പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യ തെളിഞ്ഞിട്ടും കൊല്ലത്തെ കേസില്‍ എഫ് ഐ ആറില്‍ 'കൊലക്കുറ്റം'; കോണ്‍സുലേറ്റ് വഴി സ്വയം തൂങ്ങി മരണമെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് നിര്‍ണ്ണായകമായി; അതുല്യയുടെ ജീവനെടുത്ത വില്ലന്‍ 'മുന്‍കൂര്‍ ജാമ്യം' നേടിയത് പ്രോസിക്യൂഷനെ കൂട്ടു പിടിച്ചോ? സതീഷിനെ സ്വീകരിക്കാന്‍ ബന്ധുക്കളും; കേരളത്തെ നിരാശയിലാക്കി മോചനം

Update: 2025-08-10 06:06 GMT

തിരുവനന്തപുരം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് കാരണം എഫ് ഐ ആറിലെ 'കൊലക്കുറ്റം. കൊല്ലം സെഷന്‍സ് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍, അറസ്റ്റു ചെയ്ത സതീഷിനെ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് സതീഷ് എത്തിയത്. മുന്‍കൂര്‍ ജാമ്യക്കാര്യം പരമ രഹസ്യമായി സൂക്ഷിച്ചു. ഇത്തരമൊരു നീക്കം മാധ്യമങ്ങള്‍ അറിയാതെ നോക്കിയതും തന്ത്രമായിരുന്നു. ഇതോടെ സാങ്കേതികത ഉയര്‍ത്തി താല്‍കാലിക ജാമ്യം നേടാന്‍ സതീഷിനായി. തുടര്‍നടപടികള്‍ക്ക് ശേഷം സതീഷിനെ പോലീസ് വിട്ടയയ്ക്കും.

ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സതീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് സതീഷ് നാട്ടിലെത്തിയത്. അതുല്യയുടെ മരണത്തെ തുടര്‍ന്ന് സതീഷിനെ സ്വകാര്യ കമ്പനി പിരിച്ചുവിട്ടിരുന്നു. ചവറ തെക്കുഭാഗം പൊലീസാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം കൊല്ലത്തുനിന്ന് എത്തി നടപടി പൂര്‍ത്തിയാക്കിയശേഷം ജാമ്യം അനുവദിച്ചു. അതുല്യയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അറസ്റ്റു ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അതായത് കൊല്ലത്തെ കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഷാര്‍ജയിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യ എന്നാണ് പറയുന്നത്. ഇക്കാര്യം കോടതിയില്‍ അറിയിച്ചു. കൊലക്കുറ്റം നില്‍ക്കില്ലെന്ന വാദത്തില്‍ മുന്‍കൂര്‍ ജാമ്യം കിട്ടി.

വെള്ളിയാഴ്ചയാണ് കൊല്ലം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതീവ രഹസ്യമായി നീങ്ങി. കോണ്‍സുലേറ്റിലൂടെ അതുല്യയുടെ മരണ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതില്‍ ആത്മഹത്യ എന്ന് വ്യ്ക്തമായിരുന്നു. ആ സാഹചര്യത്തില്‍ കൊലക്കുറ്റം നില്‍ക്കില്ലെന്ന് വാദിച്ചു. ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പക്ഷേ മതിയായ രേഖകളൊന്നും കാട്ടിയില്ല. ഷാര്‍ജയിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ എഫ് ഐ ആറില്‍ തിരുത്തലുകള്‍ വന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും മാത്രമായി കേസ് മാറിയിരുന്നുവെങ്കില്‍ സതീഷിന് ജാമ്യം കിട്ടില്ലായിരുന്നു. തനിക്ക് ആരുമില്ലെന്ന് സതീഷ് പറഞ്ഞിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ സതീഷിനെ സ്വീകരിക്കാന്‍ അഭിഭാഷകനും ബന്ധുക്കളും എല്ലാം ഉണ്ടായിരുന്നു.

ജൂലൈ 19ന് പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറുമായ സതീഷിനെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. താന്‍ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സതീഷ് പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി. അതുല്യ മരിക്കുന്നതിന് മുന്‍പ്, തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് അതുല്യയെ ഉപദ്രവിക്കുന്ന സതീഷാണ് ഈ വിഡിയോയില്‍ ഉള്ളത്. അതക്രൂര പീഡനമായിരുന്നു ഇതിലുണ്ടായിരുന്നത്.

ഷാര്‍ജയില്‍ ആത്മഹത്യാ കേസില്ല. ആത്മഹത്യാ പീഡനത്തിനും കേസെടുക്കില്ല. ഈ സാഹചര്യത്തിലാണ് ഷാര്‍ജാ പോലീസ് വെറുതെ വിട്ടത്. എന്നാല്‍ ഷാര്‍ജയില്‍ കേസില്ലെന്ന വാദമാണ് കൊല്ലത്തെ കോടതിയില്‍ സതീഷ് ഉയര്‍ത്തിയത്. അതൊന്നും പ്രോസിക്യൂഷന്‍ പ്രതിരോധിച്ചില്ല. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാള്‍ക്കെതിരേ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് മുന്‍കൂര്‍ ജാമ്യക്കാര്യം പുറത്ത് അറിയുന്നത്.

ജൂലായ് 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. ഭര്‍ത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും ഭര്‍ത്താവ് ഉപദ്രവിക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായില്‍ സൈറ്റ് എന്‍ജിനീയറായ സതീഷിനെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തിരുന്നു.

Tags:    

Similar News