ഇവിടെ ജഗന്നാഥന്‍ മതി, സാന്ത വേണ്ട! സാന്താ തൊപ്പി വിറ്റവരുടെ വയറ്റത്തടിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍; ഇത് ഒഡിഷയാണ്, ഹിന്ദു രാഷ്ട്രമാണെന്ന് ആക്രോശം; പാവപ്പെട്ട കച്ചവടക്കാരെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറല്‍; പാവപ്പെട്ടവന്‍ തൊപ്പി വില്‍ക്കുമ്പോള്‍ മതം കലര്‍ത്തുന്നത് ക്രൂരതയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ഇവിടെ ജഗന്നാഥന്‍ മതി, സാന്ത വേണ്ട!
ഭുവനേശ്വര്‍: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് തെരുവോരങ്ങളില്‍ സാന്താ തൊപ്പികള്‍ വിറ്റ പാവപ്പെട്ട കച്ചവടക്കാര്‍ക്ക് നേരെ ഒഡീഷയില്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും അതിക്രമവും. ഒഡീഷ ഒരു 'ഹിന്ദു രാഷ്ട്രമാണെന്നും' ഇവിടെ ക്രിസ്ത്യന്‍ വിശ്വാസവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചാണ് ഒരു സംഘം ആളുകള്‍ കച്ചവടക്കാരെ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബിജെപി ഭരണത്തിന് കീഴില്‍ ഒഡീഷയും വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണെന്ന വിമര്‍ശനം ശക്തമായി.
ഹിന്ദുവാണോ എന്ന് ചോദ്യം; ജഗന്നാഥന്റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ നിര്‍ദ്ദേശം
തെരുവില്‍ തൊപ്പി വില്‍ക്കുകയായിരുന്ന കച്ചവടക്കാരെ വളഞ്ഞ സംഘം അവര്‍ ഹിന്ദുക്കളാണോ എന്നും എവിടെ നിന്ന് വരുന്നവരാണെന്നും ചോദ്യം ചെയ്തു. തങ്ങള്‍ ഹിന്ദുക്കളാണെന്നും വിശപ്പടക്കാന്‍ വേണ്ടിയാണ് ഈ തൊപ്പികള്‍ വില്‍ക്കുന്നതെന്നും കച്ചവടക്കാര്‍ മറുപടി നല്‍കിയെങ്കിലും അക്രമികള്‍ പിന്മാറാന്‍ തയ്യാറായില്ല. എന്നാല്‍, 'ഇവിടെ ഭഗവാന്‍ ജഗന്നാഥന്റെ ഭരണം മാത്രമേ നടക്കൂ. ഹിന്ദുക്കളായിട്ടും നിങ്ങള്‍ എങ്ങനെയാണ് ക്രിസ്ത്യന്‍ സാധനങ്ങള്‍ വില്‍ക്കുന്നത്? വേണമെങ്കില്‍ ജഗന്നാഥന്റെ ചിത്രങ്ങളോ മറ്റോ വില്‍ക്കുക, അല്ലെങ്കില്‍ കെട്ടും ക്ടെ്ടി ഇവിടുന്ന് പൊയ്‌ക്കോണം' എന്നായിരുന്നു അക്രമികളുടെ മറുപടി. രാജസ്ഥാനില്‍ നിന്നെത്തിയ കച്ചവടക്കാരെയാണ് സംഘം പ്രധാനമായും ലക്ഷ്യം വെച്ചത്.
സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം
2024-ല്‍ ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വലതുപക്ഷ തീവ്രവാദം വര്‍ദ്ധിച്ചുവരികയാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിക്കുന്നു. പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നതാണോ നവ ഇന്ത്യയെന്നും, ധൈര്യമുണ്ടെങ്കില്‍ മാളുകളില്‍ പോയി കച്ചവടം തടയാന്‍ നോക്കൂ എന്നും എക്‌സ് (X) പ്ലാറ്റ്ഫോമില്‍ ആളുകള്‍ പ്രതികരിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഇത്തരം ആള്‍ക്കൂട്ട നീതി ഭരണഘടനാ വിരുദ്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
'പുതിയ ഒഡീഷയിലേക്ക് സ്വാഗതം' എന്ന പരിഹാസത്തോടെയാണ് റോഷന്‍ റായ് എന്ന എക്‌സ് (X) ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചത്.
'ദാരിദ്ര്യം മതം നോക്കാറില്ല': പാവപ്പെട്ടവന്‍ വിശപ്പടക്കാന്‍ തൊപ്പി വില്‍ക്കുമ്പോള്‍ അതില്‍ മതം കലര്‍ത്തുന്നത് ക്രൂരതയാണെന്ന് ഒരാള്‍പ്രതികരിച്ചു.
മാളുകളില്‍ പോകാത്തതെന്ത്?: 'തെരുവിലെ പാവങ്ങളോട് കരുത്ത് കാണിക്കുന്നവര്‍ വലിയ മാളുകളില്‍ പോയി ക്രിസ്മസ് വിപണി തടയാന്‍ ധൈര്യമുണ്ടോ?' എന്ന് പലരും ചോദിക്കുന്നു.
ബിജെപിക്ക് നേരെ വിമര്‍ശനം
പുതിയ ഒഡീഷയിലേക്ക് സ്വാഗതം എന്ന പരിഹാസത്തോടെയാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പയറ്റുന്ന അതേ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങള്‍ ഒഡീഷയിലും നടപ്പിലാക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. പാവപ്പെട്ട കച്ചവടക്കാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പലരും ആവശ്യപ്പെടുന്നു.
