'കിരീടം ആദ്യം കുറച്ച് കണ്ടു, ചെങ്കോൽ കണ്ടിട്ടേയില്ല'; ആ ചിത്രങ്ങൾ കാണുന്നത് ഭയങ്കര കഷ്ടമാണ്; കിലുക്കം പോലുള്ള സിനിമകളാണ് ഇഷ്ടം; ചിത്രം ലാസ്റ്റ് ഭാ​ഗമായപ്പോൾ എഴുന്നേറ്റ് പോയി; മോഹൻലാലിന്റെ ഒരിക്കലും കാണാത്ത സിനിമകളെക്കുറിച്ച് ശാന്തകുമാരി അന്ന് പറഞ്ഞത്

Update: 2025-12-30 10:10 GMT

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖർ. കൊച്ചിയിലെ എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു വിയോഗം. 90 വയസ്സായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ.

അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ വിയോഗവാർത്തയറിഞ്ഞ് മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. "ലാലു" എന്ന് വാത്സല്യത്തോടെ മകനെ വിളിച്ചിരുന്ന ശാന്തകുമാരി, മലയാള സിനിമയ്ക്ക് ഒരു അതുല്യ പ്രതിഭയെ സമ്മാനിച്ച അമ്മ എന്ന നിലയിൽ പ്രശസ്തയാണ്.  മകൻ ഇന്ത്യൻ സിനിമയുടെ തലപ്പത്ത് നിൽക്കുമ്പോഴും, അദ്ദേഹത്തിന്റെ ചില സിനിമകൾ കാണാൻ ശാന്തകുമാരി തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

കിരീടം, ചെങ്കോൽ, താളവട്ടം എന്നീ ചിത്രങ്ങളായിരുന്നു അവ. വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ അവർ ഇത് തുറന്നു പറഞ്ഞിരുന്നു. "കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല," എന്നായിരുന്നു അവർ അന്ന് പറഞ്ഞത്. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണെന്നും, ചിത്രം സിനിമയുടെ അവസാന ഭാഗം ആയപ്പോൾ താൻ എഴുന്നേറ്റുപോയെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

അമ്മയെക്കുറിച്ച് പല വേദികളിലും മോഹൻലാൽ വാചാലനാകാറുണ്ടായിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ അമ്മയ്ക്കായി മോഹൻലാൽ ഒരു സംഗീതാർച്ചന ഒരുക്കിയത് വലിയ വാർത്തയായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.

എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.

Tags:    

Similar News