വീണ്ടും രാഷ്ട്രീയ നിയമന നീക്കം! ഗസ്റ്റ് അധ്യാപക നിയമനത്തിലെ ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാനായി ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന്‍; പാര്‍ട്ടി സഖാക്കളെ തിരുകി കയറ്റാനെന്ന് ആക്ഷേപം; ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി

ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി

Update: 2024-10-01 10:34 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല സിപിഎം നിയന്ത്രണത്തില്‍ ആയിട്ട് കാലം കുറച്ചായി. സിപിഎമ്മിന്റെ ഇഷ്ടക്കാരെ നിയമിക്കാനുള്ള ഇടമായി മാറിയ യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കുറച്ചായി ഇടപെടല്‍ നടത്തുന്നത്. എന്നാല്‍ ഗവര്‍ണറെയും വെല്ലുവിളിച്ചു കൊണ്ടാണ് സിപിഎം മുന്നോട്ടു പോകുന്നത്.

കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച നാലുവര്‍ഷ ബിരുദ കോഴ്സില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസ്സര്‍) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യുബോര്‍ഡിന്റെ ചെയര്‍മാനായി നിയമച്ചിരിക്കുന്നത് സിപിഎം നേതാവിനെയാണ്. നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതിയുമായി രംഗത്തുവന്നു. സിന്‍ഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ.എസ്. ഷിജുഖാനെ ഇന്‍ര്‍വ്യൂബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്. ഇതിനെതിരെ ഗവര്‍ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് യു.ജി.സി. ചട്ടപ്രകാരം വി.സി. നിര്‍ദ്ദേശിച്ച സിന്‍ഡിക്കേറ്റ് അംഗവും സി.പി.എം. അധ്യാപക സംഘടന അംഗവുമായ സീനിയര്‍ വനിതാ പ്രൊഫസ്സറെ ഒഴിവാക്കി ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായി തീരുമാനിച്ചത്. ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ഏതാനും അധ്യാപകരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളായും നിശ്ചയിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ നിയമനത്തിനുള്ള വഴിയാണെന്നാണ് ആരോപണം.

യു.ജി.സി. നിബന്ധന പ്രകാരം വിസിയോ 10 വര്‍ഷം പ്രൊഫസ്സര്‍ പദവിയിലുള്ള വി.സി. ചുമതലപ്പെടുത്തുന്ന അധ്യാപകനോ ആയിരിക്കണം ഇന്‍ര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യു.ജി.സി. വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ വി.സിക്ക് പകരം പി.വി.സിയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുക. എന്നാല്‍, ഇപ്പോള്‍ പി.വി.സി പദവി ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് വി.സിയോ വി.സി. ചുമതലപെടുത്തുന്ന സീനിയര്‍ പ്രൊഫസറോ സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ അധ്യക്ഷത വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സര്‍വകലാശാലയില്‍ ഡി.വൈ.എഫ്.ഐ. നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അനധ്യാപകരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കുന്നത് യു.ജി.സി. വിലക്കിയിട്ടുമുണ്ട്.

അതേസമയം യാതൊരു അധ്യാപന പരിചയം പോലുമില്ലാത്ത ഒരാളാണ് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തലപ്പത്തുള്ളത്. ഇത് തീര്‍ത്തും വിരോധാഭാസമാണ്. യാതൊരു അധ്യാപന പരിചയമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. രാഷ്ട്രീയം നോക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

ഗസ്റ്റ് അധ്യാപക നിയമനത്തിന് 500-ഓളം പേരാണ് അപേക്ഷകരായുള്ളത്. നിയമിക്കപ്പെടുന്നവര്‍ക്ക് പുതിയ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബാച്ച് പൂര്‍ത്തിയാകുന്നതുവരെ തുടരാനാവും. ഗസ്റ്റ് അധ്യാപക പരിചയം ഭാവിയില്‍ റെഗുലര്‍ നിയമനത്തിനുള്ള മുന്‍പരിചയമായി കണക്കിലെടുക്കാനുമാവും. ഇപ്പോള്‍ 12 ഒഴിവുകളിലേക്കാണ് നിയമനമെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ 50 ഓളം പേരെ നിയമിക്കേണ്ടിവരും.

കേരള സര്‍വകലാശാല കാമ്പസില്‍ നേരിട്ട് നടത്തുന്ന ബിരുദ കോഴ്സിന്റെ പരീക്ഷകളുടെ നടത്തിപ്പിന്റെയും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെയും ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന്റെയും മൂല്യനിര്‍ണയത്തിന്റെയും പൂര്‍ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കായതുകൊണ്ട്, തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡി.വൈ.എഫ്.ഐ നേതാവിനെ തന്നെ ചെയര്‍മാനായി നിയമിച്ചതിനു പിന്നിലെന്ന് കമ്മിറ്റി ആരോപിച്ചു. യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപക സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും, യു.ജി.സി. വ്യവസ്ഥ പ്രകാരം കമ്മിറ്റി രൂപീകരിക്കാന്‍ വി.സിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം.

Tags:    

Similar News