വാഹനാപകടത്തെ തുടര്‍ന്ന് കോമയിലാകുന്നത് 15ാമത്തെ വയസ്ലില്‍; അഞ്ച് വര്‍ഷം മുമ്പ് ആ കൈ അനങ്ങിയപ്പോള്‍ ശുഭപ്രതീക്ഷ; ഒടുവില്‍ ഓര്‍മയായി സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരന്‍'; 20 വര്‍ഷമായി കോമയിലായിരുന്ന അല്‍ വലീദ് രാജകുമാരന്റെ വിയോഗത്തില്‍ തേങ്ങി സൗദി രാജകുടുംബം

ഓര്‍മയായി സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരന്‍';

Update: 2025-07-21 04:05 GMT

റിയാദ്: സ്ലീപ്പിംഗ് പ്രിന്‍സ് എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രാര്‍്തഥനാ ചടങ്ങുകള്‍ തുടരുകയാണ്. ഇന്നലെ മുതല്‍ ചൊവ്വാഴ്ച വരെയാണ് ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നത്. 2005 ല്‍ ലണ്ടനില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് അദ്ദേഹം കോമാ സ്റ്റേജിലായത്. അപകടം നടന്ന സമയത്ത് രാജകുമാരന് 15 വയസായിരുന്നു.

മകന്‍ ഒരു ദിവസം ആരോഗ്യത്തോടെ മടങ്ങിയെത്തും എന്ന് തന്നെയാണ് രാജകുമാരന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പ് ആരോ കിടക്കയ്്ക്കരികില്‍ നിന്ന് സംസാരിച്ചപ്പോള്‍ ഇതിന് മറുപടി എന്ന രീതിയില്‍ രാജകുമാരന്‍ കൈ ചലിപ്പിച്ചപ്പോള്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരികയാണെന്ന് പലരും വിശ്വസിച്ചിരുന്നു. 2015 ന് ശേഷം പ്രതീക്ഷ നല്‍കുന്ന ഇത്തരമൊരു സൂചന ലഭിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രാജകുമാരന്റെ കുടുംബം അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

അല്‍ വാലിദ്് രാജകുമാരന്‍ ലണ്ടനിലെ ഒരു സൈനിക കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലാണ് അപകടം നടന്നത്. 1990 ഏപ്രില്‍ 18 ന് ജനിച്ച അല്‍-വലീദ് രാജകുമാരന്‍, ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസിന്റെ ചെറുമകനുമായിരുന്നു. സൈനിക സേവനം അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട മേഖലയായിരുന്നു ഈ പശ്ചാത്തലത്തിലാണ് രാജകുമാരന്‍ ലണ്ടനിലെ മിലിട്ടറി കോളജില്‍ പഠിക്കാനായി ചേര്‍ന്നത്. കോളജില്‍ ചേര്‍ന്ന അതേ വര്‍ഷം തന്നെയാണ് അദ്ദേഹം വാഹനാപകടത്തില്‍ പെട്ടത്.

തലച്ചോറിനേറ്റ പരിക്കും ആന്തരിക രക്തസ്രാവവും ആണ് തുടര്‍ന്നുള്ള ജീവിതം കോമാ സ്റ്റേജിലാകാനുള്ള കാരണമായി മാറിയത്.

നാട്ടിലേക്ക് കൊണ്ടു വന്ന അല്‍-വലീദ് രാജകുമാരനെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ അദ്ദേഹത്തെ വെന്റിലേറ്ററിലും ഫീഡിംഗ് ട്യൂബിലും കിടത്തിയിരിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ ഡോക്ടര്‍മാര്‍ രാജകുമാരനെ പരിശോധിക്കാനായി എത്തിയിരുന്നു.

2015 ല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും ശുഭാപ്തി വിശ്വാസിയായ അച്ഛന്‍ അതിന് അനുമതി നല്‍കിയില്ല. 2020 ല്‍ രാജകുമാരനെ കാണനെത്തിയ ഒരു സ്ത്രീ സംസാരിക്കുമ്പോള്‍ പ്രതികരണമായി രാജകുമാരന്‍ ആദ്യം വിരലുകളും പിന്നീട് കൈയ്യും ഉയര്‍ത്തിക്കാട്ടിയിരുന്നു. രാജകുമാരന്റെ പിതാവ് മകന്റെ കിടക്കയ്ക്ക് അരികില്‍ വന്നിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാമായിരുന്നു.

ഒരു ഫോട്ടോയില്‍ ഖാലിദ് രാജകുമാരന്‍ മകന്റെ നെഞ്ചില്‍ കൈവെച്ചിരിക്കുന്നതായും മറ്റൊന്നില്‍ അദ്ദേഹം കിടക്കയില്‍ കിടക്കുന്ന രാജകുമാരനെ കെട്ടിപ്പിടിക്കുന്നതും കാണാം. ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്ന ഒരു പ്രത്യേകത രാജകുമാരന്‍ പരമ്പരാഗത അറബ് ശിരോവസ്ത്രം ധരിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. രാജകുമാരന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെ പതിനായിരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

അല്ലാഹുവിന്റെ വിധികളില്‍ ഉറച്ച വിശ്വാസത്തോടെയും അഗാധമായ ദുഃഖത്തോടെയും നമ്മുടെ പ്രിയപുത്രന്‍ പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ വിയോഗത്തില്‍ ഞങ്ങള്‍ വിലപിക്കുന്നുവെന്ന് രാജകുമാരന്റെ പിതാവ് പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ തന്റെ ദുഃഖം പങ്കുവച്ചു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നല്‍കട്ടെ, അദ്ദേഹം ഇന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് മടങ്ങി.

പ്രിന്‍സ് അല്‍വലീദിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നലെ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച വരെയാണ് ചടങ്ങുകള്‍ നടക്കുക. പുരുഷന്മാര്‍ക്കുള്ള പ്രാര്‍ഥന ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അസ്ര് നമസ്‌കാരത്തിന് ശേഷവും സ്ത്രീകള്‍ക്കുള്ള പ്രാര്‍ഥന കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ദുഹ്ര്‍ നമസ്‌കാരത്തിന് ശേഷവും നടക്കും. അനുശോചന ചടങ്ങുകള്‍ പുരുഷന്മാര്‍ക്കായി അല്‍-ഫാഖിരിയയിലെ പ്രിന്‍സ് അല്‍-വലീദ് ബിന്‍ തലാലിന്റെ കൊട്ടാരത്തിലും, സ്ത്രീകള്‍ക്കായി മഗ് രിബ് നമസ്‌കാരത്തിന് ശേഷം അല്‍ ഫാഖിരിയ കൊട്ടാരത്തിലും പ്രിന്‍സ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് കൊട്ടാരത്തിലും ഒരുക്കിയിട്ടുണ്ട്.

ഇസ്ലാമിലെ ഏറ്റവും പുണ്യദിനങ്ങളില്‍ റമസാനിലെ അവസാന രാവുകള്‍ മുതല്‍ പെരുന്നാള്‍ ദിവസങ്ങള്‍ വരെ പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ തന്റെ മകനുവേണ്ടി പ്രാര്‍ഥിക്കുന്നത് ഒരിക്കലും നിര്‍ത്തിയിരുന്നില്ല. റമസാനിലെ 29-ാം രാവില്‍ തഹജ്ജുദ് നമസ്‌കാരത്തിന്റെ നിശ്ശബ്ദതയിലായാലും പെരുന്നാളിലെ കുടുംബ സന്ദര്‍ശനങ്ങളിലായാലും ദുഃഖിതനായ ഈ പിതാവ് ഉറച്ച വിശ്വാസത്തോടെ തന്റെ പ്രിയപുത്രന് സുഖം പ്രാപിക്കാന്‍ വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചിരുന്നു.

Tags:    

Similar News