഥാര്‍ത്ഥ വിവരങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ അങ്ങനെ പറഞ്ഞതില്‍ ഇപ്പോള്‍ എനിക്ക് കടുത്ത കുറ്റബോധമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ മാധ്യമങ്ങളിലൂടെ നടത്തിയ പെട്ടെന്നുള്ള പ്രതികരണം തെറ്റായിപ്പോയെന്നും അതില്‍ ഖേദിക്കുന്നുവെന്നും മേജര്‍ രവി അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

ഈ വെളിപ്പെടുത്തലോടെ, ചലച്ചിത്ര സംഘടനയിലെ തിരഞ്ഞെടുപ്പ് തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

Tags:    

Similar News